കട്ടിലിനടിയിൽ തുണിയ്‌ക്കകത്ത് കൈപ്പത്തി; മൃതദേഹം കുഴിച്ചിട്ട് പപ്പായച്ചെടി വെട്ടിയിട്ടു; പ്രിയംവദയെ കൊന്നത് പണമിടപാട് വിഷയത്തിൽ| thiruvananthapuram vellarada piyamvadha murder more details out
Last Updated:
കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്
തിരുവനന്തപുരം: അയല്‍വാസിയായ വീട്ടമ്മയെ യുവാവ് കൊലപ്പെടുത്തി വീടിനരികില്‍ കുഴിച്ചിട്ട സംഭവത്തില്‍ കൂടുതൽ വിവരങ്ങൾ പുറത്ത്. പനച്ചമൂട് പഞ്ചാക്കുഴി മാവുവിള വീട്ടില്‍ പ്രിയംവദ (48) കൊല്ലപ്പെട്ട സംഭവത്തില്‍ മാവുവിള വി എസ് ഭവനില്‍ വിനോദാണ്(46) അറസ്റ്റിലായത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചതിന് വിനോദിന്റെ സഹോദരന്‍ ചെങ്കല്‍ വട്ടവിള സ്വദേശി സന്തോഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് വിനോദ് പ്രിയംവദയെ കൊലപ്പെടുത്തിയത്. ഞായറാഴ്ച രാവിലെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
കശുവണ്ടി ഫാക്ടറി തൊഴിലാളിയായ പ്രിയംവദയെ ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ചതാണ്. പിന്നീട് രണ്ടു പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞതോടെ ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ സിന്ധു വിദേശത്തുള്ള വിനോദും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. വിനോദിന്റെ മക്കള്‍ സിന്ധുവിന്റെ അമ്മ സരസ്വതിക്കൊപ്പം അടുത്തുള്ള മറ്റൊരു വീട്ടിലാണ് താമസം.
വിനോദും പ്രിയംവദയുമായി പണമിടപാടുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ഇവര്‍ തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നു. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവെച്ച് പ്രിയംവദയെ തടഞ്ഞുനിര്‍ത്തി വിനോദ് പണം ചോദിച്ചു. വാക്കേറ്റത്തിനിടെ ഇയാള്‍ പ്രിയംവദയെ മര്‍ദിച്ചു. ബോധരഹിതയായ പ്രിയംവദയെ വലിച്ചിഴച്ച് തന്റെ വീടിനകത്തെത്തിച്ചു. പിന്നീട് ബോധംവന്നപ്പോള്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം തുണികൊണ്ടുമൂടി കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ സൂക്ഷിച്ചു.
വീടിനടുത്ത് ദുര്‍ഗന്ധം വമിച്ചപ്പോള്‍ എലിയോ മറ്റോ ചത്തതായിരിക്കുമെന്നാണു വിനോദിന്റെ ഭാര്യാമാതാവ് സരസ്വതി വിചാരിച്ചത്. വിനോദിന്റെ മകളെയുംകൂട്ടി വീടിന്റെ പരിസരത്തൊക്കെ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഈ സമയം വിനോദ് അവിടെയില്ലായിരുന്നു. കതക് തുറന്നു നോക്കിയപ്പോള്‍ മുറിയിലെ കട്ടിലിനടിയില്‍ തുണികൊണ്ട് എന്തോ മൂടിയിട്ടിരിക്കുന്നു. അടുത്തു ചെന്ന് നോക്കിയപ്പോഴാണ് തുണിക്കിടയിലൂടെ കൈപ്പത്തി കണ്ടത്. ഭയന്നു വിറച്ച ഇരുവരും തിരിച്ചോടി. ആ രാത്രി ഇരുവരും ഭീതിയോടെയാണ് കഴിച്ചുകൂട്ടിയത്. ഇതിനിടയില്‍ വിനോദ് വീട്ടിലെത്തി. ഭാര്യാമാതാവും മകളും വീടിനകത്തു കയറിയത് ഇയാള്‍ അറിഞ്ഞിരുന്നില്ല.
അര്‍ധരാത്രിയോടെ മൃതദേഹം കുഴിയിലിട്ട് മൂടി സമീപത്തുനിന്ന് കുറച്ച് മണ്ണും വാരിയിട്ടു. അതിനു മുകളില്‍ അടുത്തുണ്ടായിരുന്ന പപ്പായ ചെടികളും വെട്ടിയിട്ടു. വീട് കഴുകാനും മണ്ണിട്ടു മൂടാനും സഹോദരനും സഹായിച്ചു. പിറ്റേദിവസം രാവിലെ പനച്ചമൂട് ചന്തയ്ക്ക് സമീപത്തുള്ള പള്ളി വികാരിയെ കണ്ട് സരസ്വതിയും കൊച്ചുമകളും വിവരങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് വികാരിയും പള്ളി ഭാരവാഹിയും ചേര്‍ന്ന് വെള്ളറട പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തിയപ്പോള്‍ വിനോദും സഹോദരനും വീട്ടിലെ മുറികള്‍ കഴുകി വൃത്തിയാക്കുകയായിരുന്നു. പിന്നീടുള്ള ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊലപാതകത്തിനുശേഷം പലതവണ ബന്ധുക്കളോടു വിനോദ് പ്രിയംവദയെക്കുറിച്ച് അന്വേഷിച്ചിരുന്നു. ജോലിക്കു പോയശേഷം തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് സഹോദരിയുടെ മകന്‍ ബിജു, പ്രിയംവദയുടെ രണ്ടു മക്കളെയും വിവരമറിയിച്ചിരുന്നു. എന്നാല്‍ പ്രിയംവദയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തമിഴ്നാട് ടവര്‍ ലൊക്കേഷനില്‍ നിന്നുള്ള വിവരങ്ങളാണ് ലഭിച്ചത്. വെള്ളിയാഴ്ച രാവിലെ ബിജുവിനോട് പ്രിയംവദയെ കണ്ടെത്തിയോയെന്ന് വിനോദ് അന്വേഷിച്ചു. ഞായറാഴ്ച രാവിലെയും പ്രിയംവദയെ കുറിച്ച് ഇയാള്‍ ബിജുവിനോട് തിരക്കി. എവിടെയെങ്കിലും പോയിരിക്കാമെന്നും വരുമെന്നും വിനോദ് പറഞ്ഞതായി ബിജു പറഞ്ഞു.
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
June 16, 2025 10:21 AM IST
കട്ടിലിനടിയിൽ തുണിയ്‌ക്കകത്ത് കൈപ്പത്തി; മൃതദേഹം കുഴിച്ചിട്ട് പപ്പായച്ചെടി വെട്ടിയിട്ടു; പ്രിയംവദയെ കൊന്നത് പണമിടപാട് വിഷയത്തിൽ