എല്ലാ കണ്ണുകളും ശശിതരൂരിലേക്ക്; അപ്രതീക്ഷിതമായി രാജിവെച്ച ധൻഖറിന് പകരം ഉപരാഷ്ട്രപതിയാകുമോ ?| all eyes to Shashi Tharoor on whether he will become a successor to jagdeep dhankhar who made a quick exit as vice president
Last Updated:
ജഗ്ദീപ് ധൻഖറിന്റെ പിൻഗാമിയായി ശശി തരൂർ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്
ന്യൂഡൽഹി: തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിന്റെ രാജി. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ധൻഖറിന്റെ രാജി രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. രാജിക്കത്തിൽ ധൻഖർ പറയുംപോലെ ആരോഗ്യ കാരണങ്ങൾ തന്നെയാണോ രാജിക്ക് പിന്നിലെന്നതടക്കമുള്ള ചർച്ചകളും നടക്കുന്നുണ്ട്. അതേസമയം, അടുത്ത ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങൾ എൻഡിഎ ആരംഭിച്ചുവെന്നാണ് വിവരം.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാനാണ് ഭരണപക്ഷം ആലോചിക്കുന്നത്. ഇതിനിടെ ആരാകും അടുത്ത ഉപരാഷ്ട്രപതി എന്ന ചർച്ചകളും സജീവമാണ്. കോൺഗ്രസ് നേതൃത്വവുമായി തെറ്റിനിൽക്കുന്ന ശശി തരൂരിലേക്ക് എല്ലാ കണ്ണുകളും എത്തുന്നത് ഈ സാഹചര്യത്തിലാണ്. ജഗ്ദീപ് ധൻഖറിന്റെ പിൻഗാമിയായി ശശി തരൂർ എത്തുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. നിലവിലുള്ള രാഷ്ട്രീയ സാഹചര്യമാണ് ഇത്തരമൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുന്ന ലേഖനത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വവും ശശി തരൂരും അകലുന്നത്. പിന്നാലെ ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പ്രത്യേക ദൗത്യ സംഘങ്ങളിൽ ഒന്നിനെ നയിക്കാനുള്ള പ്രധാന ചുമതല ഭരണപക്ഷം തരൂരിനെ ഏൽപിച്ചതോടെ കോൺഗ്രസ് വെട്ടിലായി. രാഷ്ട്രീയത്തെക്കാൾ വലുത് രാജ്യമാണെന്ന ശശി തരൂർ ലൈൻ ബിജെപിയോട് അടുക്കാനുള്ള അദ്ദേഹത്തിന്റെ തന്ത്രമായാണ് കോണ്‍ഗ്രസ് നേതൃത്വം കാണുന്നത്. എഐസിസിയിലും കേരളത്തിലേയും കോണ്‍ഗ്രസ് നേതാക്കളെ ചൊടിപ്പിച്ചു കൊണ്ട് പാര്‍ട്ടി നിർദേശങ്ങൾക്ക് തെല്ലുംവിലകല്‍പ്പിക്കാതെ ശശി തരൂര്‍ നീങ്ങിയത് ബിജെപിയിലൂടെ ലഭിക്കുന്ന സ്ഥാനമാനങ്ങള്‍ക്കാണെന്ന് പലകുറി വിമര്‍ശനം ഉയര്‍ന്നിരുന്നു.
അമേരിക്കയിലേക്കും മറ്റിടങ്ങളിലേക്കുമുള്ള ഇന്ത്യയുടെ പ്രതിനിധി സംഘത്തില്‍ പ്രധാനിയായിരുന്നു തരൂര്‍. രാജ്യ നിലപാടിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച തരൂര്‍ ഈ സന്ദര്‍ഭത്തിലാണ് ബിജെപി സര്‍ക്കാരുമായി കൂടുതല്‍ അടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം പുലര്‍ത്തുന്ന തരൂര്‍ മോദി വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിലപാടിന് വിരുദ്ധമായാണ് പലഘട്ടങ്ങളിലും പ്രതികരിച്ചത്.
മറുവശത്ത്, സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ പൂര്‍ണമായും ഒറ്റപ്പെട്ട നിലയിലാണ് ശശി തരൂര്‍, രാജ്‌മോഹന്‍ ഉണ്ണിത്താനും കെ മുരളീധരനും അടക്കമുള്ളവര്‍ തരൂരിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളില്‍ പ്രകോപിതനാകാതെ മൗനം തുടരുകയാണ് തരൂര്‍. മതസൗമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് കൂടുതൽ സജീവമാകാനുള്ള നീക്കം തരൂർ ക്യാമ്പ് നടത്തുകയാണെന്ന സൂചനകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. വരുന്ന 25, 26 തീയതികളിൽ കോട്ടയത്ത് നടക്കുന്ന സിഎസ്ഐ മധ്യ കേരള മഹാ ഇടവകയുടെ സംഗമത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ശശി തരൂർ, പാല രൂപതയുടെ ജൂബിലി സമാപന സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ മാണിക്കും ഒപ്പം വേദി പങ്കിടും.
ഇതിനിടെയാണ് ഉപരാഷ്ട്രപതിയുടെ അപ്രതീക്ഷിത രാജി സംഭവിച്ചത്. അടുത്ത ഉപരാഷ്ട്രപതിയെ 60 ദിവസത്തിനുള്ളിൽ തിരഞ്ഞെടുക്കേണ്ടതുണ്ട്. ലോക്സഭയിലെയും രാജ്യസഭയിലെയും എംപിമാര്‍ വോട്ട് ചെയ്താണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ഇതിനിടെയാണ് മോദിയുമായി അടുപ്പം പുലർത്തുന്ന ശശി തരൂരിന് ഭരണഘടനാ പദവി നല്‍കാൻ ബിജെപി തയാറായേക്കുമെന്ന തരത്തിലുള്ള ചർച്ചകൾ ശക്തമാകുന്നത്.
New Delhi,New Delhi,Delhi
July 22, 2025 12:45 PM IST