Leading News Portal in Kerala

ഓണ്‍ലൈനില്‍ പരിചയപ്പെട്ട 31കാരനെ വിവാഹം കഴിക്കാന്‍ 47കാരിയായ യുഎസ് യുവതി പാകിസ്ഥാനിലെത്തി മതം മാറി | 47-year-old American woman arrived Pakistan to marry a 31-year-old she met online


Last Updated:

മിന്‍ഡി റാസ്‌മസ്സൻ എന്ന ഇല്ലിനോയിസ് സ്വദേശിയാണ് സാജിദ് സെബ് ഖാന്‍ എന്ന പാക് സ്വദേശിയെ വിവാഹം കഴിച്ചത്

(Image: @haleemasaddawn)(Image: @haleemasaddawn)
(Image: @haleemasaddawn)

ഓണ്‍ലൈനില്‍ കണ്ടുമുട്ടിയ 31കാരനെ വിവാഹം കഴിക്കുന്നതിനായി 47കാരിയായ യുഎസ് യുവതി പാകിസ്ഥാനിലെത്തി. കുടുംബത്തിന്റെ പിന്തുണയോടെ വിവാഹിതരായ ഇരുവരുടെയും പ്രണയകഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മിന്‍ഡി റാസ്‌മസ്സൻ എന്ന ഇല്ലിനോയിസ് സ്വദേശിയാണ് സാജിദ് സെബ് ഖാന്‍ എന്ന പാക് സ്വദേശിയെ വിവാഹം കഴിച്ചത്. പാകിസ്ഥാനിലെത്തിയ മിൻഡി ഇസ്ലാംമതം സ്വീകരിച്ച ശേഷമാണ് വിവാഹിതയായത്.

ഒരു വര്‍ഷം മുമ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്കിലൂടെയാണ് മിന്‍ഡി സാജിദിനെ കണ്ടുമുട്ടിയത്. 90 ദിവസത്തെ വിസിറ്റിംഗ് വിസയ്ക്ക് മിന്‍ഡി ഈ മാസം ആദ്യം പാകിസ്ഥാനിലെത്തി. മിന്‍ഡി ഇസ്ലാംമതം സ്വീകരിച്ചതായും സുലേഖ എന്ന പുതിയ പേര് സ്വീകരിച്ചതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, മിന്‍ഡിയെ പാകിസ്ഥാനിലേക്ക് യാത്ര ചെയ്യാനും ഇസ്ലാം മതം സ്വീകരിക്കാനും താനോ തന്റെ കുടുംബമോ നിര്‍ബന്ധിച്ചിട്ടില്ലെന്ന് സാജിദ് പറഞ്ഞു. മിന്‍ഡി പക്വതയെത്തിയ സ്ത്രീയാണെന്നും സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള കഴിവുണ്ടെന്നും സാജിദ് പറഞ്ഞു. തങ്ങളുടെ സ്വന്തം ഇഷ്ട പ്രകാരമാണ് വിവാഹിതരായതെന്നും സാജിദ് പറഞ്ഞു.

ഓണ്‍ലൈനില്‍ കണ്ടുമുട്ടിയയാളെ വിവാഹം കഴിക്കാന്‍ താന്‍ പാകിസ്ഥാനിലേക്ക് പോകുകയാണെന്ന് തന്റെ പിതാവിനെയും മൂത്ത സഹോദരിയെയും ഇളയ സഹോദരനെയും അറിയിച്ചിരുന്നതായി മിന്‍ഡി പറഞ്ഞു. അവരെല്ലാം അത്ഭുതപ്പെട്ടതായും തന്റെ തീരുമാനത്തെ പിന്തുണച്ചതായും അവര്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആദ്യമായാണ് പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നതെന്നും ഇസ്ലാമാബാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി സാജിദ് തന്നെ പൂക്കള്‍ നല്‍കിയാണ് സ്വീകരിച്ചതെന്നും മിന്‍ഡി പറഞ്ഞു. ഇതിന് ശേഷം സാജിദിന്റെ ജന്മനാടായ ദിറിലേക്ക് യാത്ര തിരിച്ചെന്നും അവിടെ സാജിദിന്റെ കുടുംബാംഗങ്ങളും അയല്‍ക്കാരും തനിക്ക് ഊഷ്മള വരവേല്‍പ്പ് നല്‍കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

”പാകിസ്ഥാനിലേക്കുള്ള എന്റെ ആദ്യ യാത്രയാണിത്. ഇത് വളരെ മനോഹരവും സമാധാനം നിറഞ്ഞതുമായ രാജ്യമാണ്,” മിന്‍ഡി പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ”ഇവിടെ നിന്ന് ലഭിച്ച ദയയോടെയുള്ള പെരുമാറ്റവും സ്‌നേഹനിര്‍ഭരമായ അന്തരീക്ഷണവും ഞാന്‍ കരുതിയിരുന്നതിനേക്കാള്‍ വലുതാണ്,” അവര്‍ പറഞ്ഞു.

തന്റെ ഭര്‍ത്താവ് സാജിദ് വളരെ സ്‌നേഹവും എളിമയും നിറഞ്ഞ വ്യക്തിയാണെന്ന് പറഞ്ഞ മിന്‍ഡി താന്‍ യുഎസിലേക്ക് മടങ്ങിപ്പോയതിന് ശേഷം സാജിദിന്റെ യുഎസിലേക്കുള്ള കുടിയേറ്റത്തിനുള്ള രേഖകള്‍ തയ്യാറാക്കുമെന്നും അറിയിച്ചു. രേഖകൾ ശരിയായ ശേഷം സാജിദ് യുഎസിലേക്ക് പോകുമെന്നും അവർ വ്യക്തമാക്കി.