വിയറ്റ്നാം യുദ്ധകാലത്തെ ‘നാപാം ഗേള്‍’ചിത്രത്തിൽ നിക്ക് ഊട്ടിന്റെ ക്രെഡിറ്റ് വേള്‍ഡ് പ്രസ് ഫോട്ടോ മാറ്റി|World Press photo Suspends Nick Ut’s credit in Vietnam War film ‘Napalm Girl’
ചിത്രം എടുത്ത ഫോട്ടോഗ്രാഫര്‍ ആരാണെന്ന കാര്യത്തില്‍ സംശയങ്ങള്‍ ഉയര്‍ന്നതോടെ ചിത്രത്തിന്റെ ക്രെഡിറ്റ് നീക്കാന്‍ വേൾഡ് പ്രസ് ഫോട്ടോ തീരുമാനിക്കുകയായിരുന്നു.
ലോകത്തിലെ ഏറ്റവും അഭിമാനകരമായ ഫോട്ടോ ജേണലിസം അവാര്‍ഡുകളില്‍ ഒന്ന് നല്‍കുന്ന സംഘടനയാണ് വേള്‍ഡ് പ്രസ് ഫോട്ടോ. യുഎസിന്റെ നാപാം ബോംബാക്രമണത്തില്‍ പൊള്ളലേറ്റ് നഗ്നയായി ഓടി പോകുന്ന ഒന്‍പത് വയസ്സുകാരി പെണ്‍കുട്ടിയുടെ ചിത്രമാണ് ‘നാപാം ഗേള്‍’. 1972-ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. അസോസിയേറ്റഡ് പ്രസ് (എപി) സ്റ്റാഫ് ഫോട്ടോഗ്രാഫറായ നിക്ക് ഊട്ടിന്റെ പേരിലാണ് ഈ ചിത്രം ലോക ശ്രദ്ധ നേടിയത്. 1973-ല്‍ വേള്‍ഡ് പ്രസ് ഫോട്ടോ പുരസ്‌കാരവും പുലിറ്റ്‌സര്‍ സമ്മാനവും അടക്കം ‘ദി ടെറര്‍ ഓഫ് വാര്‍’ എന്നറിയപ്പെടുന്ന ചിത്രം നേടിയിരുന്നു.
എന്നാല്‍, ജനുവരിയില്‍ നടന്ന സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ ‘ദി സ്ട്രിംഗര്‍’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിനു ശേഷമാണ് ‘നാപാം ഗേള്‍’ ചിത്രത്തിന്റെ ക്രെഡിറ്റ് നീക്കാന്‍ വേള്‍ഡ് പ്രസ് ഫോട്ടോ തീരുമാനിച്ചത്. ഇതോടെയാണ് ചിത്രത്തിന്റെ പകര്‍പ്പവകാശത്തില്‍ സംശയമുണര്‍ന്നത്. വിയറ്റ്‌നാമില്‍ യുഎസ് നടത്തിയ ആക്രമണങ്ങളെ കുറിച്ചുള്ള ആഗോള ധാരണകളെ മാറ്റാന്‍ സഹായിച്ച ചിത്രം നിക്ക് ഊട്ടിന്റേതല്ലെന്നും മറിച്ച് ഒരു പ്രാദേശിക ഫ്രീലാന്‍സ് ഫോട്ടോഗ്രാഫര്‍ എടുത്തതാണെന്നുമുള്ള അഭ്യൂഹങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് ഡോക്യുമെന്ററിയില്‍ വിവരിക്കുന്നത്.
ഇതേത്തുടര്‍ന്ന് ഫോട്ടോ യഥാര്‍ത്ഥത്തില്‍ ആരാണ് പകര്‍ത്തിയതെന്ന് കണ്ടെത്താന്‍ സ്വന്തമായി അന്വേഷണം നടത്താന്‍ വേള്‍ഡ് പ്രസ് ഫോട്ടോ തീരുമാനിക്കുകയായിരുന്നു. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ നടത്തിയ അന്വേഷണത്തില്‍ സ്ഥലം, ദൂരം, ആ ദിവസം ഉപയോഗിച്ച ക്യാമറ എന്നിവയുടെ വിശകലനത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് രണ്ട് ഫോട്ടോഗ്രാഫര്‍മാര്‍ ഫോട്ടോ എടുക്കാന്‍ നിക്ക് ഉട്ടിനേക്കാള്‍ മികച്ച സ്ഥാനത്ത് ആയിരിക്കാം നിന്നിട്ടുണ്ടാകുകയെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ കണ്ടെത്തി. ഇതോടെ ചിത്രത്തില്‍ നിന്നും നിക്ക് ഊട്ടിന്റെ ക്രെഡിറ്റ് താല്‍ക്കാലികമായി നീക്കുകയാണെന്നും വേള്‍ഡ് പ്രസ് ഫോട്ടോ പ്രസ്താവനയിലൂടെ അറിയിച്ചു.
