Last Updated:
ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേയാണിത്
ഏറെ നാളായി കാത്തിരിക്കുന്ന മുംബൈ-ഗോവ എൻഎച്ച് 66 ഹൈവേ പദ്ധതി (Mumbai-Goa highway (NH-66)) അടുത്ത മാസം പൂർത്തിയാകുമെന്ന് റിപ്പോർട്ടുകൾ. പുതിയ ഹൈവേ വരുന്നതോടെ മുംബൈയിൽ നിന്ന് ഗോവ വരെയുള്ള യാത്രാ സമയം 10 മണിക്കൂറിൽ നിന്ന് ആറു മണിക്കൂറായി കുറയും. യാത്രക്കാർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രൊജക്റ്റ് അതിന്റെ അവസാന ഘട്ടത്തിലാണെന്നും അടുത്ത മാസം ഗണേശ ചതുർത്ഥിക്ക് മുമ്പ് പൂർത്തിയാകുമെന്നും റിപ്പോർട്ടുണ്ട്. ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ, പൊതുമരാമത്ത് വകുപ്പ് മന്ത്രി രവീന്ദ്ര ചവാൻ എന്നിവർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിൽ ആണ് ഇതു സംബന്ധിച്ച് തീരുമാനം ആയത്.
മുഖ്യമന്ത്രിഏക്നാഥ് ഷിൻഡെ തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ പുതിയ അപ്ഡേഷനുകൾ പങ്കിട്ടു. മുംബൈ-ഗോവ ദേശീയ പാതയുടെ നിർമാണം സംബന്ധിച്ച് പിഡബ്ല്യുഡി അടിയന്തര നടപടികൾ സ്വീകരിച്ചു വരികയാണെന്ന് അദ്ദേഹം കുറിച്ചു. ”മുംബൈ-സിന്ധുദുർഗ് റൂട്ടിന്റെ ജോലികൾ അന്തിമഘട്ടത്തിലാണ്. കർഷകർക്കും യാത്രക്കാർക്കും വ്യവസായികൾക്കും ഇത് വളരെയധികം സഹായകരമാകും. ഇത്തരത്തിലുള്ള വിവിധ പദ്ധതികൾക്ക് സർക്കാർ മുൻഗണന നൽകിയിട്ടുണ്ട്”, എന്നും ഏക്നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.
1,608 കിലോമീറ്റർ നീളമുള്ള ഈ നാലുവരിപ്പാത ഇന്ത്യയിലെ പല സംസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിക്കും. പുതിയ മുംബൈ-ഗോവ ഹൈവേ മുംബൈയിലെ പൻവേലിനെ കന്യാകുമാരിയിലെ കേപ് കൊമോറിനുമായും ബന്ധിപ്പിക്കും. ഗോവ, കർണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഹൈവേ മഹാരാഷ്ട്രയിലെ മറ്റ് സ്ഥലങ്ങളെയും ബന്ധിപ്പിക്കും.
മുംബൈ-ഗോവ ഹൈവേയുടെ പൻവേൽ മുതൽ പെൻ താലൂക്ക് വരെയുള്ള ഭാഗത്ത് നിർമാണ പ്രവർത്തനങ്ങൾക്കിടെ ചില വിള്ളലുകൾ ഉണ്ടായിരുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) കോൺക്രീറ്റ് പാച്ചുകൾ ഉപയോഗിച്ച് ഈ വിടവുകൾ നികത്തി.
Mumbai,Maharashtra
August 15, 2023 8:00 PM IST