Leading News Portal in Kerala

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ്: ജീവനക്കാർ ഒളിവിൽ; കേസ് ക്രൈംബ്രാഞ്ചിന്|Diya krishna boutique money fraud case crime branch to investigate


Last Updated:

കുറ്റാരോപിതരായ യുവതികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു

News18News18
News18

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ വ്യാപാര സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ചിന്. കൃഷ്ണകുമാറിന്റെ പരാതിയില്‍ എടുത്ത കേസും അദ്ദേഹത്തിനെതിരെ യുവതികൾ നൽകിയ കൗണ്ടർ കേസുമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. അതേസമയം, ആരോപണ വിധേയരായ യുവതികള്‍ മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമത്തില്‍. ഇന്ന് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും. യുവതികളെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു .

2024 ജൂലൈ മുതൽ സ്ഥാപനത്തിലെ ക്യൂ ആർ കോഡ് മാറ്റി 69 ലക്ഷം രൂപ മൂന്ന് ജീവനക്കാർ ചേർന്ന് തട്ടിയെടുത്തതായാണ് കൃഷ്ണകുമാർ നൽകിയ പരാതി. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തി നടൻ കൃഷ്ണകുമാറിനെതിരെ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത കൗണ്ടർ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. ഈ കേസുകളാണ് ഇപ്പോള്‍ സംസ്ഥാന ക്രൈംബ്രാഞ്ചിനു കൈമാറാന്‍ ഡിജിപി ഉത്തരവിറക്കിയിരിക്കുന്നത്.

നികുതി വെട്ടിക്കാനായി ദിയ കൃഷ്ണ പറഞ്ഞിട്ടാണ് ജീവനക്കാർ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും ശേഷം പണം പിൻവലിച്ച് ദിയയ്ക്ക് തിരികെ നൽകിയെന്നും യുവതികൾ നേരത്തെ മൊഴി നൽകിയിരുന്നു. എന്നാൽ ആരോപണ വിധേയരായ യുവതികള്‍ പണം പിൻവലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികൾ അവരുടെ ബന്ധുക്കൾക്ക് പണം അക്കൗണ്ട് വഴി നൽകിയതായി മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിനായി യുവതികളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് അന്വേഷണസംഘം ശേഖരിച്ചിരുന്നു.

അതേസമയം, നികുതിയടച്ചതിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും അറിയിച്ചു. കേസ് രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കരുതെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.