Leading News Portal in Kerala

Nila native wine brand from Kerala Agricultural University gets excise departments nod| ഇനി വീഞ്ഞായി ‘നിള’യൊഴുകും; പാളയംകോടന്‍ അടക്കം മൂന്ന് പഴങ്ങളുടെ രുചിയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈന്‍


Last Updated:

നിള ബ്രാന്‍ഡിന് കീഴില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകള്‍ക്ക് ചൊവ്വാഴ്ച എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവയുടെ ലേബലുകള്‍ക്കാണ് അനുമതി ലഭിച്ചത്

(Image: Special Arrangement)(Image: Special Arrangement)
(Image: Special Arrangement)

തിരുവനന്തപുരം: ഇനി കേരളത്തിലെ ഏറ്റവും വലിയ നദികളിൽ ഒന്നു മാത്രമാകില്ല നിള. ലഹരി നൽകുന്ന വീഞ്ഞായി ഒഴുകിവരികയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട ഈ പേര്. കേരള കാര്‍ഷിക സര്‍വകലാശാല തദ്ദേശീയമായി വികസിപ്പിച്ച വൈന്‍ ബ്രാന്‍ഡായ ‘നിള’ ഒരു മാസത്തിനുള്ളില്‍ വിപണിയിലെത്തും.

നിള ബ്രാന്‍ഡിന് കീഴില്‍ ആദ്യഘട്ടത്തില്‍ പുറത്തിറക്കുന്ന മൂന്ന് തരം വൈനുകളുടെ ലേബലുകള്‍ക്ക് ചൊവ്വാഴ്ച എക്‌സൈസ് വകുപ്പ് അംഗീകാരം നല്‍കി. നിള കാഷ്യു ആപ്പിള്‍ വൈന്‍, നിള പൈനാപ്പിള്‍ വൈന്‍, നിള ബനാന വൈന്‍ എന്നിവയുടെ ലേബലുകള്‍ക്കാണ് അനുമതി ലഭിച്ചത്. പ്രീമിയം ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ സര്‍വകലാശാല ഇപ്പോള്‍ ഒരു മാര്‍ക്കറ്റിംഗ് പദ്ധതി ആവിഷ്‌കരിച്ചു വരികയാണ്.

ഉഷ്ണമേഖലയിലെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ വളരുന്ന കശുമാങ്ങയില്‍ നിന്നാണ് കാഷ്യൂ ആപ്പിൾ വൈന്‍ നിര്‍മിക്കുന്നത്. 14.5 ശതമാനമാണ് ഇതിലെ ആല്‍ക്കഹോളിന്റെ അളവ്. കേരളത്തിന്റെ സ്വന്തം പാളയംകോടന്‍ വാഴപ്പഴത്തില്‍ നിന്നാണ് നിള ബനാന വൈന്‍ നിര്‍മിക്കുന്നത്. നേരിയ അസിഡിക് സ്വഭാവവും സുഗന്ധവും മൃദുവായ ഘടനയോടും കൂടിയതാണ് പാളയംകോടന്‍ പഴം. അടുത്തിടെ ജിഐ ടാഗ് ലഭിച്ച മൗറീഷ്യസ് ഇനത്തില്‍പെട്ട കൈതച്ചക്കയില്‍ നിന്നാണ് നിള പൈനാപ്പിള്‍ വൈന്‍ നിര്‍മിക്കുന്നത്. ഇവ രണ്ടിലും 12.5 ശതമാനമാണ് ആല്‍ക്കഹോളിന്റെ അളവ്.

ചട്ടം പ്രകാരം സംസ്ഥാന ബിവറേജസ് കോര്‍പറേഷന്‍ വഴി മാത്രമെ ഇവ വില്‍ക്കാന്‍ കഴിയൂ. തുടക്കത്തില്‍ ബെവ്‌കോയുടെ തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ ഇവ ലഭ്യമാകും. 750 മില്ലീലിറ്റര്‍ വൈനിന് 1000 രൂപയില്‍ താഴെയായിരിക്കും വില എന്നാണ് സൂചന .

വെള്ളാനിക്കരയിലെ കാര്‍ഷിക കോളേജിന് കീഴിലുള്ള പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്‌നോളജി വകുപ്പാണ് വൈന്‍ ഉത്പന്നങ്ങളുടെ ഗവേഷണവും നിര്‍മാണവും നടത്തുന്നത്. കോളേജ് കാമ്പസിലാണ് ഉത്പാദന യൂണിറ്റ് സ്ഥിതി ചെയ്യുന്നത്.

ഏഴ് തരത്തിലുള്ള വൈനുകളാണ് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വകുപ്പ് മേധാവി ഡോ. സജി ഗോമസ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ചക്ക, തേങ്ങാവെള്ളം, ഞാവല്‍, ജാതിക്ക തൊണ്ട് എന്നിവയില്‍ നിന്ന് വൈന്‍ തയ്യാറാക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വൈൻ നിർമിക്കുന്നതിനുള്ള വാഴപ്പഴവും പൈനാപ്പിളും പ്രാദേശിക കര്‍ഷകരില്‍ നിന്നാണ് ശേഖരിച്ചത്.

Summary: Nila, the native wine brand from the Kerala Agricultural University (KAU), is likely to hit the market in a month as the excise department on Tuesday approved the labels for the three types of the product.

മലയാളം വാർത്തകൾ/ വാർത്ത/Money/

ഇനി വീഞ്ഞായി ‘നിള’യൊഴുകും; പാളയംകോടന്‍ അടക്കം മൂന്ന് പഴങ്ങളുടെ രുചിയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ വൈന്‍