നീതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ കേരളം നാലാമതായതെന്തുകൊണ്ട്? വീട്ടിലെ പ്രസവവും വാക്‌സിന് എതിര്‍പ്പും എങ്ങനെ ബാധിച്ചു? | Why Kerala lands fourth in the NITI Aayog health index
Last Updated:
2018ലും 2019-20 ലും കേരളം എസ്ഡിജി 3 പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലുമായിരുന്നു
നീതി ആയോഗിന്റെ ഏറ്റവും പുതിയ ആരോഗ്യ സൂചികയില്‍ കേരളം നാലാം സ്ഥാനത്ത്. രാജ്യത്തുടനീളവും വിദേശരാജ്യങ്ങളില്‍ പോലും വികസന ചര്‍ച്ചകളില്‍ കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം മിക്കപ്പോഴും വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. എന്നാൽ 11 സൂചകങ്ങളില്‍ അഞ്ചെണ്ണത്തില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടും നീതി ആയോഗിന്റെ മികച്ച ആരോഗ്യ ക്ഷേമ സൂചികയില്‍ കേരളം പിന്നോക്കം പോയി. വാക്സിനേഷനും ആശുപത്രിയിലെത്തിയുള്ള പ്രസവങ്ങള്‍ക്കും എതിരായ അശാസ്ത്രീയമായ ചിന്ത സംസ്ഥാനത്ത് വര്‍ധിച്ച് വരുന്നതാണ് ഇതിന് കാരണമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കൂടാതെ മൂന്ന് പുതിയ സൂചകങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതും തിരിച്ചടിയായി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പട്ടികയിൽ ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. നീതി ആയോഗിന്റെ എസ്ഡിജി ഇന്ത്യ സൂചികയില്‍ ഒരു സംയോജിത സൂചികയ്ക്ക് പുറമെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങളും വേണ്ടി 17 സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (sustainable development goals -SDGs) തിരിച്ചാണ് സ്‌കോറുകള്‍ കണക്കാക്കുന്നത്.
അവയിലൊന്നായ മികച്ച ആരോഗ്യക്ഷേമത്തെക്കുറിച്ചുള്ള സൂചികയായ എസ്ഡിജി 3 ആരോഗ്യമേഖലയിലെ പ്രകടനം വിലയിരുത്തുന്നു. ആദ്യ രണ്ട് സൂചിക റിപ്പോര്‍ട്ടുകളില്‍ കേരളം എസ്ടിജി 3ല്‍ ഒന്നാംസ്ഥാനത്ത് എത്തി. എന്നാല്‍, പിന്നീടുള്ള സൂചികകളില്‍ ആദ്യ മൂന്നില്‍ പോലും സ്ഥാനം കണ്ടെത്താന്‍ കേരളത്തിന് കഴിഞ്ഞില്ല.
2018ലും 2019-20 ലും കേരളം എസ്ഡിജി 3 പട്ടികയില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ഇത് ദേശീയ ശരാശരിയേക്കാള്‍ കൂടുതലുമായിരുന്നു. 2020-21 വര്‍ഷത്തില്‍ ആത്മഹത്യാനിരക്ക്, അപകടമരണ നിരക്ക്, ചികിത്സയ്ക്കായി സ്വന്തം പോക്കറ്റില്‍ നിന്ന് പണം ചെലവഴിക്കുന്നത് എന്നിങ്ങനെ മൂന്ന് പുതിയ സൂചകങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഇത് കൂടി ഉള്‍പ്പെടുത്തിയതോടെ കേരളം 72 പോയിന്റ് നേടി 12ാം സ്ഥാനത്തേക്ക് താഴ്ന്നു. ഈ വിഭാഗത്തിൽ ദേശീയ ശരാശരി 74ലാണ്. ഇതിനും താഴെയായാണ് കേരളത്തിന്റെ സ്ഥാനം. ഈ വിഭാഗത്തില്‍ 86 പോയിന്റുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്തെത്തിയത്.
