Leading News Portal in Kerala

കോഴിക്കോട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് 65-കാരി മരിച്ചു | 65-year-old woman dies after being electrocuted by a fallen power line in kozhikode


Last Updated:

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇന്നലെ രാത്രി നെടുമങ്ങാടും ഒരു യുവാവ് മരിച്ചിരുന്നു

News18News18
News18

കോഴിക്കോട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. കൊയിലാണ്ടി കുറവങ്ങാടിയിലായിരുന്നു സംഭവം. 65 കാരിയായ കുറവങ്ങാട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞു വീണാണ് അപകടം സംഭവിച്ചത്. ഞായറാഴ്ച വൈകിട്ട് 3.15-ഓടെയാണ് അപകടം നടന്നത്.

വീടിന് തൊട്ടടുത്തുള്ള പറമ്പിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞു വീഴുന്നത് കേട്ട് പുറത്തിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മരത്തിന്റെ ശിഖരം ഒടിഞ്ഞ് വൈദ്യുത കമ്പിയുടെ മുകളിലേക്കാണ് വീണത്. തുടർന്ന് വൈദ്യുതി കമ്പി പൊട്ടി നിലത്തു വീഴുകയായിരുന്നു.

ഫാത്തിമ അബദ്ധത്തില്‍ വൈദ്യുതി കമ്പിയിൽ പിടിച്ചതാണ് ഷോക്കേൽക്കാനുള്ള കാരണം. വൈദ്യുതാഘാതമേറ്റ് വീഴുന്നത് കണ്ട നാട്ടുകാർ ഓടിക്കൂടുകയും വടി ഉപയോഗിച്ച്‌ വൈദ്യുതി ലൈനില്‍നിന്ന് വേർപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഫാത്തിമയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭർത്താവ്: ബാവോട്ടി, മക്കള്‍: ഫൗമില, ഫാസില, ഫമറു, ഫൗസിദ. സഹോദരങ്ങള്‍: ബഷീർ, നിസാർ, ഹംസ, മരുമക്കള്‍, നവാസ്, അൻസാർ, അഫ്സല്‍, ഹാഷിം.

പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇന്നലെ രാത്രി നെടുമങ്ങാടും ഒരു യുവാവ് മരിച്ചിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു നെടുമങ്ങാട് പനയമുട്ടത്ത് അപകടം നടന്നത്. മരമൊടിഞ്ഞുവീണ് പൊട്ടിയ വൈദ്യുത ലൈനില്‍ നിന്നാണ് യുവാവിന് വൈദ്യുതാഘാതമേറ്റത്. കാറ്ററിങ് ജോലിക്കു ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.