Leading News Portal in Kerala

സൽമാൻ റുഷ്ദിയെ ആക്രമിച്ച് ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ ലബനൻ വംശജന് 25 വർഷം തടവ് | Salman Rushdie attacker american lebanese Hadi Matar sentenced to 25 Years


Last Updated:

2022 ഫെബ്രുവരിയില്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്

News18News18
News18

ന്യൂയോർക്ക്: ഇന്ത്യൻ വംശജനായ ഇം​ഗ്ലീഷ് സാഹിത്യക്കാരൻ സൽമാൻ റുഷ്ദിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 25 വർഷം കഠിന തടവ്. 27 കാരനായ അമേരിക്കൻ-ലെബനീസ് യുവാവ് ഹാദി മതാര്‍ ആണ് സല്‍മാന്‍ റുഷ്ദിയെ ആക്രമിച്ചത്. വെസ്റ്റേൺ ന്യൂയോർക്ക് കോടതിയുടേതാണ് വിധി.

ന്യൂയോര്‍ക്കിലെ ഒരു പ്രഭാഷണ വേദിയില്‍ വച്ച് 2022 ഫെബ്രുവരിയില്‍ സല്‍മാന്‍ റുഷ്ദി ആക്രമിക്കപ്പെട്ട സംഭവത്തിലാണ് ഇപ്പോള്‍ ശിക്ഷ വിധിച്ചത്.  കൊലപാതകശ്രമത്തിൽ സൽമാൻ റുഷ്ദിയുടെ മുഖത്തും കഴുത്തിലുമായി ഏകദേശം പത്തോളം കുത്തേറ്റിരുന്നു. ആക്രമണത്തിന് ഇരയായ സല്‍മാന്‍ റുഷ്ദിയുടെ ഒരു കണ്ണിന് കാഴ്ച പൂർണമായും നഷ്ടപ്പെട്ടിരുന്നു.

പ്രതി ഹാദി മതാറിന്റെ ആക്രമണം അങ്ങേയറ്റെ വേദനാജനകമാണെന്നാണ് വിചാരണ വേളയിൽ സല്‍മാന്‍ റുഷ്ദി പറഞ്ഞത്. തന്റെ കണ്ണിലേറ്റ മുറിവായിരുന്നു അത്യന്തം വേദനാജനകം. അതിനുശേഷം ഞാൻ വേദന കാരണം നിലവിളിച്ചെന്ന് സൽമാൻ റുഷ്ദി പറഞ്ഞതായി AFP റിപ്പോർട്ട് ചെയ്തു. കേസിലെ പ്രധാന സാക്ഷി കൂടിയായിരുന്നു റുഷ്ദി.

റുഷ്ദിയെ ആക്രമിച്ചതിന് മതറിന് പരമാവധി 25 വർഷം തടവും പ്രസംഗ പരിപാടിയിൽ പങ്കെടുത്ത മറ്റൊരാളെ ആക്രമിച്ചതിന് ഏഴ് വർഷം തടവും ലഭിച്ചു. ശിക്ഷകൾ ഒരേസമയം അനുഭവിച്ചാൽ മതിയാകും. 32 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നത്. ചൗതൗക്വാ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജേസണ്‍ ഷ്മിഡ്റ്റ് അറിയിച്ചു.

സൽമാൻ റുഷ്ദി ആക്രമണം

മുസ്ലിംമതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഗോളതലത്തില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച നോവലായ ദി സാത്താനിക് വേഴ്‌സസ് പുറത്തിറങ്ങി 35 വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തിനെതിരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം പതിനേഴുദിവസം പെന്‍സില്‍വാനിയയിലെ ആശുപത്രിയിലും മൂന്നാഴ്ച ന്യൂയോര്‍ക് സിറ്റി റീഹാബിലിറ്റേഷന്‍ സെന്ററിലും കഴിഞ്ഞ റുഷ്ദിക്ക് ആക്രമണത്തില്‍ വലതുകണ്ണ് നഷ്ടമായിരുന്നു. തോളെല്ലിനും സാരമായി പരിക്കേറ്റിരുന്നു.