ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എഐ ഉപയോഗിക്കരുത്; സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളുമായി കേരള ഹൈക്കോടതി |No AI tool for judicial verdicts Kerala High Court issues important guidelines
Last Updated:
ജില്ലാ ജുഡീഷ്യറിയിലെ അംഗങ്ങള്‍ എഐ ഉപകരണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍
കോടതി വിധികള്‍ പുറപ്പെടുവിക്കാന്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്റ്‌സ് (എഐ) ഉപയോഗിക്കരുതെന്ന് കേരളാ ഹൈക്കോടതിയുടെ നിര്‍ദേശം. ഇത് സംബന്ധിച്ച് പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളും ഹൈക്കോടതി പുറത്തിറക്കി. ജില്ലാ ജുഡീഷ്യറിയിലെ അംഗങ്ങള്‍ എഐ ഉപകരണങ്ങള്‍ അമിതമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഇടപെടല്‍. ഏതെങ്കിലും സാഹചര്യങ്ങളില്‍ ജഡ്ജിമാര്‍ക്ക് കണ്ടെത്തലുകള്‍ എത്തിച്ചേരാനോ, അല്ലെങ്കില്‍ ഉത്തരവുകളോ വിധിന്യായങ്ങളോ പുറപ്പെടുവിക്കാനോ എഐ ഉപകരണങ്ങള്‍ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ജില്ലാ ജുഡീഷ്യറിയില്‍ എഐ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച് ഒരു ഹൈക്കോടതി പ്രത്യേക മാര്‍ഗനിര്‍ദേശം പുറത്തിറക്കുന്ന രാജ്യത്തെ ആദ്യത്തെ സംഭവമാണിത്.
മാർഗനിർദേശങ്ങൾ പ്രകാരം, ചാറ്റ് ജിപിടി, ഡീപ്‌സീക്ക് പോലെയുള്ള മിക്ക എഐ ഉപകരണങ്ങളും ക്ലൗഡ് അധിഷ്ഠിത സാങ്കേതിക വിദ്യയാണ് പ്രയോജനപ്പെടുത്തുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകളില്‍ ഉപയോക്താക്കള്‍ നല്‍കുന്ന ഏതൊരു വിവരവും ഇത്തരം സേവനം നല്‍കുന്ന ദാതാക്കള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗപ്പെടുത്തുകയോ സ്വീകരിക്കുകയോ ചെയ്‌തേക്കാം. ചിലപ്പോള്‍ തങ്ങളുടെ മോഡലുകള്‍ മികച്ചതാക്കാനും ഉപയോഗിച്ചേക്കാം.
കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍, വ്യക്തിഗത വിവരങ്ങള്‍, പ്രധാനപ്പെട്ട ആശയവിനിമയങ്ങള്‍ പോലെയുള്ള വിവരങ്ങള്‍ അല്ലെങ്കില്‍ കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും രേഖകള്‍ ഈ എഐ ഉപകരണങ്ങളിലേക്ക് സമര്‍പ്പിക്കുന്നത് അവയുടെ രഹസ്യസ്വഭാവം നഷ്ടപ്പെടാന്‍ കാരണമായേക്കാമെന്നും ഹൈക്കോടതിയുടെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അതിനാല്‍ അംഗീകൃത എഐ ഉപകരണങ്ങള്‍ ഒഴികയെുള്ള എല്ലാ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളുടെയും ഉപയോഗം ഒഴിവാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
എഐ ഉപകരണങ്ങളുടെ ലഭ്യതയും അവയിലേക്കുള്ള പ്രവേശനവും വര്‍ധിക്കുന്നത് നിയമമേഖലയുള്‍പ്പെടെയുള്ളവയില്‍ ആഴത്തില്‍ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എഐ ഉപയോഗിക്കുന്നത് ഗുണം ചെയ്യുമെങ്കിലും അവ വിവേചനരഹിതമായി ഉപയോഗിക്കുന്നത് സ്വകാര്യ അവകാശങ്ങളുടെ ലംഘനം, ഡാറ്റയുടെ സുരക്ഷ സംബന്ധിച്ച അപകടസാധ്യതകള്‍, ജുഡീഷ്യല്‍ തീരുമാനമെടുക്കുന്നതിലുള്ള വിശ്വാസം നഷ്ടപ്പെടല്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. അതിനാല്‍ ജുഡീഷ്യല്‍ ഓഫീസര്‍മാരും ജില്ലാ ജുഡീഷ്യറിയിലെ ജീവനക്കാരും എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
ഈ മാർഗനിർദേശങ്ങൾ ലംഘിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്..
മിക്ക എഐ ഉപകരണങ്ങളും തെറ്റായതോ അപൂര്‍ണമായതോ അല്ലെങ്കില്‍ പക്ഷപാതപരമായതോ ആയ ഫലങ്ങളാണ് നല്‍കുന്നതെന്ന് കണ്ടെത്തിയ വസ്തുതയാണെന്ന് മാര്‍ഗനിർദേശത്തിൽ വ്യക്തമാക്കി. അതിനാല്‍ അംഗീകൃത എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ പോലും അതീവ ജാഗ്രത പാലിക്കണമെന്ന് അതിൽ നിര്‍ദേശിക്കുന്നു. നിയമപരമായ ഉദ്ധരണികളോ റഫറന്‍സുകളോ ഉള്‍പ്പെടെയുള്ള അംഗീകൃത എഐ ഉപകരണങ്ങള്‍ വഴി സൃഷ്ടിക്കുന്ന എല്ലാ ഫലങ്ങളും ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ സൂക്ഷ്മമമായി പരിശോധിക്കണം. ഫലങ്ങള്‍ സൃഷ്ടിക്കുന്നതിനോ എഐ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന കേസ് നിയമങ്ങളുടെയും ചട്ടങ്ങളുടെയും ഡാറ്റാ ബേസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ അംഗീകൃത ഉപകരണങ്ങള്‍ക്കും ഇത് ബാധകമാണ്.
ജുഡീഷ്യല്‍ ഉത്തരവിന്റെയോ വിധിന്യായത്തിന്റെയോ അതിന്റെ ഏതെങ്കിലും ഭാഗത്തിന്റെയോ ഉള്ളടക്കത്തിന്റെയും സമഗ്രതയുടെയും ഉത്തരവാദിത്വം പൂര്‍ണമായും ജഡ്ജിമാരിലാണ്. അതിനാല്‍ ഒരു സാഹചര്യത്തിലും കണ്ടെത്തലുകളിലും ഉത്തരവുകളിലും വിധിന്യായത്തിലും എത്തിച്ചേരാന്‍ എഐ ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. മാർഗനിർദേശം ലംഘിക്കുന്നത് അച്ചടക്ക നടപടിക്ക് കാരണമായേക്കാമെന്നും അച്ചടക്ക നടപടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ നിലനില്‍ക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കുകയും ചെയ്തു.
Kochi [Cochin],Ernakulam,Kerala
July 21, 2025 12:04 PM IST
ഉത്തരവുകള്‍ പുറപ്പെടുവിക്കാന്‍ എഐ ഉപയോഗിക്കരുത്; സുപ്രധാന മാര്‍ഗനിര്‍ദേശങ്ങളുമായി കേരള ഹൈക്കോടതി