ഈ മരുന്ന് കഴിച്ചാൽ മുതിർന്നവർക്കും പല്ലു മുളയ്ക്കും; 2030ല്‍ വിപണിയിലെത്തും Groundbreaking Drug Could help teething in adults will hit the market in 2030
Last Updated:
ഡെന്റൽ സാങ്കേതികവിദ്യയെ മാറ്റിമറിക്കുന്നതായിരിക്കും ഈ കണ്ടുപിടിത്തമെന്നാണ് കരുതുന്നന്നത്
കുട്ടികളുടെ പാല്‍പല്ലുകള്‍ പൊഴിഞ്ഞ് പുതിയ പല്ലുകള്‍ വരുന്നത് സാധാരണ കാര്യമാണ്. പ്രായപൂര്‍ത്തിയായവരില്‍ ഇങ്ങനെ വന്ന പല്ലുകള്‍ പിന്നീട് നഷ്ടപ്പെട്ടാല്‍ വീണ്ടും മുളയ്ക്കില്ല. എന്നാല്‍, ഇക്കാര്യത്തിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. പ്രായമാവരില്‍ വീണ്ടും പല്ലു മുളപ്പിക്കുന്ന മരുന്ന് കണ്ടെത്തിയിരിക്കുകയാണ് ഇവർ. 2030 ആകുമ്പോഴേക്കും ഈ മരുന്ന് വിപണിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡെന്റൽ സാങ്കേതികവിദ്യയെ മാറ്റിമറിക്കുന്നതായിരിക്കും ഈ കണ്ടുപിടിത്തമെന്ന് കരുതുന്നു.
ജപ്പാനിലെ ഒസാക്കയില്‍ സ്ഥിതി ചെയ്യുന്ന മെഡിക്കല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് കിറ്റാനോ ഹോസ്പിറ്റലിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നില്‍. പല്ലിന്റെ വളര്‍ച്ചയെ തടയുന്ന പ്രോട്ടീനായ യൂട്രൈന്‍ സെന്‍സിറ്റൈസേഷന്‍-അസോസിയേറ്റഡ് ജീന്‍-1(യുഎസ്എജി-1)ന്റെ ഉത്പാദനം പരിമിതപ്പെടുത്തുന്ന മരുന്ന് വികസിപ്പിച്ചെടുത്തത്. എലികളിലും ഫെറെറ്റ്സുകളിലും ഈ മരുന്ന് വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു..
പല്ലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്, പ്രത്യേകിച്ച് പല്ലില്ലാത്ത അവസ്ഥയായ അനോഡൊണ്ടിയ ബാധിച്ചവര്‍ക്ക് ഇത് വലിയൊരു ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പല്ലുകള്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് പേര്‍ക്ക് ഈ മരുന്ന് ഗുണകരമാകും. കൃത്രിമമായി പല്ലുവെച്ചുപിടിപ്പിക്കുന്നതിന് പകരം പല്ലുമുളപ്പിക്കുന്നതിനുള്ള പ്രകൃതിദത്തമായ പരിഹാരമാര്‍ഗം കൂടിയാണിത്. ഈ കണ്ടുപിടിത്തം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് ഗവേഷണ സംഘത്തിന്റെ തലവനായ ഡോ. കറ്റ്സു തകഹാഷി പറഞ്ഞു.
”യുഎസ്എജി-1ന്റെ ഉത്പാദനം കുറയ്ക്കുന്നത് പല്ലിന്റെ വളര്‍ച്ചയ്ക്ക് ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. പല്ല് നഷ്ടപ്പെടുകയോ ജന്മനാ ഇല്ലാതിരിക്കുകയോ ചെയ്യുന്ന പ്രശ്നങ്ങളുള്ളവര്‍ക്ക് കണ്ടുപിടിത്തം ഒരു പരിധിവരെ സഹായമാകും. പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ലെങ്കിലും പല്ലുകള്‍ വീണ്ടും വളര്‍ന്നുവെന്നത് വളരെയധികം പ്രതീക്ഷ നല്‍കുന്നതാണ്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനുഷ്യരില്‍ ഈ മരുന്നിന്റെ പരീക്ഷണം ഈ വര്‍ഷം ആരംഭിക്കും. ഒരു അണപ്പല്ലെങ്കിലും(Molar) നഷ്ടപ്പെട്ട 30നും 64നും ഇടയില്‍ പ്രായമുള്ള 30 പുരുഷന്മാരിലാണ് പരീക്ഷണം നടത്തുക. 11 മാസത്തോളമാണ് പരീക്ഷണം തുടരുക. ഇത് വിജയകരമാണെന്ന് കണ്ടെത്തിയാല്‍ രണ്ടിനും ഏഴിനും ഇടയില്‍ പ്രായമുള്ള, വളര്‍ച്ചയിലെ അപാകതകള്‍ കാരണം ഒന്നിലധികം പല്ലുകള്‍ നഷ്ടപ്പെട്ട കുട്ടികളിലും പരീക്ഷണം നടത്താന്‍ ഗവേഷകര്‍ ലക്ഷ്യമിടുന്നു.
നിലവില്‍ പല്ലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പരിമിതമായ സാധ്യതകളാണ് ഉള്ളത്. നീക്കം ചെയ്യാവുന്ന പല്ലുകള്‍ ധരിക്കുകയോ അല്ലെങ്കില്‍ ഡെന്റല്‍ ഇംപ്ലാന്റുകള്‍ നടത്തുകയോ ചെയ്യുകയാണ് ആകെയുള്ള പോംവഴി. ഇവയ്ക്ക് രണ്ടിനും യഥാര്‍ത്ഥ പല്ലുകളോട് സാമ്യമില്ല. പല്ലുകള്‍ വീണ്ടും വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ആളുകളുടെ ജീവിതനിലവാരം മെച്ചപ്പെടുകയും ദന്ത സംരക്ഷണം മാറ്റിമറിക്കപ്പെടുകയും ചെയ്യും.
New Delhi,Delhi
October 05, 2024 4:13 PM IST