Leading News Portal in Kerala

V S Achuthanandan Death: തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദൻ അന്തരിച്ചു | Senior Communist leader VS Achuthanandan passes away


വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഏറെക്കാലമായി വീട്ടിൽ വിശ്രമത്തിലായിരുന്ന വി എസിനെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു മാസക്കാലമായി എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

സിപിഎം (CPM) സ്ഥാപിച്ച നേതാക്കളിൽ ഒരാളായിരുന്ന വിഎസ് 2006-2011 കാലത്ത് കേരളത്തിന്‍റെ മുഖ്യമന്ത്രിയും (Kerala Chief Minister) 1992-1996, 2001-2006, 2011-2016 കാലത്ത് പ്രതിപക്ഷനേതാവും ആയിരുന്നു.

ആലപ്പുഴ അറവുകാട് ക്ഷേത്ര ദേവസ്വം പ്രസിഡന്‍റായിരുന്ന അമ്പലപ്പുഴ താലൂക്കിലെ പുന്നപ്ര വെന്തലത്തറ അയ്യൻ ശങ്കരന്റെയും അക്കമ്മയുടെയും നാലു മക്കളിൽ മൂന്നാമൻ.1923 ഒക്ടോബർ 20-ന് തുലാമാസത്തിലെ അനിഴം നക്ഷത്രത്തിൽ ജനിച്ചു.ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയും.നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. നിവർത്തനപ്രക്ഷോഭത്തിന്‍റെ ചൂടും ചൂരുമേറ്റ് 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി.

17-ാം വയസിൽ ആസ്പിൻവാൾ കയർ ഫാക്റ്ററിയിൽ ജോലിക്കു കയറി. ടി.വി. തോമസ് പ്രസിഡന്‍റും ആർ. സുഗതൻ സെക്രട്ടറിയുമായ കയർ ഫാക്റ്ററി തൊഴിലാളി യൂണിയന്‍റെ സജീവ പ്രവർത്തകനായി. പി. കൃഷ്ണപിള്ള നേതൃത്വം നൽകിയ ഒരുമാസം നീണ്ട പഠന ക്ലാസിലെ ഏറ്റവും സജീവമായ അംഗം വി.എസ് ആയിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയിൽ 18 കഴിഞ്ഞവർക്കേ അംഗത്വം നൽകാവൂ എന്ന തീരുമാനം തിരുത്താൻ കൃഷ്ണപിള്ള തന്നെ ഇടപെട്ടതിനാൽ 1940-ൽ ആ 17കാരന് കമ്യൂണിസ്റ്റ് പാർട്ടി അംഗത്വം ലഭിച്ചു.

പി കൃഷ്ണപിള്ളയാണ് കുട്ടനാട്ടിലെ കർഷകത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കാൻ വി എസിനെ നിയോഗിച്ചത്. പിന്നീട് പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കുന്നതിനിടെ അറസ്റ്റ് വാറണ്ട് ഉണ്ടായതോടെ പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പോലീസിന്‍റെ പിടിയിലായ വി എസ് മരണതുല്യമായ അതിക്രൂരമായ ലോക്കപ്പ് മർദ്ദനത്തിനിരയായി.

1952-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയും 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗവുമായി. 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.1957 ൽ കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിതെളിച്ച് ഏറ്റവും കൂടുതൽ സാമാജികരെ നൽകിയത് അന്നത്തെ ആലപ്പുഴ ജില്ലയാണ്. അതിനാൽ പിന്നീട് ദേവികുളത്ത് നടന്ന സംസ്ഥാനത്തെ ആദ്യ ഉപതിരഞ്ഞെടുപ്പിന്റെ ചുമതലക്കാരനായി പാർട്ടി നിയോഗിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്കും മന്ത്രിസഭയ്ക്കും നിർണായകമായിരുന്ന തിരഞ്ഞെടുപ്പിൽ റോസമ്മ പുന്നൂസിന് വിജയം നേടിക്കൊടുത്ത തന്ത്രങ്ങൾ മെനഞ്ഞതോടെ വിഎസ് നേതൃനിരയിൽ കൂടുതൽ കരുത്തനായി.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ

1964 മുതൽ 1970 വരെ ആലപ്പുഴ ജില്ലയുടെ ആദ്യ സി.പി.എം. ജില്ലാ സെക്രട്ടറിയായി.

