ഇന്ത്യയുടെ നയതന്ത്രവിജയം ; പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ TRFനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു| US officially designated TRF a group that claimed responsibility for Pahalgam massacre as a Foreign Terrorist Organization
Last Updated:
ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിരന്തരമായ രാജ്യാന്തര ശ്രമങ്ങൾക്ക് ഒരു വലിയ വിജയമാണ് ഈ സുപ്രധാന നീക്കം
വാഷിങ്ടൺ: ഏപ്രിൽ 22ലെ പഹൽഗാം കൂട്ടക്കൊലയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ (TRF) വിദേശ ഭീകര സംഘടന (എഫ്ടിഒ) ആയി അമേരിക്ക പ്രഖ്യാപിച്ചു. ഭീകരസംഘടനയായ ലഷ്‌കറെ ത്വയ്ബയുടെ ഉപവിഭാഗമായാണ് ടിആർഎഫ് അറിയപ്പെടുന്നത്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകര സംഘടനയായി സ്ഥിരീകരിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം. ടിആര്‍എഫിനെ ഒരു വിദേശ ഭീകര സംഘടനയായും ആഗോള ആഗോള ഭീകര പട്ടികയില്‍ ചേര്‍ത്തതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ നിരന്തരമായ രാജ്യാന്തര ശ്രമങ്ങൾക്ക് ഒരു വലിയ വിജയമാണ് ഈ സുപ്രധാന നീക്കം.
“നമ്മുടെ ദേശീയ സുരക്ഷാ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും, ഭീകരതയെ ചെറുക്കുന്നതിനും, പഹൽഗാം ആക്രമണത്തിന് നീതി ലഭ്യമാക്കണമെന്ന പ്രസിഡന്റ് ട്രംപിന്റെ ആഹ്വാനം നടപ്പിലാക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ പ്രതിബദ്ധതയാണ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സ്വീകരിച്ച ഈ നടപടികൾ പ്രകടമാക്കുന്നത്.”- യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിൽ പറഞ്ഞു.
ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാൻ ഇന്ത്യ നയതന്ത്രനീക്കം നടത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി യുഎസിലേക്ക് ഒരു നിർണായക സന്ദർശനം നടത്തിയിരുന്നു. ശശി തരൂര്‍ എംപിയുടെ നേതൃത്വത്തിൽ ഒരു ബഹുകക്ഷി പ്രതിനിധി സംഘത്തെ ഇന്ത്യ യുഎസിലേക്ക് അയച്ചിരുന്നു. ഈ വിഷയത്തിൽ ഇന്ത്യയിലെ വിവിധ കക്ഷികളുടെ സമവായം ഇത് വ്യക്തമാക്കി. വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ക്വാഡ് ഉച്ചകോടിക്കായി യുഎസ് സന്ദർശിച്ചു. അവിടെ അദ്ദേഹം സെക്രട്ടറി മാർക്കോ റൂബിയോയുമായി നിർണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തി. പഹൽഗാം ഭീകരാക്രമണത്തിൽ ടിആർഎഫിന്റെ നേരിട്ടുള്ള പങ്കാളിത്തത്തെക്കുറിച്ച് ഇന്ത്യ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിനെ (യുഎൻഎസ്‌സി) അറിയിച്ചിരുന്നു.
ടിആർഎഫിനെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ചതോടെ കർശനമായ സാമ്പത്തിക ഉപരോധങ്ങളുണ്ടാകും. യുഎസ് വ്യക്തികളെയും സ്ഥാപനങ്ങളെയും ടിആർഎഫിന് ഏതെങ്കിലും തരത്തിലുള്ള പിന്തുണ നൽകുന്നതിൽ നിന്ന് ഇത് വിലക്കും. കൂടാതെ, കടുത്ത കുടിയേറ്റ നിയന്ത്രണങ്ങളും ഏർപ്പെടുത്തും. സംഘടനയുടെ അംഗങ്ങൾക്കും പിന്തുണയ്ക്കുന്നവർക്കും അമേരിക്കയിലേക്ക് പ്രവേശം നിഷേധിക്കപ്പെടും.
അൽ-ഷബാബ്, ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആൻഡ് സിറിയ (ISIS), ഹമാസ്, ഹിസ്ബുള്ള, ഇസ്ലാമിക് ജിഹാദ് യൂണിയൻ എന്നിവയുൾപ്പെടെയുള്ള കുപ്രസിദ്ധ ഭീകര സംഘടനകളുടെ പട്ടികയിലേക്കാണ് ഇപ്പോൾ ടിആർഎഫിനെയും ചേർത്തിരിക്കുന്നത്.
ലഷ്‌കറെ ത്വയ്ബ നടത്തിയ 2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയില്‍ സാധാരണക്കാര്‍ക്ക് നേരെയുണ്ടായ ഏറ്റവും മാരകമായ ഭീകരാക്രമണമായാണ് യുഎസ് പഹല്‍ഗാം ആക്രമണത്തെ വിശേഷിപ്പിച്ചത്. കശ്മീര്‍ റെസിസ്റ്റന്‍സ് എന്ന പേരിലും അറിയപ്പെടുന്ന ടിആര്‍എഫ് നേരത്തേ പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തിരുന്നു.
Summary: The Department of State has added The Resistance Front (TRF) as a designated Foreign Terrorist Organization (FTO) and Specially Designated Global Terrorist (SDGT)
New Delhi,New Delhi,Delhi
July 18, 2025 7:31 AM IST
ഇന്ത്യയുടെ നയതന്ത്രവിജയം ; പഹൽഗാം ഭീകരാക്രമണത്തിന് ഉത്തരവാദികളായ TRFനെ ഭീകരസംഘടനയായി അമേരിക്ക പ്രഖ്യാപിച്ചു