India vs Australia 4th test: അരങ്ങേറ്റക്കാരനായ സാം കോണ്‍സ്റ്റാസിനെ ചമുലുകൊണ്ട് ഇടിച്ചു; വിരാട് കോഹ്ലിക്ക് പിഴ| india vs australia 4th test day 1 Virat Kohli Fined 20 Percent Match Fee And Given A Demerit Point For Bumping Into Sam Konstas
Last Updated:
ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനമാണ് കോഹ്ലിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി
മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യദിനം അരങ്ങേറ്റക്കാരനായ ഓസ്‌ട്രേലിയന്‍ ബാറ്റര്‍ 19കാരനായ സാം കോണ്‍സ്റ്റാസിനെ ചുമലുകൊണ്ട് ഇടിച്ച സംഭവത്തില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്ലിക്ക് പിഴ ശിക്ഷ. മാച്ച് ഫീയുടെ 20 ശതമാനമാണ് കോഹ്ലിക്ക് പിഴയായി വിധിച്ചിരിക്കുന്നത്. മത്സര വിലക്ക് ലഭിച്ചേക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ശിക്ഷ പിഴയില്‍ ഒതുങ്ങുകയായിരുന്നു.
സംഭവത്തിൽ കോഹ്ലിക്ക് ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. ഐസിസി പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ 1 ലംഘനമാണ് കോഹ്ലിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് ഐസിസി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റ് നിര്‍ദേശിച്ച ശിക്ഷ കോഹ്ലി അംഗീകരിക്കുകയായിരുന്നു. ഓണ്‍-ഫീല്‍ഡ് അമ്പയര്‍മാരായ ജോയല്‍ വില്‍സണ്‍, മൈക്കല്‍ ഗോഫ് എന്നിവരും തേര്‍ഡ് അമ്പയര്‍ ഷര്‍ഫുദ്ദൗല ഇബ്നെ ഷാഹിദും നാലാം അമ്പയര്‍ ഷോണ്‍ ക്രെയ്ഗും സംഭവത്തില്‍ കോഹ്ലി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.
ആദ്യ സെഷനിടെയായിരുന്നു സംഭവം. പത്താം ഓവറില്‍ ക്രീസ് മാറുന്നതിനിടെയാണ് കോഹ്ലി കോണ്‍സ്റ്റാസിന്റെ ചുമലില്‍ വന്നിടിച്ചത്. ഓസീസ് താരം ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ ഉസ്മാന്‍ ഖവാജയും അമ്പയര്‍മാരും ചേര്‍ന്നാണ് ഇരുവരെയും സമാധാനിപ്പിച്ചത്. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ കോഹ്ലിക്കെതിരേ മുൻ ഇന്ത്യൻ താരങ്ങളടക്കം രംഗത്തെത്തിയിരുന്നു.
ജസ്പ്രീത് ബുംറയെ അടക്കം കടന്നാക്രമിച്ച് കോണ്‍സ്റ്റാസ് തകര്‍ത്തുകളിക്കുന്നതിനിടെ താരത്തെ പ്രകോപിപ്പിച്ച് ഏകാഗ്രത നഷ്ടപ്പെടുത്താനായിരുന്നു കോഹ്ലിയുടെ ശ്രമം. എന്നാല്‍ കളിയിൽ ഇതൊക്കെ സാധാരണമാണെന്നും ഇത് അത്ര കാര്യമാക്കേണ്ടതില്ലെന്നുമായിരുന്നു ആദ്യ ദിനത്തിലെ മത്സര ശേഷം കോണ്‍സ്റ്റാസ് പ്രതികരിച്ചത്.
ഒന്നാം ഇന്നിങ്‌സില്‍ 65 പന്തില്‍ 2 സിക്‌സുകളും ആറു ഫോറുമടക്കം 60 റണ്‍സെടുത്താണ് താരം മടങ്ങിയത്. ഓസ്‌ട്രേലിയയ്ക്കായി അരങ്ങേറ്റ മത്സരത്തിനിറങ്ങിയ താരത്തിന് വെറും 19 വയസും 85 ദിവസവും മാത്രമാണ് പ്രായം. ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരമാണ് കോണ്‍സ്റ്റാസ്.
ഒന്നാം ദിവസം മത്സരം അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 311റൺസ് എന്നനിലയിലാണ് ഓസീസ്. അരങ്ങേറ്റ ടെസ്റ്റിൽ അർധ സെഞ്ചുറി നേടിയ സാം കോൺസ്റ്റാസിന്റെയും ഉസ്മാൻ ഖവാജയുടെയും ലെബുഷെയ്ന്റെയും സ്റ്റീവ് സ്മിത്തിന്റേയും ഇന്നിങ്‌സാണ് ഓസ്‌ട്രേലിയയുടെ സ്കോർ 300 കടത്തിയത്. സാം കോൺസ്റ്റാസ് 60 റൺസും ഖവാജ 57 ഉം ലെബുഷെയ്ൻ 72 ഉം സ്മിത്ത് 68 റൺസും നേടി. ഫോമിലുള്ള ട്രാവിസ് ഹെഡിനെ പൂജ്യത്തിൽ പുറത്താക്കിയതടക്കം ഇന്ത്യയ്ക്കായി ബുംറ മൂന്ന് വിക്കറ്റ് വീഴ്ത്തി. സ്മിത്തും എട്ടു റൺസുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ക്രീസിൽ.
New Delhi,New Delhi,Delhi
December 26, 2024 6:36 PM IST