1980 മുതൽ 1991 വരെ മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പൊളിറ്റ് ബ്യൂറോയിൽ അംഗമായി. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016-ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു.

രാഷ്ട്രീയ രംഗത്ത് ഏറെക്കാലം പ്രവർത്തിച്ചിട്ടും മുഖ്യമന്ത്രിയാകുന്നതിന് മുൻപ് അച്യുതാനന്ദൻ മന്ത്രിയായിട്ടില്ല. പാർട്ടി ഭൂരിപക്ഷം നേടുമ്പോൾ വി.എസ്. തോൽക്കുകയാ, വി.എസ്. ജയിക്കുമ്പോൾ പാർട്ടി തോൽക്കുകയാ ചെയ്യുന്ന സ്ഥിതിയായിരുന്നു മിക്ക തവണയും. 1987ലെ ഇടതുമുന്നണി സർക്കാർ 13 ജില്ലകളിലെ ജില്ലാ കൗൺസിൽ വിജയത്തിന്റെ പ്രേരണയിൽ കാലാവധി തീരുന്നതിന് ഒരു വർഷം മുമ്പ് 1991ൽ നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി പരാജയം ഏറ്റുവാങ്ങി. പ്രചാരണത്തിനിടെ അപ്രതീക്ഷിതമായി രാജീവ് ഗാന്ധിയുടെ മരണം സൃഷ്ടിച്ച സഹതാപ തരംഗത്തിൽ കോൺഗ്രസ് അധികാരത്തിൽ എത്തി. അന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി ആയിരുന്ന അദ്ദേഹം 1992ൽ പ്രതിപക്ഷ നേതാവായി. അടുത്ത തവണ 1996 ൽ ഇടത് മുന്നണി വൻ വിജയം നേടിയെങ്കിലും മാരാരിക്കുളത്ത് അപ്രതീക്ഷിതമായ തോൽവിയോടെ അദ്ദേഹം മലമ്പുഴയിലേക്ക് തട്ടകം മാറ്റി. 1965ലും 1977 ലും അമ്പലപ്പുഴയിൽ തോറ്റ അദ്ദേഹത്തിന്റെ ഈ തോൽവി അദ്ദേഹത്തിൽ ഏറെ മാറ്റം വരുത്തി. 2001ൽ ഇടതുമുന്നണി വൻ പരാജയം നേടിയതോടെ വീണ്ടും പ്രതിപക്ഷ നേതാവായി.

പ്രതിപക്ഷ നേതാവായിരിക്കുന്ന കാലഘട്ടത്തിലാണ് വി എസ് ജനപ്രിയ നേതാവായി വളർന്നത്. നിയമസഭക്ക് അകത്തും പുറത്തും ജനകീയപ്രശ്നങ്ങൾ അദ്ദേഹം നടത്തിയ പോരാട്ടങ്ങളാണ് വി എസിനെ ശ്രദ്ധേയനാക്കിയത്. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ വി എസ് എടുത്തു.

ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്. 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ 83 വയസായിരുന്നു അദ്ദേഹത്തിന്. 2011ൽ 68 സീറ്റുമായി അധികാരത്തിന് അടുത്തെത്തിയ എൽഡിഎഫിന്റെ പ്രതിപക്ഷ നേതാവായി. 2016 മുതൽ 2021 വരെ സംസ്ഥാന ഭരണ പരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ ആയിരുന്നു അദ്ദേഹം.

വി.എസിന്‍റെ ‘വി’ എന്താണ് എന്ന് പലർക്കും സംശയമുണ്ട്. അദേഹത്തിന്‍റെ കുടുംബവീടിന്റെ പേര് വെന്തലത്തറ എന്നാണ്. ജ്യേഷ്ഠൻ ഗംഗാധരന്‍റെ കയ്യിൽ നിന്ന് വില കൊടുത്ത് വാങ്ങിയ സ്ഥലത്ത് വി.എസ് പണിത വീടാണ് ‘വേലിക്കകത്ത്’.