തുടർഭരണത്തിൽ തുടർച്ച തേടി CPM; രണ്ടു ടേം നിബന്ധന ഒഴിവാക്കാൻ ആലോചന| CPM discusses removal of two-term criteria in 2026 assembly elections
തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രണ്ട് ടേം നിബന്ധന ഒഴിവാക്കാൻ സിപിഎമ്മിൽ ആലോചന. തുടര്‍ ഭരണത്തില്‍ തുടര്‍ച്ച ഉറപ്പാക്കാനായാണ് ടേം നിബന്ധന ഒഴിവാക്കുന്നത്. പാർട്ടി ശക്തി കേന്ദ്രങ്ങളിലൊഴികെ സിറ്റിംഗ് എംഎൽഎമാർക്ക് പകരം വിജയസാധ്യതയുള്ളവരെ കണ്ടെത്തുക എളുപ്പമല്ലെന്ന തിരിച്ചറിവും കാരണമാണ്. രണ്ടു ടേം നിബന്ധന കർശനമാക്കിയാൽ 23 മണ്ഡലങ്ങളിൽ സി പി എമ്മിന് പുതുമുഖങ്ങളെ കണ്ടെത്തേണ്ടി വരും.
ഇ പി ജയരാജന്‍, എ കെ ബാലന്‍, തോമസ് ഐസക്ക്, ജി സുധാകരൻ തുടങ്ങി മന്ത്രിമാരായിരുന്ന ഒരുപിടി മുതിർന്ന നേതാക്കളുടെ പാര്‍ലമെന്ററി ജീവിതത്തിനാണ് പാർട്ടിയിലെ ടേം നിബന്ധന അവസാനം കുറിച്ചത്. പകരം പുതുമുഖങ്ങളുടെ വലിയൊരു നിര കടന്നു വന്നു. മന്ത്രിസ്ഥാനത്തേക്കും നവാഗതരെത്തി. വലിയ കൈയടി നേടിയ ഈ തീരുമാനം എത്രത്തോളം ഗുണം ചെയ്തു എന്ന കാര്യത്തില്‍ ഇപ്പോഴും രണ്ട് അഭിപ്രായമുണ്ട്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും ടേം നിബന്ധന സിപിഎം കർക്കശനമാക്കുമോ എന്ന ചർച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. തുടര്‍ഭരണത്തില്‍ തുടര്‍ച്ച ലക്ഷ്യമിടുന്ന സിപിഎം ടേമിന്‍റെ കാര്യത്തില്‍ കടുംപിടുത്തം ഉപേക്ഷിക്കാനാണ് സാധ്യത. വിജയാധ്യതയുള്ളവരെ പകരം കണ്ടെത്തുക എളുപ്പമല്ലാത്തതിനാലാണ് ഇത്.
പാര്‍ട്ടി ചിഹ്നത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച് ജയിച്ചത് 60 പേരാണ്. ഇതിൽ മുഖ്യമന്ത്രി ഉള്‍പ്പെടെ 23 പേര്‍ തുടർച്ചയായി രണ്ടു തവണ ജയിച്ചവരും. പിണറായി വിജയൻ മൂന്നാം ടേമിലും മത്സരിക്കുമെന്ന് ഉറപ്പാണ്. മട്ടന്നൂരില്‍ കെ കെ ശൈലജയ്ക്ക് ഒരവസരം കൂടി നൽകുമോയെന്ന് വ്യക്തമല്ല. തലശ്ശേരിയില്‍ എ എന്‍ ഷംസീറിന്റെ കാര്യവും സമാനമാണ്. കടുത്ത ആരോഗ്യ പ്രശ്നങ്ങളുള്ള എം എം മണിക്ക് ഉടുമ്പന്‍ചോലയില്‍ പകരക്കാരനെ കണ്ടെത്തേണ്ടി വരും. കൊല്ലത്ത് എം മുകേഷിനും കായംകുളത്ത് യു പ്രതിഭയ്ക്കും പകരക്കാര്‍ വന്നേക്കും. പേരാമ്പ്രയിൽ മുന്നണി കൺവീനർ ടി പി രാമകൃഷ്ണനും മാറിയേക്കാം.
