വി.എസിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി; സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരണം; ചൊവ്വ പൊതുഅവധി | PM Narendra modi condoles VS Achuthanandan demise, Tuesday declared public holiday in Kerala
Last Updated:
ജൂലായ് 22 മുതൽ മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് ദേശീയ പതാക താഴ്ത്തിക്കെട്ടും
തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന രാഷ്ട്രീയ നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയെന്ന് വിഎസെന്ന് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകളും പ്രധാനമന്ത്രി ഓർത്തു. മുഖ്യമന്ത്രി ആയിരുന്ന കാലത്തിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രവും അനുസ്മരണ കുറിപ്പിനോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
‘കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ ഓർക്കുകയാണ്. ഈ ദുഃഖവേളയിൽ എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും അനുയായികൾക്കും ഒപ്പമാണ്.’- പ്രധാനമന്ത്രി കുറിച്ചു.
കേരളത്തിന്റെ മുൻമുഖ്യമന്ത്രി ശ്രീ വി.എസ്. അച്യുതാനന്ദൻ ജിയുടെ വിയോഗത്തിൽ ദുഃഖിക്കുന്നു. ജീവിതത്തിലെ നിരവധി വർഷങ്ങൾ പൊതുസേവനത്തിനും കേരളത്തിന്റെ പുരോഗതിക്കുമായി അദ്ദേഹം
സമർപ്പിച്ചു. ഞങ്ങൾ രണ്ടുപേരും അതത് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നപ്പോഴുള്ള ഞങ്ങളുടെ ഇടപെടലുകൾ ഞാൻ… pic.twitter.com/qgalhSX7QM
— Narendra Modi (@narendramodi) July 21, 2025
അതേസമയം,അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ചൊവ്വാഴ്ച (ജൂലൈ 22) സംസ്‌ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾക്കും സ്വയംഭരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റസ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
ജൂലൈ 22 മുതൽ സംസ്‌ഥാനമൊട്ടാകെ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഈ കാലയളവിൽ സംസ്ഥാനമൊട്ടാകെ ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും.
Thiruvananthapuram,Kerala
July 21, 2025 7:18 PM IST
വി.എസിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി; സംസ്ഥാനത്ത് മൂന്നു ദിവസം ദുഃഖാചരണം; ചൊവ്വ പൊതുഅവധി