കോഴിക്കോട് സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ പിഞ്ചുകുഞ്ഞ് മരിച്ചു| Infant boy died in Kozhikode after giving anaesthesia for circumcision
Last Updated:
ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടുമാസം മാത്രം പ്രായമായ മകനാണ് മരിച്ചത്
കോഴിക്കോട്: സുന്നത്ത് കർമത്തിനായി അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു. ചേളന്നൂർ സ്വദേശികളായ ദമ്പതിമാരുടെ രണ്ടു മാസം മാത്രം പ്രായമായ മകനാണ് മരിച്ചത്. കോഴിക്കോട് കാക്കൂരിലെ കോപ്പറേറ്റീവ് ക്ലിനിക്കിൽ വെച്ചാണ് സംഭവം. രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മരിച്ച കുഞ്ഞിന്റെ പോസ്റ്റുമോർട്ടം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം രാവിലെ 10 മണിയോടെയാണ് പോസ്റ്റുമോർട്ടം നടപടികൾ തുടങ്ങുക.
കോഴിക്കോട്ടെ കാക്കൂരിലെ സ്വകാര്യ ക്ലിനിക്കിൽ വച്ച് ഇന്നലെ രാവിലെയാണ് കുഞ്ഞിന് സുന്നത്ത് കർമത്തിനായി ലോക്കൽ അനസ്തേഷ്യ നൽകിയത്. അനസ്തേഷ്യ നൽകിയതിന് പിന്നാലെ കുഞ്ഞിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. ക്ലിനിക്കിൽ ആ സമയത്ത് പീഡിയാട്രീഷനുണ്ടായിരുന്നില്ല. തുടർന്ന് ശിശുരോഗ വിദഗ്ധനുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ മാതാപിതാക്കളോട് ആശുപത്രി അധികൃതർ നിർദേശിച്ചു.
ആംബുലൻസിൽ ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഈ ആശുപത്രിയിൽ നിന്ന് നൽകിയ റിപ്പോർട്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. മരുന്നിന്‍റെ അലർജിയാണോ അതോ മറ്റെന്തെങ്കിലും വീഴ്ചയാണോ എന്ന് വ്യക്തമല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു.
Kozhikode [Calicut],Kozhikode,Kerala
July 07, 2025 6:52 AM IST