‘വിഷാംശമുള്ള രക്തം’ ഊറ്റിയെടുക്കും; ഒരു തുള്ളി രക്തത്തിന് 5000 രൂപ; ചികിത്സ നടത്തിയ ‘ഡോ. സെരിവാല’ പിടിയില്‍ Poisonous blood will be drained Police arrested Dr Zeriwala Whose Treatment Charged five thousand rupees Per Drop
കഴിഞ്ഞ വര്‍ഷം നവംബറില്‍ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് ശരീരം ഭാഗികമായി തളര്‍ന്നുപോയ 67കാരനായ മഹേഷ് ഛദ്ദയും അധ്യാപികയായി വിരമിച്ച ഭാര്യ മധുവും മുര്‍ത്തല്‍ ധാബയില്‍ പ്രഭാതഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് തട്ടിപ്പിന് തുടക്കമിട്ടത്. 2020ലാണ് മഹേഷ് ഛദ്ദയുടെ ശരീരം തളര്‍ന്നുപോയത്. അവിടെ വെച്ച് നിതിന്‍ അഗര്‍വാള്‍ എന്ന പേരില്‍ പരിചയപ്പെട്ട മുഹമ്മദ് കാസിമിനെ ദമ്പതികള്‍ പരിചയപ്പെട്ടു. ഡോ. സെരിവാലയുടെ ചികിത്സയിലൂടെ തന്റെ പിതാവ് സമാനമായ പക്ഷാഘാതത്തില്‍ നിന്ന് സുഖം പ്രാപിച്ചതായി അയാള്‍ അവരെ പറഞ്ഞു വിശ്വസിപ്പിച്ചു. കൂടാതെ, ഡല്‍ഹിയിലെ ദ്വാരകയിലെ തന്റെ വിലാസവും ബന്ധപ്പെടാനുള്ള നമ്പറും അയാള്‍ ദമ്പതിമാര്‍ക്ക് നല്കി.
അടുത്ത ദിവസങ്ങളില്‍ തട്ടിപ്പുകാര്‍ ദമ്പതികളെ ഫോണിൽ ബന്ധപ്പെട്ട് വിശ്വാസം വളര്‍ത്തിയെടുത്തു. കാസിം, ദമ്പതികള്‍ക്കും തന്റെ മാതാപിതാക്കളായി വേഷമിട്ട ആളുകളെയും തമ്മില്‍ ബന്ധിപ്പിക്കുകയും നിരവധി തവണ ഫോണ്‍ കോളുകള്‍ നടത്തുകയും ചെയ്തുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
തുടക്കത്തില്‍ ഡോ. സെരിവാലയുടെ സഹായിയെന്ന് പരിചയപ്പെടുത്തിയ സമീറിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ദുബായിലും കാനഡയിലും രോഗികളെ ചികിത്സിക്കുന്നതിന്റെ ഭാഗമായി ഡോക്ടര്‍ തിരിക്കിലാണെന്ന് ദമ്പതികളെ അവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചു.
ഒടുവില്‍ ദമ്പതികള്‍ക്ക് ഡോക്ടറുടെ അപ്പോയിന്റ്മെന്റ് ലഭിച്ചു. ചാധയിലെ ഒരു വീട്ടില്‍ ഡോക്ടർ ചികിത്സ നടത്തുന്നതായി ദമ്പതിമാരെ അറിയിച്ചു. ഡിസംബര്‍ നാലിന് ഡോക്ടര്‍ ഇവിടെ എത്തുമെന്ന് അവരോട് പറഞ്ഞു.
