114 കാരനായ മാരത്തൺ മുത്തശ്ശൻ ഫൗജാ സിങ്ങ് വാഹനമിടിച്ച് മരിച്ച സംഭവത്തിൽ പ്രവാസി അറസ്റ്റിൽ| veteran marathoner Fauja Singh hit-and-run case nri arrested
Last Updated:
നൂറു വയസ്സ് പിന്നിട്ട ആദ്യത്തെ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജാ സിങ്ങിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ അഭാവംകാരണം ഗിന്നസ് ബുക്കില്‍ ഇടം നേടാനായില്ല
മാരത്തണിന്റെ മുത്തശ്ശന്‍ ഫൗജാ സിങ് (114) വാഹനാപകടത്തില്‍ മരിച്ച സംഭവത്തിൽ പ്രവാസി അറസ്റ്റിൽ. ചൊവ്വാഴ്ച വൈകിട്ടാണ് അമൃത്പാൽ സിംഗ് ധില്ലൻ എന്ന പേരുള്ള പ്രവാസിയെ കർതാർപൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ജലന്ധര്‍ ജില്ലയിലെ ബിയാസ് ഗ്രാമത്തിലാണ് തിങ്കളാഴ്ച അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ഉച്ചയ്ക്ക് 3.30ഓടെ എസ് യു വി അദ്ദേഹത്തെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടസമയത്ത് കാർ അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഫൗജ സിംഗ് 5-7 അടി ഉയരത്തിൽ വായുവിലേക്ക് തെറിച്ചുവീണു. ഭയന്ന അമൃത്പാൽ സിംഗ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
അപകടം നടന്ന സ്ഥലം ഫൗജ സിങ്ങിന്റെ വീട്ടിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെയാണെന്ന് മറ്റൊരു ഗ്രാമീണൻ പറഞ്ഞു. പിന്നീട് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്.
“സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ഞങ്ങൾ വാഹനം തിരിച്ചറിഞ്ഞു. പഞ്ചാബിൽ രജിസ്റ്റർ ചെയ്ത ടൊയോട്ട ഫോർച്യൂണറാണ് ഇത്. അപകടസ്ഥലത്ത് നിന്ന്, വാഹനത്തിന്റെ ഹെഡ്‌ലൈറ്റിന്റെ ചില ഭാഗങ്ങൾ ഞങ്ങൾ കണ്ടെടുത്തു. അതിനുശേഷം, ഞങ്ങൾ വാഹനം കണ്ടെത്തി,” ജലന്ധർ റൂറൽ സീനിയർ പൊലീസ് സൂപ്രണ്ട് ഹർവീന്ദർ സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
1911ഏപ്രില്‍ ഒന്നിന് പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച ഫൗജ സിങ് 1992ലാണ് ബ്രിട്ടനിലേക്ക് കുടിയേറിയത്. വിവിധ പ്രായപരിധിയിലുള്ള ഒട്ടേറെ ലോക റെക്കോഡുകള്‍ തകര്‍ത്തിട്ടുണ്ടെങ്കിലും ഇവയൊന്നും റെക്കോഡുകളായി അംഗീകരിക്കപ്പെട്ടിട്ടില്ല. ഹോങ്കോങ്ങില്‍ നടന്ന മാരത്തണോടെ 101-ാം വയസ്സില്‍ വിരമിച്ചിരുന്നു. പ്രായം തന്റെ കാലുകളെ കീഴ്പ്പെടുത്തിയെന്നാണ് വിരമിക്കല്‍ തീരുമാനം അറിയിച്ച് ഫൗജാ അന്ന് പറഞ്ഞത്.
നൂറു വയസ്സ് പിന്നിട്ട ആദ്യത്തെ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജാ സിങ്ങിന് ജനന സര്‍ട്ടിഫിക്കറ്റിന്റെ അഭാവംകാരണം ഗിന്നസ് ബുക്കില്‍ ഇടം നേടാനായില്ല. എലിസബത്ത് രാജ്ഞി നല്‍കിയ ജന്മദിനാംശസാകുറിപ്പും പാസ്‌പോര്‍ട്ടും തെളിവിനായി സമര്‍പ്പിച്ചെങ്കിലും ഔദ്യോഗിക അംഗീകാരം ലഭിച്ചില്ല. ലണ്ടന്‍ ഒളിമ്പിക്‌സില്‍ ദീപശിഖയേന്താനുള്ള അവസരം ലഭിച്ചിരുന്നു. 2000ത്തിലെ ലണ്ടന്‍ മാരത്തണില്‍ 89-ാം വയസ്സിലായിരുന്നു ഫൗജയുടെ അരങ്ങേറ്റം.
Jalandhar [Jullundur],Jalandhar,Punjab
July 16, 2025 12:00 PM IST