Leading News Portal in Kerala

ഓഡര്‍ ചെയ്ത അടിവസ്ത്രത്തിന് പകരം കിട്ടിയത് മറ്റൊന്ന്; കമ്പനി തിരുവനന്തപുരം സ്വദേശിനിക്ക് 5000 രൂപ നഷ്ടപരിഹാരം നൽകണം


Last Updated:

അപകടം സംഭവിച്ചതിനെ തുടര്‍ന്ന് വിശ്രമിക്കുമ്പോഴാണ് താന്‍ അടിവസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങിയതെന്ന് പരാതിക്കാരി വ്യക്തമാക്കി

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

ഓണ്‍ലൈനായി ഓഡര്‍ ചെയ്ത അടിവസ്ത്രത്തിന് പകരം മറ്റൊരു തരത്തിലുള്ളത് കൊടുത്ത കമ്പനി തിരുവനന്തപുരം സ്വദേശിനിക്ക് 5,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ ഉത്തരവിട്ടു.

2024 സെപ്റ്റംബര്‍ രണ്ടിനാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷോപ്പിഫൈയില്‍ നിന്ന് യുവതി മൂന്ന് ഫ്രണ്ട് ബട്ടണ്‍ ബക്കിള്‍ സ്ലീപ് ബ്രാ ഓര്‍ഡര്‍ ചെയ്തത്. അപകടം സംഭവിച്ചതിനെ തുടര്‍ന്ന് വിശ്രമിക്കുമ്പോഴാണ് താന്‍ അടിവസ്ത്രങ്ങള്‍ ഓണ്‍ലൈനായി വാങ്ങിയതെന്ന് പരാതിക്കാരി വ്യക്തമാക്കി. ഇതിന് 799 രൂപയാണ് ചെലവായത്. കാഷ് ഓണ്‍ ഡെലിവറി ആയാണ് തുക നല്‍കിയത്. എന്നാല്‍ പാക്കറ്റ് പൊട്ടിച്ചപ്പോള്‍ അതില്‍ രണ്ട് ബ്രാകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. മാത്രവുമല്ല, യുവതി ഓണ്‍ലൈനായി കണ്ടു വാങ്ങിയ അടിവസ്ത്രമല്ല കൈയ്യില്‍ കിട്ടിയത്. വലുപ്പവും വ്യത്യസ്തമായിരുന്നു. സാധനം തിരികെ നല്‍കുന്നതിനും പണം തിരികെ മേടിക്കുന്നതിനുമായി വെബ്‌സൈറ്റ് ലിങ്ക് വഴി വില്‍പ്പനക്കാരനെ ബന്ധപ്പെടാന്‍ യുവതി ശ്രമിച്ചു. എന്നാല്‍ ഇത് നടന്നില്ല.

തുടര്‍ന്ന് അവര്‍ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മിഷനില്‍ പരാതി നല്‍കുകയായിരുന്നു. കമ്മിഷന്‍ പ്രസിഡന്റ് പി.വി. ജയരാജന്‍, അംഗങ്ങളായ പ്രീത ജി. നായര്‍, വിജു വി.ആര്‍. എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണച്ചത്. എന്നാല്‍, അടിവസ്ത്രം വാങ്ങിയ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം കമ്മിഷന് മുന്നില്‍ ഹാജരായില്ല. തുടര്‍ന്ന് നടപടികള്‍ ഏകപക്ഷീയമായാണ് പൂര്‍ത്തിയാക്കിയത്.

അടിവസ്ത്രം വില്‍പ്പന നടത്തിയ സ്ഥാപനത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കമ്മിഷന്‍ കണ്ടെത്തി. “എതിര്‍കക്ഷിയുടെ സേവനത്തിലെ പോരായ്മ കാരണം പരാതിക്കാരിക്ക് മാനസിക ബുദ്ധിമുട്ടും സാമ്പത്തിക നഷ്ടവും ഉണ്ടായതായി ഞങ്ങള്‍ കണ്ടെത്തി. പരാതിക്കാരിക്ക് ഉണ്ടായ നഷ്ടത്തിന് എതിര്‍കക്ഷി നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥനാണ്,” ഉത്തരവില്‍ കമ്മിഷന്‍ വ്യക്തമാക്കി.

യുവതിയുടെ പക്കല്‍ നിന്ന് വാങ്ങിയ 799 രൂപ തിരികെ നല്‍കാനും അവര്‍ക്കുണ്ടായ മാനസിക ബുദ്ധിമുട്ടിന് 5,000 രൂപ നഷ്ടപരിഹാരം നല്‍കാനും ചെലവായി 2,500 രൂപ നല്‍കാനും കമ്മിഷന്‍ നിര്‍ദേശിച്ചു. ഈ തുക ഒരു മാസത്തിനുള്ളില്‍ നല്‍കണമെന്നാണ് ഉത്തരവ്. അല്ലെങ്കില്‍ ചെലവ് ഒഴികെയുള്ള തുകയ്ക്ക് പ്രതിവര്‍ഷം ഒന്‍പത് ശതമാനം പലിശ കൂടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

അഭിഭാഷകരായ ശ്രീവരാഹം എന്‍.ജി. മഹേഷും ഷീബ ശിവദാസനും പരാതിക്കാരിക്ക് വേണ്ടി ഹാജരായി.

Summary: Female customer to be paid Rs 5K in compensation for wrong delivery of product

മലയാളം വാർത്തകൾ/ വാർത്ത/Kerala/

ഓഡര്‍ ചെയ്ത അടിവസ്ത്രത്തിന് പകരം കിട്ടിയത് മറ്റൊന്ന്; കമ്പനി തിരുവനന്തപുരം സ്വദേശിനിക്ക് 5000 രൂപ നഷ്ടപരിഹാരം നൽകണം