ഡിസംബര്‍ നാലിന് ഇവിടെയെത്തിയ മഹേഷിനെ സമീര്‍ ‘ടവ്വല്‍ ചൂടാക്കി’ തെറാപ്പി നല്കി. വൈകാതെ. ‘ഡോ. സെരിവാല’ അവിടേക്ക് എത്തി. ഇയാള്‍ മഹേഷിന്റെ തളര്‍ന്ന ശരീരഭാഗങ്ങളില്‍ മുറിവുകള്‍ ഉണ്ടാക്കി. ശേഷം പൈപ്പിലൂടെ രക്തം വലിച്ചെടുത്ത് രാസവസ്തു പുരട്ടിയ പ്രതലത്തിലേക്ക് തുപ്പി. അപ്പോള്‍ രക്തം മഞ്ഞനിറമായി മാറി. ഇത് ‘വിഷ’മാണെന്ന് രോഗിയെ തെറ്റിദ്ധരിപ്പിച്ചു.
ഇങ്ങനെ വലിച്ചെടുത്ത ഓരോ തുള്ളി രക്തത്തിനും ഡോ. സെരിവാല 5000 രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വിഷ വസ്തു തന്റെ വായിലേക്ക് എത്തിയതിനാല്‍ സ്വന്തം ജീവന് അപകടത്തിലാണെന്നും ഇതിനായി പ്രത്യേക മരുന്ന് കഴിക്കണമെന്നും ഡോ. സെരിവാല അവകാശപ്പെട്ടു. ഇങ്ങനെ തട്ടിപ്പുസംഘം രോഗിയില്‍ നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്തു.
ദമ്പതികള്‍ ആദ്യം ഒരു ലക്ഷം രൂപ പണമായി നല്കി. ബാക്കി തുക പിന്നീട് നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ ഡോ. സെരിവാല അവരെ വിളിച്ചു. കൂടുതല്‍ മരുന്നുകള്‍ നല്‍കാനുണ്ടെന്നും അതിനായി 19 ലക്ഷം രൂപ കൈമാറാനും സമ്മര്‍ദം ചെലുത്തി. ദമ്പതികള്‍ പണം കൈമാറുകയും ഉടന്‍ തന്നെ അവര്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.
തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി തിരിച്ചറിഞ്ഞ മധു പ്രതികള്‍ക്കെതിരേ പോലീസില്‍ പരാതി നല്കി. ഡോ. സെരിവാല, നിതിന്‍, മീനാക്ഷി, സമീര്‍ എന്നിവര്‍ക്കെതിരേ 2024 ഡിസംബര്‍ 23ന് വഞ്ചനാക്കുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.
മാസങ്ങള്‍ നീണ്ട പോലീസ് അന്വേഷണത്തിനൊടുവില്‍ ഈ വര്‍ഷം ഏപ്രില്‍ നാലിന് രാജസ്ഥാനിലെ സന്‍സ്ഗോഡ് ഗ്രാമത്തില്‍ നിന്ന് കാസിമിനെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ വിഹിതമായി 2.5 ലക്ഷം രൂപ കൈപ്പറ്റിയതായി കാസിം പോലീസിനോട് സമ്മതിച്ചു.
സിംഘി സംഘത്തിലെ അംഗങ്ങളാണ് ഈ പ്രതികളെന്നും അവര്‍ തെലങ്കാന, മധ്യപ്രദേശ്, ഹരിയാന, നോയിഡ എന്നിവടങ്ങളില്‍ സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. വ്യത്യസ്ത സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിന്റെ ശൃംഖല കണ്ടെത്താനുള്ള ശ്രമമാണെന്നും തട്ടിപ്പ് സംഘത്തില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അംഗങ്ങള്‍ രാജസ്ഥാനിലെ സന്‍സ്ഗോഡ് ഗ്രാമത്തിലുണ്ടെന്നും പോലീസ് വ്യക്തമാക്കി.
New Delhi,New Delhi,Delhi
July 22, 2025 2:08 PM IST
‘വിഷാംശമുള്ള രക്തം’ ഊറ്റിയെടുക്കും; ഒരു തുള്ളി രക്തത്തിന് 5000 രൂപ; ചികിത്സ നടത്തിയ ‘ഡോ. സെരിവാല’ പിടിയില്‍