വിഷ്ണുനാഥിൻ്റെ വെളിപ്പെടുത്തൽ: ആരാണ് നിയമസഭയിൽ 5 കൊല്ലം യുഡിഎഫിനെ സഹായിച്ച ആ ഇടത് എംഎൽഎ?| Who is that ldf mla helped to have a smooth functioning for udf in assembly for five years from 2011 Vishnunadh mentioned
2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവലം 2 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് ഉമ്മൻചാണ്ടി അധികാരത്തിലെത്തിയത്. ഭരണപക്ഷമായ യുഡിഎഫിന് 72. പ്രതിപക്ഷമായ എൽഡിഎഫിന് 68. 72 ൽ ഒരാൾ സ്പീക്കർ. അപ്പോൾ ഫുൾ ക്വോറത്തിൽ ഭൂരിപക്ഷം ആകെ ഒന്ന് മാത്രം. ഈ കുറഞ്ഞ അംഗബലവും വച്ച് ഉമ്മൻചാണ്ടിക്ക് കാലാവധി തികയ്ക്കാനാകുമോ എന്ന സംശയം പലകോണുകളിൽ നിന്നും ഉയർന്നിരുന്നു.
ഇങ്ങനെ ആയിരുന്നു കക്ഷി നില
സിപിഎം 45
സിപിഐ 13
ജനതാദൾ 4
എൻസിപി 2
ആർ എസ് പി 2
സ്വതന്ത്രർ 2
കോൺഗ്രസ് 38
മുസ്‌ലിം ലീഗ് 20
കേരള കോൺഗ്രസ് (എം ) 9
സോഷ്യലിസ്റ്റ് ജനത 2
കേരള കോൺഗ്രസ് (ബി ) 1
കേരള കോൺഗ്രസ് (ജേക്കബ് ) 1
ആർ എസ് പി(ബി ) 1
“ഒരു ഭരണപക്ഷ എംഎൽഎ മൂത്രമൊഴിക്കാൻ പോയാൽ സർക്കാർ താഴെ വീഴുമെന്നായിരുന്നു” അന്ന് പ്രതിപക്ഷ നേതാവായ വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞത്. എന്നാൽ ഭൂരിപക്ഷത്തിൽ കാര്യമില്ലെന്നും വലിയ ഭൂരിപക്ഷത്തിൽ വന്ന സർക്കാരുകൾക്ക് കാലാവധി തികയ്ക്കാനാതെ പുറത്തുപോകേണ്ടി വന്നിട്ടുണ്ടെന്ന് ഉമ്മൻചാണ്ടി മറുപടി നൽകി. കുറഞ്ഞ അംഗബലത്തിൽ അധികാരത്തിലെത്തിയ അച്യുതമേനോൻ സർക്കാരിന് അഞ്ചുവർഷം കാലാവധി കഴിഞ്ഞ് ഏഴുവർഷം അധികാരത്തിലിരിക്കാൻ സാധിച്ചുവെന്നും ഉമ്മൻചാണ്ടി ഓർമിപ്പിച്ചു.
ഏറെ വൈകാതെ സിപിഎം സീറ്റിൽ ജയിച്ച ആർ സെല്‍വരാജ് എംഎൽഎയെ രാജിവെപ്പിച്ച് കോൺഗ്രസ് പാളയത്തിലെത്തിക്കാനും ഉമ്മൻചാണ്ടിക്ക് കഴിഞ്ഞുവെന്നത് ചരിത്രം. ഇതോടെ ഭരണപക്ഷം 73 ആയി.
ബില്ലുകള്‍ ചർച്ചയ്ക്കെടുക്കുമ്പോൾ എംഎൽഎമാരുടെ എണ്ണം വളരെ പ്രധാനമാണ്. സഭയുള്ള ഓരോ ദിവസവും വെല്ലുവിളിയായിരുന്നുവെന്ന് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കുറിച്ചു വിഷ്ണുനാഥും ഷാഫി പറമ്പിലും ഓർമിക്കുന്നു. ‘അന്ന് സർക്കാരിനെ സഹായിക്കാൻ ഇടതുപക്ഷത്ത് ഒരു എംഎൽഎ ഉണ്ടായിരുന്നു. ഏതെങ്കിലും ഭരണപക്ഷ എംഎൽഎ അവധിയെടുത്താൽ അക്കാര്യം ആ ഇടത് എംഎൽഎയെ യുഡിഎഫ് അറിയിക്കും. അന്ന് അദ്ദേഹം സഭയിൽനിന്നു വിട്ടുനിൽക്കും. അങ്ങനെ ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കാതെ മുന്നോട്ടു കൊണ്ടുപോകാനായി’- വിഷ്ണുനാഥ് പറയുന്നു.
സഭാ സമ്മേളനകാലത്ത് അവധി ചോദിച്ചാൽ അപ്പുറത്തെ ഒരാളെക്കൂടി അവധിയെടുപ്പിച്ചിട്ട് പൊയ്ക്കോളൂവെന്ന് ഉമ്മൻ ചാണ്ടി തമാശയോടെ പറയുമായിരുന്നുവെന്നു ഷാഫി പറമ്പിലും ഓർമിക്കുന്നു.
അന്ന് ഇടതുപക്ഷത്തിന് തുടർഭരണം എളുപ്പമായിരുന്നു എന്നും എൽഡിഎഫിലെ ചില പ്രമുഖർക്ക് അതിനോട് താല്പര്യം ഇല്ലാത്തതിനാൽ തിരഞ്ഞടുപ്പിലും തുടർന്നും നടത്തിയ ചില നീക്കങ്ങളാണ് യുഡിഎഫിനെ ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും ഭരണത്തിലെത്താൻ സഹായിച്ചത് എന്നും സൂചനകൾ ഉണ്ടായിരുന്നു. അതിനാലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആയിട്ടും ഭരണത്തിന് യാതൊരു അവകാശവാദവും ഉന്നയിക്കാതെ മാറി നിന്നത് എന്നും ചില ഘടക കക്ഷി നേതാക്കൾ ആക്ഷേപം ഉന്നയിച്ചിരുന്നു.
എന്നാൽ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ അഞ്ച് വർഷം യുഡിഎഫിനെ ബുദ്ധിമുട്ടില്ലാതെ ഭരിക്കാനും സഹായിച്ചത് ഇടത് എംഎൽഎ ആണെന്ന് വ്യക്തമാകുന്നു. അത് ആരാണെന്ന ചോദ്യത്തിന് ആര് മറുപടി നൽകും ? ഹാജർ പുസ്തകം നോക്കുമോ ?
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 18, 2025 11:10 AM IST