Virat Kohli| ഔട്ടായി ഡ്രസിങ് റൂമിലേക്ക് നടക്കവെ വിരാട് കോഹ്ലിയെ കൂവിവിളിച്ച് ഓസ്ട്രേലിയൻ കാണികൾ; തിരികെ വന്ന് തുറിച്ചുനോക്കി താരം| Virat Kohli Nearly Gets Into An Argument With australian fans After Being Taunted during the Melbourne Test
Last Updated:
കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു മുമ്പുതന്നെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍വന്ന് കോഹ്ലിയെ ശാന്തനാക്കി കൊണ്ടുപോയി
മെല്‍ബണ്‍: ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് മെൽബണിൽ പുരോഗമിക്കുന്നതിനിടെ ഗ്രൗണ്ടിലും പുറത്തും നാടകീയ രംഗങ്ങൾ. രണ്ടിലും പ്രധാന കഥാപാത്രം വിരാട് കോഹ്ലി തന്നെ. മെല്‍ബണ്‍ ടെസ്റ്റിനിടെ കോഹ്ലിയും ഓസീസ് കാണികളും വീണ്ടും നേര്‍ക്കുനേര്‍ പോരടിച്ചിരിക്കുകയാണ്. മെല്‍ബണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനമായിരുന്നു സംഭവം.
യശസ്വി ജയ്‌സ്വാളിനൊപ്പം മികച്ച കൂട്ടുകെട്ടില്‍ പങ്കാളിയായിരുന്നു കോഹ്ലി. എന്നാല്‍ ജയ്‌സ്വാളിന്റെ റണ്ണൗട്ടിന് പിന്നാലെ കോഹ്ലിയെ സ്‌കോട്ട് ബോളണ്ട് പുറത്താക്കി. 86 പന്തില്‍ നിന്ന് നാല് ഫോറടക്കം 36 റണ്‍സെടുത്താണ് കോഹ്ലി പുറത്തായത്. തുടര്‍ന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയ കോഹ്ലിയെ ടണലില്‍വെച്ച് ഒരു വിഭാഗം ഓസീസ് കാണികള്‍ കൂവിവിളിക്കുകയും ആക്രോശിക്കുകയുമായിരുന്നു.
ഇതോടെ പ്രകോപിതനായ കോഹ്ലി ടണലില്‍ പ്രവേശിച്ച ശേഷം തിരികെയെത്തി തന്നെ പരിഹസിച്ചവര്‍ക്കു നേരെ തുറിച്ചുനോക്കുകയായിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നതിനു മുമ്പുതന്നെ സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍വന്ന് കോഹ്ലിയെ ശാന്തനാക്കി ടണലിലേക്ക് കൊണ്ടുപോയി.
നേരത്തേ ടെസ്റ്റിന്റെ ആദ്യ ദിനം അരങ്ങേറ്റക്കാരനായ ഓസ്ട്രേലിയന്‍ ബാറ്റര്‍ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവം കാരണം തന്നെ കോഹ്ലി ഓസീസ് ആരാധകരുടെ നോട്ടപ്പുള്ളിയായിരുന്നു. ഈ സംഭവത്തില്‍ കോഹ്ലിക്ക് മാച്ച് ഫീയുടെ 20 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയന്റും ലഭിച്ചിരുന്നു. ഒന്നാം ദിനം പത്താം ഓവറില്‍ ക്രീസ് മാറുന്നതിനിടെയാണ് കോഹ്ലി കോണ്‍സ്റ്റാസിന്റെ ചുമലില്‍ വന്നിടിച്ചത്. ഓസീസ് താരം ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും സമാധാനിപ്പിച്ചത്.
സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കോഹ്ലിക്കെതിരേ മുന്‍ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ രണ്ടാം ദിനത്തിലും കോഹ്ലി പ്രകോപിതനായിരിക്കുന്നത്.
കോഹ്ലിയും ഓസ്ട്രേലിയൻ കാണികളും നേർക്കുനേർ പോരടിക്കുന്നത് ഇതാദ്യമല്ല. കരിയറിലെ ആദ്യ ഓസ്‌ട്രേലിയന്‍ പര്യടനം തൊട്ടുതന്നെ ഓസീസ് കാണികളുമായി വാക്കുകള്‍കൊണ്ടും ആംഗ്യങ്ങള്‍ കൊണ്ടും ഏറ്റുമുട്ടുന്നത് കോഹ്ലിയുടെ പതിവായിരുന്നു. 2012ല്‍ സിഡ്‌നിയില്‍ കാണികള്‍ക്കു നേരേ കോഹ്ലി നടുവിരല്‍ ഉയര്‍ത്തിക്കാട്ടിയ സംഭവം ഏറെ വിവാദമായിരുന്നു.
New Delhi,New Delhi,Delhi
December 27, 2024 6:01 PM IST
Virat Kohli| ഔട്ടായി ഡ്രസിങ് റൂമിലേക്ക് നടക്കവെ വിരാട് കോഹ്ലിയെ കൂവിവിളിച്ച് ഓസ്ട്രേലിയൻ കാണികൾ; തിരികെ വന്ന് തുറിച്ചുനോക്കി താരം