മരണമുഖത്ത് പതറിയില്ല; 9 കുട്ടികളെ സുരക്ഷിതരാക്കി ബസ് ഡ്രൈവർ മരണത്തിന് കീഴടങ്ങി| school bus driver succumbs to death after saving students in thrissur
Last Updated:
വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിർത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃശൂർ: തിരക്കേറിയ വഴിയിൽ സ്കൂൾ ബസ് ഓടിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതരാക്കി മരണത്തിന് കീഴടങ്ങി. ശാരീരിക അസ്വസ്ഥതയുണ്ടായപ്പോഴും ഡ്രൈവർ എം വി സഹദേവന്റെ ഏകചിന്ത വാഹനത്തിലുള്ള കുരുന്നുകളെ കുറിച്ചായിരുന്നു. വേദനയ്ക്കിടയിലും റോഡരികിലേക്ക് ബസ് സുരക്ഷിതമായി ഒതുക്കിനിർത്തി. പിന്നാലെ അദ്ദേഹം കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വാഹനത്തിൽ അപ്പോൾ 9 വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരിയും ഉണ്ടായിരുന്നു. സഹദേവൻ കുഴഞ്ഞുവീണപ്പോൾ ജീവനക്കാരി വാഹനത്തിൽനിന്ന് ഇറങ്ങി നാട്ടുകാരുടെ സഹായം അഭ്യർത്ഥിച്ചു. പെട്രോൾ പമ്പിലെ ജീവനക്കാരെത്തി അതുവഴി വന്ന കാറിലാണ് അടുത്തുള്ള മാളയിലെ ബിലീവേഴ്സ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. രണ്ടുവർഷമായി സഹദേവൻ ഈ സ്കൂളിൽ ഡ്രൈവറായി ജോലിനോക്കുന്നു.
ഭാര്യ: രജനി. മക്കൾ: ശരണ്യ, നികേഷ്. മരുമകൻ: കൃഷ്ണകുമാർ.
Thrissur,Thrissur,Kerala
July 17, 2025 10:57 AM IST