യുവതിക്കൊപ്പമുള്ള ഫോട്ടോ ഭാര്യക്ക് അയച്ച് നൽകുമെന്ന് ഭീഷണി; ഹണിട്രാപ്പ് കേസിൽ രണ്ട് പേർ അറസ്റ്റിൽ|Vadakara honey trap case two arrested
Last Updated:
യുവാവിന്റെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കിയാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു
കോഴിക്കോട്: യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ. പള്ളൂർ പാറാൽ സ്വദേശി തെരേസ നൊവീന റാണി, തലശേരി ധർമ്മടം സ്വദേശി അജിനാസ് എന്നിവരാണ് പിടിയിലായത്. ചോമ്പാല പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ച വടകര മുക്കാളിയിലാണ് സംഭവം.
പരാതിക്കാരനായ യുവാവിനെ മുക്കാളി റെയിൽവെ അടിപ്പാതക്ക് സമീപമുള്ള വീട്ടിലെത്തിച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. യുവാവിന്റെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കിയാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ യുവാവിനെ പ്രതിയായ യുവതിക്കൊപ്പം ചേർത്ത് നിർത്തി മൊബൈൽഫോണിൽ ഫോട്ടോയെടുക്കുകയും ഇത് ഭാര്യക്ക് അയച്ചുനൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ യുവാവിൻ്റ താർ ജീപ്പിൽ സൂക്ഷിച്ച 1.06 ലക്ഷം രൂപ കവരുകയും 5 ലക്ഷം രൂപ ആവശ്യപെട്ട് വാഹനവുമായി കടന്നു കളയുകയായിരുന്നു.
ചോമ്പാല സ്റ്റേഷനിലെത്തി പരാതിക്കാരൻ തന്നെയാണ് ഈ വിവരങ്ങളെല്ലാം പൊലീസിനെ അറിയിച്ച് പരാതി നൽകിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പൊലീസ് പറയുന്നു. ഇവരിൽ രണ്ട് പേരെയാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. റൊവീന റാണിയെ സംഭവം നടന്ന വീട്ടിൽനിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നും മറ്റ് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയെന്നും ചോമ്പാല പൊലീസ് അറിയിച്ചു.
Vadakara (Vatakara),Kozhikode,Kerala
June 14, 2025 8:00 AM IST