കൊല്ലത്ത് സ്കൂളിൽവെച്ച് ഷോക്കേറ്റ് എട്ടാംക്ലാസ് വിദ്യാർത്ഥി മരിച്ചു| Class 8 student dies after being electrocuted at school in Kollam
Last Updated:
കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നു
കൊല്ലം തേവലക്കരയിൽ വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. വിളന്തറ സ്വദേശിയാണ് മിഥുൻ.
രാവിലെ എട്ടരയോടെയാണ് സംഭവം. ക്ലാസ് ആരംഭിക്കുന്നത് 9 മണിക്കുശേഷമാണ്. അതിനു മുന്‍പായി കുട്ടികൾ മൈതാനത്ത് കളിക്കുകയായിരുന്നു. ഇതിനിടെ ചെരുപ്പ് സൈക്കിൾ ഷെഡിനു മുകളിലേക്ക് വീണു. ഇതെടുക്കാൻ കയറിയപ്പോൾ ഷോക്കേറ്റെന്നാണ് കൂടെയുള്ള കുട്ടികൾ പറഞ്ഞത്.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷെഡ്ഡിന് സമീപത്തുകൂടെ പോകുന്ന ലൈൻ മാറ്റാൻ നേരത്തെ തന്നെ കെഎസ്ഇബിക്ക് അപേക്ഷ കൊടുത്തിരുന്നെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു.
കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം അതീവ ദുഃഖകരമാണെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
Kollam,Kollam,Kerala
July 17, 2025 11:52 AM IST