1972 ജൂണ്‍ എട്ടിന് ട്രാങ് ബാങ് ഗ്രാമത്തില്‍ നടന്ന സംഭവത്തിന് സാക്ഷിയായ രണ്ട് ഫോട്ടോഗ്രാഫര്‍മാരുടെ പേരുകളാണ് വേള്‍ഡ് പ്രസ് ഫോട്ടോ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. നോയെന്‍ ടാന്‍ നെ, ഹുയെന്‍ കോങ് ഫുക് എന്നീ ഫോട്ടോഗ്രാഫര്‍മാരുടെ പേരുകളാണ് ‘നാപാം ഗേള്‍’ ചിത്രവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്നത്. ‘ദി സ്ട്രിംഗര്‍’ എന്ന ഡോക്യുമെന്ററിയില്‍ ‘നാപാം ഗേള്‍’ ചിത്രം തന്റേതാണെന്ന് നോയെന്‍ ടാന്‍ അതിന്റെ നിര്‍മാതാക്കളോട് പറയുന്നുണ്ട്.
ഫോട്ടോയുടെ ക്രെഡിറ്റ് നിക്ക് ഊട്ടിന് തന്നെ നല്‍കുമെന്നാണ് അസോസിയേറ്റ് പ്രസ് ഈ മാസം ആദ്യം അറിയിച്ചത്. ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്രെഡിറ്റ് സംബന്ധിച്ച അന്വേഷണം ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ടെന്ന് എപി സമ്മതിച്ചു. 50 വര്‍ഷം മുമ്പ് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി തെളിയിക്കാന്‍ കഴിയില്ലെന്ന് കണ്ടെത്തിയതായും എപി അറിയിച്ചു.
അതേസമയം, വിവാദങ്ങള്‍ക്ക് ശേഷവും ചിത്രം തന്റേത് തന്നെയാണെന്ന നിലപാടിലാണ് നിക്ക് ഊട്ട്. ഫെബ്രുവരിയിലെ ഒരു ഫേസ്ബുക്ക് പോസ്റ്റില്‍ ഊട്ട് ‘നാപാം ഗേള്‍’ ചിത്രം തന്റേതാണെന്ന് അവകാശപ്പെടുകയും മറിച്ചുള്ള അവകാശവാദങ്ങളെ ‘മുഖത്തേറ്റ അടി’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
‘നാപാം ഗേള്‍’ ചിത്രത്തിലെ ഒന്‍പതുകാരി പെണ്‍കുട്ടി കിം ഫുക് അന്ന് പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. ഇന്ന് അവര്‍ ഒരു കനേഡിയന്‍ പൗരയും യുദ്ധമുഖത്ത് കുട്ടികളായ ഇരകള്‍ക്ക് വേണ്ടി പോരാടുന്ന സാമൂഹിക പ്രവര്‍ത്തകയുമാണ്.
ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്യപ്പെടുന്നില്ലെന്ന് വേള്‍ഡ് പ്രസ് ഫോട്ടോ ഊന്നിപ്പറഞ്ഞു. വിയറ്റ്‌നാമിലും, അമേരിക്കയിലും, ആഗോളതലത്തിലും പ്രതിധ്വനിക്കുന്ന ചരിത്രത്തിലെ ഒരു യഥാര്‍ത്ഥ നിമിഷത്തെയാണ് ഈ ഫോട്ടോ പ്രതിനിധീകരിക്കുന്നത് എന്നതില്‍ സംശയമില്ലെന്നും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജൗമാന എല്‍ സെയ്ന്‍ ഖൗറി പറഞ്ഞു.
New Delhi,Delhi
May 17, 2025 12:45 PM IST
വിയറ്റ്നാം യുദ്ധകാലത്തെ ‘നാപാം ഗേള്‍’ചിത്രത്തിൽ നിക്ക് ഊട്ടിന്റെ ക്രെഡിറ്റ് വേള്‍ഡ് പ്രസ് ഫോട്ടോ മാറ്റി