Leading News Portal in Kerala

ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന ഭര്‍ത്താവില്‍ നിന്ന് 2.6 കോടി രൂപ ലഭിച്ചതായി അന്വേഷണ ഏജന്‍സി|IPS officer received Rs 2 6 crore from husband under investigation in money laundering case says investigating agency


Last Updated:

2017നും 2018നും ഇടയില്‍ 90 ദിവസം കൊണ്ടാണ് ഇത്രയും പണം രശ്മിയുടെ അക്കൗണ്ടിലെത്തിയത്

News18News18
News18

ഐപിഎസ് ഉദ്യോഗസ്ഥ രശ്മി കരണ്ടികറിന്റെ അക്കൗണ്ടിലേക്ക് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന ഭര്‍ത്താവിന്റെ പക്കൽ നിന്ന് 2.6 കോടി രൂപ ലഭിച്ചതായി അന്വേഷണ ഏജന്‍സിയായ ഇക്കണോമിക് ഒഫന്‍സസ് വിംഗ് അറിയിച്ചു. രശ്മിയുടെ ഭര്‍ത്താവ് പുരുഷോത്തം ചവാനെതിരേ വഞ്ചന, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റങ്ങൾക്ക് കേസുകള്‍ എടുത്തിട്ടുണ്ട്. ഈ പണം രശ്മി ഓഹരി വിപണിയില്‍ നിക്ഷേപിച്ചെങ്കിലും നഷ്ടപ്പെട്ടതായി അന്വേഷണ സംഘം അറിയിച്ചു.

രശ്മി തന്റെ സ്വത്തുവകകളുടെ കൂടെ ഈ തുക ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നതില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന്(ഡിജിപി) ഇഒഡബ്ല്യു കത്തെഴുതിയിട്ടുണ്ട്. 2017നും 2018നും ഇടയില്‍ 90 ദിവസം കൊണ്ടാണ് ഇത്രയും പണം രശ്മിയുടെ അക്കൗണ്ടിലെത്തിയത്. രശ്മിയുടെ പേര് പോലീസ് പ്രതി പട്ടികയില്‍ ചേര്‍ത്തിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, വിഷയത്തില്‍ പ്രതികരിക്കാന്‍ രശ്മി തയ്യാറായില്ല.

മുംബൈ, പൂനെ, താനെ എന്നീ നഗരങ്ങളില്‍ ഇളവുകളോടെ സര്‍ക്കാര്‍ ക്വോട്ടയില്‍ ഫ്‌ളാറ്റുകള്‍ നല്‍കാമെന്ന് പറഞ്ഞ് 20 പേരുടെ പക്കല്‍ നിന്ന് 24.78 കോടി തട്ടിയെടുത്ത കേസില്‍ ചവാനും മറ്റ് 11 പേര്‍ക്കുമെതിരേ ഈ വര്‍ഷം ഫെബ്രുവരിയില്‍ രണ്ട് എഫ്‌ഐആര്‍ രജിസ്റ്റിര്‍ ചെയ്തിരുന്നു. ഫ്‌ളാറ്റുകള്‍ വാഗ്ദാനം ചെയ്യുന്നതിനായി ചവാന്‍ തന്റെ സ്വാധീനം ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. ഭിവാന്‍ഡി, പൂനെ, പന്‍വേല്‍, സെവാരി എന്നിവടങ്ങളിലെ ഫ്‌ളാറ്റുകളും സര്‍ക്കാര്‍ ഭൂമിയും നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ചവാന്‍ ഇരകളില്‍ നിന്ന് പണം വാങ്ങിയത്. ബോംബെ തുറമുഖ ട്രസ്റ്റിന്റെ ഭൂമിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഈ കേസുകള്‍ക്ക് പുറമെ 263 കോടി രൂപയുടെ ആദായനികുതി റീഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ചവാനെതിരേ പ്രത്യേകം അന്വേഷണം നടത്തുന്നുണ്ട്. ”പണം രശ്മിയുടെ അക്കൗണ്ടിലേക്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ഇത് തിരിച്ചെടുത്തിട്ടില്ല. എന്നാല്‍, അന്വേഷണത്തിനായി അവര്‍ ഇതുവരെയും ഹാജരായിട്ടില്ല, മെഡിക്കല്‍ ലീവിലാണുള്ളത്,” ഇഒഡബ്ല്യു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ബാന്ദ്ര കുടുംബ കോടതിയില്‍ രശ്മി വിവാഹമോചനത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് അവരുടെ അടുത്ത സഹപ്രവര്‍ത്തകര്‍ പറഞ്ഞു. മാനസിക പീഡനം, സാമ്പത്തിക പീഡനം, കുടുംബജീവിതത്തിലെ പൊരുത്തക്കേടുകള്‍, ഭര്‍ത്താവിന്റെ ബൈപോളാര്‍ രോഗാവസ്ഥ എന്നിവയെല്ലാം ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന ഹര്‍ജി നല്‍കിയിരിക്കുന്നത്.

രശ്മി ഔദ്യോഗിക വസതി ഒഴിഞ്ഞതായും എന്നാല്‍ ഇക്കാര്യം പോലീസ് ആസ്ഥാനത്ത് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/

ഐപിഎസ് ഉദ്യോഗസ്ഥയ്ക്ക് കള്ളപ്പണക്കേസില്‍ അന്വേഷണം നേരിടുന്ന ഭര്‍ത്താവില്‍ നിന്ന് 2.6 കോടി രൂപ ലഭിച്ചതായി അന്വേഷണ ഏജന്‍സി