പാര്‍ട്ടി കോട്ടകളിൽ നിന്നു ജയിച്ചു വന്നവരെ മാറ്റിയാലും സീറ്റ് നിലനിര്‍ത്താന്‍ കഴിഞ്ഞേക്കാം. പക്ഷേ പല മണ്ഡലങ്ങളിലും പരീക്ഷണം വിജയസാധ്യതയെ ബാധിക്കും. മാനന്തവാടിയില്‍ ഒആര്‍ കേളു, കോതമംഗലത്ത് ആന്റണി ജോണ്‍ ആറന്മുളയില്‍ വീണാ ജോര്‍ജ്, ഇരവിപുരത്ത് എം നൗഷാദ് വര്‍ക്കലയില്‍ വി ജോയി, വാമനപുരത്ത് ഡി കെ മുരളി, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന്‍, പാറശ്ശാലയില്‍ സി കെ ഹരീന്ദ്രൻ, കാട്ടാക്കടയില്‍ ഐബി സതീഷ് തുടങ്ങിയവര്‍ക്ക് പകരക്കാരെ കണ്ടെത്തി സീറ്റ് നിലനിർത്തുക എന്നത് ചെറുതല്ലാത്ത വെല്ലുവിളിയായി സിപിഎം കാണുന്നുണ്ട്.
ചെങ്ങന്നൂരിൽ സജി ചെറിയാനും വട്ടിയൂർക്കാവിൽ വി കെ പ്രശാന്തും കോന്നിയിൽ കെ യു ജനീഷ് കുമാറും രണ്ടുതവണ എംഎൽഎമാരായവരാണ്. എന്നാൽ മൂന്നുപേരും ആദ്യം നിയമസഭയിൽ എത്തിയത് ഉപതിരഞ്ഞെടുപ്പിലൂടെയാണ്. അതുകൊണ്ടുതന്നെ ടേം നിബന്ധന കർശനമാക്കിയാലും ഇവർക്ക് ഒരവസരം കൂടി ഉറപ്പ്.
എം രാജഗോപാലന്‍ – തൃക്കരിപ്പൂര്‍
പിണറായി വിജയന്‍ – ധര്‍മടം
എ എന്‍ ഷംസീര്‍ – തലശ്ശേരി
കെ കെ ശൈലജ – മട്ടന്നൂര്‍
ഒ ആർ കേളു – മാനന്തവാടി
ടി പി രാമകൃഷ്ണന്‍ – പേരാമ്പ്ര
കെ ബാബു – നെന്മാറ
കെ ഡി പ്രസേനന്‍ – ആലത്തൂര്‍
എ സി മൊയ്തീൻ – കുന്നംകുളം
മുരളി പെരുന്നെല്ലി – മണലൂര്‍
കെ ജെ മാക്സി- കൊച്ചി
ആന്‍റണി ജോണ്‍ – കോതമംഗലം
എം എം മണി – ഉടുമ്പൻചോല
യു പ്രതിഭ – കായംകുളം
വീണാ ജോര്‍ജ് – ആറന്മുള
എം മുകേഷ് – കൊല്ലം
എം നൗഷാദ് – ഇരവിപുരം
വി ജോയി – വര്‍ക്കല
ഡി കെ മുരളി – വാമനപുരം
കടകംപള്ളി സുരേന്ദ്രന്‍ – കഴക്കൂട്ടം
സി കെ ഹരീന്ദ്രന്‍ – പാറശ്ശാല
ഐ ബി സതീഷ് – കാട്ടാക്കട
കെ ആന്‍സലന്‍ – നെയ്യാറ്റിന്‍കര
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
July 21, 2025 1:55 PM IST