Leading News Portal in Kerala

കുടിയന്മാർ പേടിക്കണ്ട! ബെവ്‌കോ വരുമാനം ഇരട്ടിയാക്കാന്‍ പുതിയ തന്ത്രം|Bevco explores advertising route to generate more revenue


Last Updated:

രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പ്രതിദിനം ബെവ്‌കോയിലെത്തുന്നത്

News18News18
News18

തിരുവനന്തപുരം: വരുമാനം വര്‍ധിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍ (ബെവ്‌കോ). സംസ്ഥാനത്ത് ചില്ലറ മദ്യവില്‍പ്പന നടത്തുന്ന സ്ഥാപനമാണ് ബെവ്‌കോ. പരസ്യങ്ങളിലൂടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് ബെവ്‌കോ ഇപ്പോള്‍ തേടുന്നത്.

ഇതിന്റെ ഭാഗമായി ബെവ്‌കോയില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലിന്റെ പിന്‍വശത്ത് പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനും ഔട്ട്‌ലെറ്റുകളില്‍ എല്‍ഇഡി ഡിസ്‌പ്ലേ ഭിത്തികള്‍ സ്ഥാപിക്കാനും അധികൃതര്‍ പദ്ധതിയിടുന്നു. രണ്ട് ലക്ഷത്തിലധികം ഉപഭോക്താക്കളാണ് പ്രതിദിനം ബെവ്‌കോയിലെത്തുന്നത്.

പരസ്യം ചെയ്യാന്‍ താല്‍പ്പര്യമുള്ള ഏജന്‍സികളില്‍ നിന്നും ഇതിനകം അഭ്യര്‍ത്ഥനകള്‍ ക്ഷണിച്ചിട്ടുണ്ട്. അഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന ഏപ്രില്‍ മാസത്തോടെ പൂര്‍ത്തിയാക്കി പരസ്യദാതാക്കളെ തെരഞ്ഞെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

” നമുക്ക് സംസ്ഥാനത്ത് 282 ഔട്ട്‌ലെറ്റുകളാണുള്ളത്. ഇവിടങ്ങളില്‍ നിന്ന് പ്രതിമാസം ശരാശരി 60 ലക്ഷം ഇന്‍വോയ്‌സുകളാണ് സൃഷ്ടിക്കപ്പെടുന്നത്. ബില്ലിംഗ് ചെലവ് നിയന്ത്രിക്കാന്‍ പരസ്യങ്ങളിലൂടെയുള്ള വരുമാനം ഞങ്ങളെ സഹായിക്കും,” ബെവ്‌കോയുടെ ചെയര്‍പേഴ്‌സണും എംഡിയുമായ ഹര്‍ഷിത അട്ടല്ലൂരി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഇന്‍വോയ്‌സ് 55 ജിഎസ്എം സിംഗിള്‍-കളര്‍ തെര്‍മല്‍ പേപ്പറിലാണ് അച്ചടിക്കുന്നത്. അതിന്റെ മറുവശമാണ് പരസ്യത്തിനായി വിട്ടുനല്‍കുന്നത്. മദ്യമുള്‍പ്പെടെ അഭികാമ്യമല്ലാത്ത മറ്റ് സാധനങ്ങളുടെയും സേവനങ്ങളുടെയും പരസ്യങ്ങള്‍ അനുവദിക്കുകയില്ലെന്നും ഹര്‍ഷിത അട്ടല്ലൂരി കൂട്ടിച്ചേര്‍ത്തു.

എല്‍ഇഡി ഡിസ്‌പ്ലേ വാളുകള്‍ സ്ഥാപിക്കുന്ന പദ്ധതി പ്രാരംഭഘട്ടത്തിലാണെന്നും ഡിസ്‌പ്ലേ ഭിത്തികളില്‍ നിയമപ്രകാരമുള്ള മുന്നറിയിപ്പ് ഉപഭോക്താക്കള്‍ക്കുള്ള സേവന വിവരങ്ങള്‍ എന്നിവയുള്‍പ്പെടുത്തുമെന്നും ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. സൗകര്യമുള്ള ഔട്ട്‌ലെറ്റുകളിലാണ് എല്‍ഇഡി ഡിസ്‌പ്ലേ സ്ഥാപിക്കുകയെന്നും ബെവ്‌കോ എംഡി പറഞ്ഞു.

അതേസമയം വിമാനത്താവളങ്ങളിലെ ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ മാതൃകയില്‍ ബെവ്‌കോയുടെ ആദ്യത്തെ സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് അടുത്ത മാസം തൃശൂരിലെ മനോരമ ജംഗ്ഷനില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ എറണാകുളത്തെ വൈറ്റില, വടക്കേക്കോട്ട മെട്രോ സ്റ്റേഷന്‍ കോഴിക്കോട് ജില്ലയിലെ ഗോകുലം മാള്‍ എന്നിവിടങ്ങളിലാണ് ഔട്ട്‌ലെറ്റ് ആരംഭിക്കുക.

” ലോകോത്തര നിലവാരത്തിലുള്ള സൗകര്യം ഔട്ട്‌ലെറ്റിലൊരുക്കും. ഓരോ ജില്ലയിലും കുറഞ്ഞത് ഒരു സൂപ്പര്‍ പ്രീമിയം ഔട്ട്‌ലെറ്റ് തുറക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,” ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു.