‘നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചത് ആശ്വാസജനകം; കാന്തപുരത്തിന് അഭിനന്ദനം’: മുഖ്യമന്ത്രി | Pinarayi Vijayan welcomes postponement of Nimisha Priya’s execution
Last Updated:
മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു
തിരുവനന്തപുരം: യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെയും മുഖ്യമന്ത്രി പ്രശംസിച്ചു. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്ന വിവരം ആശ്വാസജനകവും പ്രതീക്ഷാനിർഭരവുമാണ്. ശിക്ഷാവിധിയിൽ നിന്ന് മുക്തി നേടാനുള്ള കൂടുതൽ സമയമാണ് ഇതിലൂടെ നിമിഷയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് ശ്രീ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ മുൻകൈയും ഇടപെടലും ആണ്. മനുഷ്യത്വവും സാഹോദര്യവും തുളുമ്പുന്ന സുമനസ്സുകളുടെ അക്ഷീണപ്രയത്നത്തിന്റെ ഫലമാണ് ഈ തീരുമാനം. ശ്രീ കാന്തപുരത്തെയും നിമിഷപ്രിയയ്ക്ക് നീതി ലഭിക്കുന്നതിന് വേണ്ടി പരിശ്രമിക്കുന്ന ആക്ഷൻ കൗൺസിൽ ഉൾപ്പെടെയുള്ള എല്ലാവരെയും അഭിനന്ദിക്കുന്നു. എല്ലാവരുടെയും പ്രതീക്ഷയും ശ്രമങ്ങളും എത്രയും വേഗം പൂർണ്ണവിജയത്തിൽ എത്തട്ടെ എന്ന് ആഗ്രഹിക്കുന്നു.
നിമിഷപ്രിയയുടെ ശിക്ഷാവിധി നാളെ നടപ്പിലാക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വധശിക്ഷ മാറ്റി വയ്ക്കുന്നതുമായി ബന്ധപ്പെട്ട് യെമനിലെ പ്രമുഖ സൂഫി വര്യൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുക്കളുമായി ചർച്ച നടത്തിയിരുന്നു. തലാലിന്റെ നാടായ ദമാറിലാണ് ചർച്ച നടന്നത്. കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം യെമൻ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി ശിക്ഷാ നടപടി മാറ്റിവക്കാനായടി നടത്തിയ അടിയന്തര ഇടപെടലാണ് ഫലം കണ്ടത്.
Thiruvananthapuram,Kerala
July 15, 2025 7:21 PM IST
‘നിമിഷ പ്രിയയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചത് ആശ്വാസജനകം; കാന്തപുരത്തിന് അഭിനന്ദനം’: മുഖ്യമന്ത്രി