ഉള്ളി വില കൂടുമോ? വിലയിടിവ് തടയാന്‍ കേന്ദ്രം 20 ശതമാനം കയറ്റുമതി തീരുവ പിന്‍വലിച്ചു The Centre withdrawn 20 percent export duty On Onion to prevent price decline
Last Updated:
2024 സെപ്റ്റംബര്‍ മുതല്‍ കയറ്റുമതി തീരുവ നിലവിലുണ്ട്
ഉള്ളിയുടെ വില കുറയുന്നതിനിടയില്‍ കര്‍ഷകരുടെ ലാഭം നിലനിര്‍ത്തുന്നതിനായി ഉള്ളിയുടെ 20 ശതമാനം കയറ്റുമതി തീരുവ സര്‍ക്കാര്‍ പിന്‍വലിച്ചു. ഉപഭോക്തൃകാര്യ വകുപ്പിന്റെ നിര്‍ദേശം പ്രകാരം ഇക്കാര്യം വ്യക്തമാക്കി റവന്യൂവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
”ഉപഭോക്താക്കള്‍ക്ക് ഉള്ളി കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനൊപ്പം കര്‍ഷകര്‍ക്ക് ആദായകരമായ വില ഉറപ്പാക്കുന്നതിനുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ മറ്റൊരു തെളിവാണ് ഈ തീരുമാനം,” കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം പറഞ്ഞു.
2024 സെപ്റ്റംബര്‍ മുതല്‍ കയറ്റുമതി തീരുവ നിലവിലുണ്ട്. കയറ്റുമതി നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ സാമ്പത്തിക വര്‍ഷം മാര്‍ച്ച് 18 വരെ മൊത്തം ഉള്ളി കയറ്റുമതി 11.7 ലക്ഷം ടണ്ണിലെത്തി.
2024 സെപ്റ്റംബറില്‍ പ്രതിമാസ ഉള്ളി കയറ്റുമതി അളവ് 72,000 ടണ്‍ ആയിരുന്നത് ഈ വര്‍ഷം ജനുവരിയില്‍ 1,85,000 ആയി വര്‍ധിച്ചു. വരവ് വര്‍ധിച്ചതിനാല്‍ ഉള്ളി പ്രധാനമായും കൃഷി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ വില കുറഞ്ഞിട്ടുണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ മൊത്ത വ്യാപാര വിപണികളായ മഹാരാഷ്ട്രയിലെ ലസല്‍ഗാവ്, പിമ്പാല്‍ഗാവ് എന്നിവടങ്ങളില്‍ മാര്‍ച്ച് 21ന് വില ക്വിന്റലിന് യഥാക്രമം 1330 രൂപയും 1225 രൂപയുമായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ രാജ്യമെമ്പാടും ഉള്ളിയുടെ ശരാശരി മാതൃക വില 39 ശതമാനം കുറഞ്ഞപ്പോള്‍ ചില്ലറ വില്‍പ്പന വില 10 ശതമാനവും കുറഞ്ഞതായി മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു.
ഈ വര്‍ഷത്തെ റാബി ഉള്ളി ഉത്പാദനം 22.7 മില്ല്യണ്‍ ടണ്‍ ആയിരിക്കുമെന്ന് കൃഷിമന്ത്രാലയം കണക്കാക്കുന്നു. മുന്‍ വര്‍ഷത്തേ 19.2 മില്ല്യണ്‍ ടണ്ണിനേക്കാള്‍ 18 ശതമാനം കൂടുതലായിരിക്കുമിത്.
ഇന്ത്യയുടെ മൊത്തം ഉള്ളി ഉത്പാദനത്തിന്റെ 70 മുതല്‍ 75 ശതമാനം റാബി ഉള്ളിയാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഖാരിഫ് വിള വരവ് ആരംഭിക്കുന്നത് വരെ വിപണി സ്ഥിരതയ്ക്ക് ഇത് നിര്‍ണായകമാണ്.
ഈ സീസണിലെ ഉയര്‍ന്ന ഉത്പാദനം വരും മാസങ്ങളില്‍ വിപണി വില കുറയ്ക്കുമെന്നാണ് കരുതുന്നതെന്ന് കേന്ദ്ര കൃഷി മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഉള്ളിയുടെ ആഭ്യന്തര ലഭ്യത ഉറപ്പ് വരുത്താന്‍ 2023 ഡിസംബര്‍ എട്ട് മുതല്‍ 2024 മേയ് 3 വരെ കയറ്റുമതി നിരോധനം ഉള്‍പ്പെടെ വിവിധ കയറ്റുമതി നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ നേരത്തെ നടപ്പിലാക്കിയിരുന്നു. 2024 സെപ്റ്റംബറില്‍ 20 ശതമാനം തീരുവ ചുമത്തുന്നതിന് മുമ്പായി ഇത് നീക്കം ചെയ്തിരുന്നു.
New Delhi,Delhi
March 24, 2025 9:26 AM IST