Ind vs Aus 3rd Test| ഗാബയിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച; 22 റൺസിനിടെ കോഹ്ലി അടക്കം 3 വിക്കറ്റുകൾ നഷ്ടം| IND vs AUS 3rd Test Day 3 Indian batters flop show at Gabba as Australia pick up 3 wickets in 8 overs
Last Updated:
ഓപ്പണർ യശസ്വി ജയ്സ്വാൾ (4), ശുഭ്മാൻ ഗിൽ (ഒന്ന്), വിരാട് കോഹ്ലി (16 പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായത്
ബ്രിസ്ബെയ്ൻ: ഗാബ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. 22 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. ഓപ്പണർ യശസ്വി ജയ്സ്വാൾ (4), ശുഭ്മാൻ ഗിൽ (ഒന്ന്), വിരാട് കോഹ്ലി (16 പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 13 ഓവറിൽ 3ന് 39 റൺസ് എന്ന നിലയിലാണ് ഇന്ത്യ. കെ എൽ രാഹുൽ (47 പന്തിൽ 21), ഋഷഭ് പന്ത് (11 പന്തിൽ 9) എന്നിവരാണ് ക്രീസിൽ. ഓസീസിനായി മിച്ചല്‍ സ്റ്റാർക്ക് രണ്ടു വിക്കറ്റ് നേടിയപ്പോൾ ജോഷ് ഹെയ്സൽവുഡ് ഒരു വിക്കറ്റ് നേടി. ഒന്നാം ഇന്നിങ്സിൽ 445 റൺസ് നേടിയാണ് ഓസീസ് പുറത്തായത്.
ആദ്യ പന്തിൽത്തന്നെ മിച്ചൽ സ്റ്റാർക്കിനെതിരെ ബൗണ്ടറിയുമായി തുടങ്ങിയ യശസ്വി ജയ്സ്വാൾ, തൊട്ടടുത്ത പന്തിൽ ഷോർട്ട് മിഡ്‌വിക്കറ്റിൽ മിച്ചൽ മാർഷിന് ക്യാച്ച് നൽകി മടങ്ങി. മൂന്ന് പന്തുകൾ മാത്രം നേരിട്ട ശുഭ്മാൻ ഗില്ലിന്റെ ഇന്നിങ്സ് സ്റ്റാർക്കിന്റെ രണ്ടാം ഓവറിൽ ഗള്ളിയിൽ മിച്ചൽ മാർഷിന്റെ തകർപ്പൻ ക്യാച്ചിൽ അവസാനിച്ചു. കെ എൽ രാഹുലിനൊപ്പം വിരാട് കോഹ്ലിയും ചേർന്നതോടെ ഇന്ത്യ തകർച്ചയിൽനിന്ന് കരകയറുമെന്ന് തോന്നിച്ചു. എന്നാൽ കോഹ്ലിയെ മടക്കി ഹെയ്സൽവുഡ് വീണ്ടും ഇന്ത്യക്ക് പ്രഹരമേൽപിച്ചു. വിക്കറ്റ് കീപ്പർ അലക്സ് കാരിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ കോഹ്ലിയുടെ സ്കോർ 16 പന്തിൽ 3 റൺസായിരുന്നു.
നേരത്തേ, 7 വിക്കറ്റ് നഷ്ടത്തിൽ 405 റൺസുമായി മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്ന് ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയ, 117.1 ഓവറിലാണ് 445 റൺസിന് പുറത്തായത്. ഇന്ന് 40 റൺസ് കൂട്ടിച്ചേർക്കുമ്പോഴേയ്ക്കും ഓസീസിന് ശേഷിച്ച മൂന്നു വിക്കറ്റുകളും നഷ്ടമായി. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ 6 വിക്കറ്റ് വീഴ്ത്തി. 28 ഓവറിൽ 76 റൺസ് വഴങ്ങിയാണ് ബുംറയുടെ ആറു വിക്കറ്റ് നേട്ടം. മുഹമ്മദ് സിറാജ് രണ്ടും ആകാശ്ദീപ് ഒരു വിക്കറ്റും വീഴ്ത്തി.
അർധസെഞ്ചറി നേടിയ അലക്സ് കാരി (88 പന്തിൽ ഏഴു ഫോറും രണ്ടു സിക്സും സഹിതം 70), മിച്ചൽ സ്റ്റാർക്ക് (30 പന്തിൽ 18), നേഥൻ ലയോൺ (30 പന്തിൽ രണ്ട്) എന്നിവരാണ് ഇന്ന് പുറത്തായത്. ജോഷ് ഹെയ്സൽവുഡ് (0) പുറത്താകാതെ നിന്നു. നേരത്തെ ട്രാവിസ് ഹെഡും (152) സ്റ്റീവ് സ്മിത്തും (101) സെഞ്ചുറികളുമായി തിളങ്ങിയതോടെയാണ് ബ്രിസ്ബെയ്ൻ ടെസ്റ്റിൽ ഓസീസ് പിടിമുറുക്കിയത്.
Summary: Indian batters’ flop show at The Gabba as Australia pick up 3 wickets in 8 overs after piling up 445 runs in their first innings.
New Delhi,New Delhi,Delhi
December 16, 2024 9:46 AM IST