2023-24ലെ കണക്കില്‍ ദേശീയ ശരാശരിയായ 77നെ മറികടന്ന് കേരളം 80 പോയിന്റുകള്‍ നേടി. എങ്കിലും രാജ്യത്ത് നാലാം സ്ഥാനത്തായി. 90 സ്‌കോറുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്തുള്ളത്. തൊട്ടുപിന്നില്‍ മഹാരാഷ്ട്രയും ഉത്തരാഖണ്ഡും രണ്ടാംസ്ഥാനത്തുണ്ട്. ഹിമാചല്‍ പ്രദേശിനാണ് മൂന്നാം സ്ഥാനം. കേരളത്തിനൊപ്പം കര്‍ണാടകയും നാലാസ്ഥാനത്തെത്തി. 2023-24ല്‍ കേരളത്തിന്റെ വാക്‌സിനേഷന്‍ നിരക്ക് 85.40 ശതമാനമായി കുറഞ്ഞത് കേരളം പിന്നോക്കം പോകാൻ പ്രധാന കാരണമായി.
ഛത്തീസ്ഖഢും മധ്യപ്രദേശുമാണ് അവസാനസ്ഥാനങ്ങളില്‍ എത്തിയത്(രണ്ടുപേരുടെയും സ്‌കോര്‍ 56). കേന്ദ്രഭരണ പ്രദേശങ്ങളില്‍ 93 പോയിന്റുമായി ഡല്‍ഹി ഒന്നാം സ്ഥാനത്തും 89 പോയിന്റുമായി ചണ്ഡീഗഡ് രണ്ടാംസ്ഥാനത്തുമെത്തി.
11 സൂചകങ്ങളാണ് എസ്ഡിജി 3യില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാതൃമരണ നിരക്ക്, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളുടെ മരണം, എച്ച്‌ഐവി അണുബാധ, ആയുര്‍ദൈര്‍ഘ്യം, ആരോഗ്യ പ്രവര്‍ത്തകരുടെ സാന്ദ്രത എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളില്‍ കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഒന്‍പത് മുതല്‍ 11 മാസം വരെ പ്രായമുള്ള കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പിലും ആശുപത്രി പ്രസവങ്ങളിലും ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. 2020-21 വര്‍ഷത്തില്‍ 92 ശതമാനം ആയിരുന്നു കേരളത്തിന്റെ വാക്‌സിനേഷന്‍ നിരക്ക്. ഇത് 2023-24 ആയപ്പോഴേക്കും 85.40 ശതമാനമായി കുറഞ്ഞു. കൂടാതെ ആശുപത്രി പ്രസവങ്ങളുടെ നിരക്ക് 99.90 ല്‍ നിന്ന് 99.85 ശതമാനമായും കുറഞ്ഞു.
ഇതിന് പുറമെ പുതിയതായി ഉള്‍പ്പെടുത്തിയ വിഭാഗങ്ങളിലും കേരളം മോശം പ്രകടനമാണ് കാഴ്ച വെച്ചത്. 2023-24 പതിപ്പില്‍ കേരളത്തിന്റെ ആത്മഹത്യാ നിരക്ക് ഒരു ലക്ഷം ജനസംഖ്യയില്‍ 28.50 ശതമാനമാണ്. 2020-21 വര്‍ഷത്തില്‍ ഇത് 24.30 ശതമാനമായിരുന്നു. ദേശീയ ശരാശരിയായ 12.4 ശതമാനത്തേക്കാള്‍ വളരെയധികം കൂടുതലാണിത്. കൂടാതെ നിര്‍ദ്ദിഷ്ട ലക്ഷ്യമായ 3.5 ശതമാനത്തേക്കാളും വളരെ കൂടുതലായിരുന്നു ഇത്. റോഡപകട മരണനിരക്ക് 2023-24 വര്‍ഷത്തില്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 12.10 ശതമാനമാണ്. ലക്ഷ്യമായ 5.81 നേക്കാള്‍ വളരെയധികമാണിത്. ഇതിന് പുറമെ സംസ്ഥാനത്തെ പ്രതിശീര്‍ഷ ചികിത്സാ ചെലവ് 17 ശതമാനമാണ്. ഇതും രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
Thiruvananthapuram,Kerala
July 16, 2025 9:56 AM IST
നീതി ആയോഗിന്റെ ആരോഗ്യസൂചികയില്‍ കേരളം നാലാമതായതെന്തുകൊണ്ട്? വീട്ടിലെ പ്രസവവും വാക്‌സിന് എതിര്‍പ്പും എങ്ങനെ ബാധിച്ചു?