ഷിരൂർ ദുരന്തത്തിന് ഇന്ന് ഒരു വർഷം; നോവായി ഗംഗാവലി പുഴയുടെ ആഴങ്ങളിൽ ജീവൻ നഷ്ടമായ അര്‍ജുൻ| one year of shirur landslide tragedy remembering arjun lost in gangavali river
Last Updated:
കഴിഞ്ഞ വർഷം ജൂലൈ 16ന് ഷിരൂരിലെ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (32) കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു
ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരാണ്ട്. കുത്തിയൊലിച്ച മണ്ണിനൊപ്പം പുഴയുടെ ആഴങ്ങളിലേക്ക് പതിച്ച് ജീവൻ നഷ്ടപ്പെട്ട അര്‍ജുന്‍ മലയാളികള്‍ക്ക് ഇന്നും തീരോനോവാണ്. സ്വന്തം കൂടപിറിപ്പിനെയെന്നോണം നാടൊരുമിച്ച ആ ദിവസങ്ങള്‍ മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. മലയാളികളെ ദിവസങ്ങളോളം സങ്കടത്തിലാക്കിയ ഷിരൂര്‍ ദുരന്തത്തിന് ഇന്ന് ഒരു വർഷം തികയുന്നു.
കഴിഞ്ഞ വർഷം ജൂലൈ 16ന് ഷിരൂരിലെ മണ്ണിടിച്ചിലിലാണ് കോഴിക്കോട് കണ്ണാടിക്കൽ മൂലാടിക്കുഴിയിൽ അർജുനെ (32) കാണാതായത്. മലയാളികൾ ഒന്നടങ്കം ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങൾക്കൊടുവിൽ അർജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബർ 25ന് വൈകിട്ടോടെ പുഴയിൽ നിന്ന് ലഭിച്ചു.
ദേശീയപാതയോരത്ത് ലോറി നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവർ അർജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലിൽ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂർ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തിരച്ചിൽ നടത്തിയിരുന്നത്.
അർജുനെ കണ്ടെത്തണമെന്ന് ആശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നു. എട്ടാം ദിവസമാണ് തിരച്ചിൽ പുഴയിലേക്ക് കേന്ദ്രീകരിക്കുന്നത്. മോശം കാലാവസ്ഥയെ തുടർന്ന് പല തവണ നിർത്തിവച്ച തിരച്ചിൽ വീണ്ടും പുനരാരംഭിക്കാനും അർജുനെ കണ്ടെത്താനും കേരളമാകെ ഒത്തൊരുമിച്ച് നിന്നു.
ഒടുവിൽ സെപ്റ്റംബർ 25ന് അർജുന്റെ ലോറിയും മൃതദേഹവും പുഴയിൽ നിന്ന് ലഭിച്ചു. കരയിൽ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പിൽ നിന്ന് 12 മീറ്റർ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാർ, സോണർ സിഗ്നൽ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. നേവി അടയാളപ്പെടുത്തി നൽകിയ 4 പോയിന്റുകളിൽ രണ്ടാം പോയിന്റിലാണ് ലോറി കണ്ടെത്തിയത്.
ജൂലൈ എട്ടിന് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് വീടിന്റെ പടിയിറങ്ങിപ്പോയ അർജുൻ 82 രാപകലുകൾക്കിപ്പുറം സെപ്റ്റംബർ 28ന് വീട്ടുവളപ്പിൽ എരിഞ്ഞടങ്ങിയപ്പോൾ അനേകായിരങ്ങളാണ് യാത്രപറയാൻ ഒഴുകിയെത്തിയത്.
Kozhikode [Calicut],Kozhikode,Kerala
July 16, 2025 7:32 AM IST