World Chess Championship | ഗുകേഷ് -ഡിംഗ് ലിറൻ അവസാന റൗണ്ട് മത്സരം ഇന്ന്; ലോക ചെസ് ചാമ്പ്യൻഷിപ്പിനെക്കുറിച്ചറിയാം Gukesh-Ding Liren Final Round Match Know about World Chess Championship
Last Updated:
13 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്
ലോക ചെസ്റ്റ് ചാമ്പ്യൻഷിപ്പിലെ നിർണായകമായ പതിനാലാം മത്സരം ഇന്ന് (ഡിസംബർ 12) സിംഗപ്പൂരിലെ സെൻ്റോസയിലുള്ള റിസോർട്ട് വേൾഡിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2.30ന് നടക്കും. ഇന്നത്തെ മത്സരത്തിൽ ജയിക്കുന്നയാൾ ലോക ചാമ്പ്യനാകും .മത്സരം സമനിലയിൽ പിരിയുകയാണെങ്കിൽ വെള്ളിയാഴ്ച ടൈബ്രേക്കറിലാകും വിജയിയെ നിശ്ചയിക്കുക.
1886 ൽ ആണ് അംഗീകരിക്കപ്പെട്ട ആദ്യ ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരം നടന്നത്. 14 മത്സരങ്ങളാണ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ആകെയുള്ളത്. 2024ലെ ലോക ചെസ് ചാമ്പ്യൻഷിപ്പ് മത്സരങ്ങൾ നവംബർ 25നാണ് തുടങ്ങിയത്. ഡിസംബർ 13നാണ് മത്സരങ്ങൾ അവസാനിക്കുന്നത്. ലോക ചെസ് ചാമ്പ്യൻഷിപ്പ് 2024ന്റെ ആതിഥേയ രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് സിംഗപ്പൂരിനെയാണ്. മത്സരത്തിൽ ആദ്യം 7.5 പോയിന്‍റ് നേയുന്നയാളായിരുക്കും ലോക ചാമ്പ്യനാവുക. ഒരു വിജയത്തിന് ഒരു പോയിന്‍റ് വീതമാണ് കളിക്കാരന് ലഭിക്കുക. സമനിലയ്ക്ക് 0.5 പോയിന്‍റാണ് ലഭിക്കുന്നത്. 14 റൗണ്ടുകൾ അവസാനിക്കുമ്പോഴും മത്സരം സമനിലയിലാണ് പിരിയുന്നതെങ്കിൽ അടുത്തദിവസം ടൈബ്രേക്കർ നടത്തിയാകും വിജയികളെ പ്രഖ്യാപിക്കുക. 2023ലെ ചാമ്പ്യൻഷിപ്പിൽ ഇയാൻ നെംപോനിയാച്ചിയെ പരാജയപ്പെടുത്തി ഡിംഗ് ലിറൻ തന്നെയായിരുന്നു ചാമ്പ്യനായത്. ഡിംഗ് ലിറനോട് മത്സരിക്കാൻ 2024 ഏപ്രിലിൽ നടത്തിയ എട്ട് കളിക്കാരുടെ കാൻഡിഡേറ്റ് ടൂർണമെന്റ് മത്സരത്തിൽ ഇന്ത്യയുടെ ഡി ഗുകേഷാണ് വിജയിയായത്.
13 റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ ഇന്ത്യയുടെ ഡി ഗുകേഷും ചൈനീസ് താരം ഡിംഗ് ലിറനും ആറര പോയിന്റുമായി ഒപ്പത്തിനൊപ്പമാണ്.
വെള്ള കരുക്കളുമായാണ് നിലവിലെ ചാമ്പ്യനായ ലിറൻ കളിക്കുക. ഇതുവരെ രണ്ടു വീതം ജയങ്ങളാണ് ഇരു താരങ്ങളും സ്വന്തമാക്കിയത്. ബാക്കി 9 മത്സരങ്ങൾ സമനിലയിലാവുകയായിരുന്നു. ടൈബ്രേക്കറിൽ ലിറന് മേൽക്കൈ ഉള്ളതിനാൽ ഇന്ന് ജയിക്കാനാകും ഗുകേഷിന്റെ ശ്രമം.
കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ 69 നീക്കങ്ങൾക്ക് ഒടുവിലാണ് ഗുകേഷിനെ ലിറൻ സമനിലയിൽ ഒതുക്കിയത്. വിജയത്തിന് അടുത്തെത്തിയ ശേഷമാണ് ഗുകേഷ് സമനില വഴങ്ങിയത്. വെള്ളക്കരുക്കളുമായാണ് ഗുകേഷ് ഇന്നലെ മത്സരിച്ചത്. വെള്ളക്കരെളുമായുള്ള ഗുകേഷിന്റെ അവസാന മത്സരമായിരുന്നു ഇന്നലെ നടന്നത്. ഗുകേഷിന്റെ 31-ാം നീക്കം കണ്ടപ്പോൾ കളി കൈവിട്ടെന്നാണ് കരുതിയതെന്ന് കഴിഞ്ഞദിവസം മത്സരശേഷം ലിറൻ പറഞ്ഞിരുന്നു. തിരിച്ചുവരവിന് യാതൊരു സാധ്യതയുമില്ലെന്ന് കരുതിയെങ്കിലും അവസാനം സമനില നേടാൻ കഴിഞ്ഞു എന്നും ലിറൻ പറഞ്ഞു.
New Delhi,Delhi
December 12, 2024 11:52 AM IST