അമ്പമ്പോ! തീവില; ഒരു ലിറ്റര്‍ കേര വെളിച്ചെണ്ണയ്ക്ക് ഇന്നുമുതല്‍ 529 രൂപ| Kerafeds Kera coconut oil will be priced at Rs 529 per liter from today
Last Updated:
ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്
കൊച്ചി: കേരഫെഡിന്റെ കേര വെളിച്ചെണ്ണ ലിറ്ററിന് ഇന്ന് മുതൽ 529 രൂപ. ലിറ്ററിന് 110 രൂപ കൂട്ടാൻ തീരുമാനിച്ചതോടെയാണ് ഇത്. മറ്റു ബ്രാൻഡുകളുടെ വെളിച്ചെണ്ണയും നാടൻ വെളിച്ചെണ്ണയും ലീറ്ററിന് 420 – 480 രൂപയ്ക്കു കിട്ടുമ്പോഴാണു കുത്തനെയുള്ള വില വർധന. ഇതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിലയുള്ള വെളിച്ചെണ്ണ കേരയുടേതായി. നാലു മാസത്തിനുള്ളിലെ നാലാമത്തെ വില വർധനയാണിത്.
കേരയ്ക്ക് ഏറ്റവും കൂടുതൽ വിറ്റുവരവ് ഓണക്കാലത്താണ്. 2500 ടണ്ണാണ് ഓരോ ഓണത്തിനും വിറ്റഴിയുന്നത്. എന്നാൽ, വില സാധാരണക്കാരനd താങ്ങാനാകാത്ത നിലയിലെത്തിയതിനാൽ ഇക്കുറി ഉപഭോക്താക്കൾ മറ്റു ബ്രാൻഡുകളിലേക്ക് തിരിയും. പൊതുവിപണിയിലെ വെളിച്ചെണ്ണ വിലക്കയറ്റം പിടിച്ചു നിർത്താൻ സംവിധാനമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം മന്ത്രി പി പ്രസാദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ഉൽപാദിപ്പിക്കുന്ന കേരയുടെ വില കുത്തനെ ഉയർത്തിയത്.
കൊപ്ര സംഭരണത്തിലെ കെടുകാര്യസ്ഥതയും വൻകിട ലോബികളെ സഹായിക്കാൻ വിപണിവിലയെക്കാൾ കൂടിയ തുകയ്ക്ക് കൊപ്ര വാങ്ങിയതുമാണു കേരയുടെ നിലനിൽപിനു ഭീഷണിയാകുന്ന വിലക്കയറ്റത്തിനു വഴിയൊരുക്കിയതെന്നാണ് ആക്ഷേപം. കൊപ്ര സംഭരണത്തിൽ പാലിച്ചുവന്ന വ്യവസ്ഥകള്‍ അട്ടിമറിച്ചാണു കേരഫെഡ് മുന്നോട്ടു പോകുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.
വിപണിയിൽ കിലോഗ്രാമിന് 270 രൂപയ്ക്ക് കൊപ്ര ലഭിക്കുമ്പോൾ 200 രൂപ നൽകി വൻകിട ലോബികളിൽ നിന്ന് ലോഡ് കണക്കിനു കൊപ്ര വാങ്ങിയെന്നാണ് വിവരം. ഓണക്കാല ഉൽപാദനത്തിനായി കേര ഫെഡ് മാസങ്ങൾക്ക് മുൻപേ കൊപ്ര സംഭരണം ആരംഭിക്കാറുണ്ട്. എന്നാൽ, ഇക്കുറി ഗോഡൗണുകൾ മിക്കതും ഒഴിഞ്ഞുകിടക്കുകയാണ്. കരുനാഗപ്പള്ളി പ്ലാന്റിൽ പലതവണ ഉൽപാദനം നിലച്ചിരുന്നു.
Kochi [Cochin],Ernakulam,Kerala
July 17, 2025 9:39 AM IST