Leading News Portal in Kerala

ഈ സര്‍ക്കാര്‍ സ്‌കൂള്‍ നവീകരിക്കാൻ പൂര്‍വവിദ്യാര്‍ത്ഥി നൽകിയത് 14 കോടി രൂപ | Former student donates Rs 14 crores to renovate the school he studied


Last Updated:

സൗകര്യങ്ങളുടെ കാര്യത്തില്‍ ബംഗളൂരുവിലെ ചില പ്രമുഖ അന്താരാഷ്ട്ര സ്‌കൂളുകളുമായും ഈ സര്‍ക്കാര്‍ സ്‌കൂള്‍ മത്സരിച്ചുനില്‍ക്കുന്നു

ഡോ. എച്ച്.എം. വെങ്കടപ്പഡോ. എച്ച്.എം. വെങ്കടപ്പ
ഡോ. എച്ച്.എം. വെങ്കടപ്പ

ബംഗളൂരു സൗത്തിലെ ഛന്നപട്ടണ താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഹൊങ്കനുരു ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ സ്‌കൂളാണ് ഇപ്പോള്‍ കര്‍ണാടകയില്‍ എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നത്. ഇവിടുത്തെ കര്‍ണാടക പബ്ലിക് സ്‌കൂള്‍ (കെപിഎസ്) കാണാന്‍ സാധാരണ ഒരു ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്‌കൂള്‍ പോലെയല്ല . ഇതാണ് ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതിനുള്ള കാരണം.

50 വിശാലമായ ക്ലാസ് മുറികള്‍, 40 കമ്പ്യൂട്ടറുകള്‍, സയന്‍സ്-ഗണിത ലാബുകള്‍, ഡിജിറ്റല്‍ സ്മാര്‍ട്ട് ബോര്‍ഡുകള്‍, ലൈബ്രറി, സ്‌പോര്‍ട്‌സ് സൗകര്യങ്ങള്‍ എന്നിവയാണ് ഈ സര്‍ക്കാര്‍ സ്‌കൂളിനെ മറ്റ് പൊതു സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. സൗകര്യങ്ങളുടെ കാര്യത്തില്‍ ബംഗളൂരുവിലെ ചില പ്രമുഖ അന്താരാഷ്ട്ര സ്‌കൂളുകളുമായും ഈ സര്‍ക്കാര്‍ സ്‌കൂള്‍ മത്സരിച്ചുനില്‍ക്കുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചോ ഏതെങ്കിലും സ്‌കീം വഴിയോ നടപ്പാക്കിയതല്ല ഈ സ്‌കൂളിന്റെ പരിവര്‍ത്തനം. ഏതെങ്കിലും സിഎസ്ആര്‍ ക്യാമ്പെയിനിന്റെയും ഭാഗമല്ല. ഒരു പൂര്‍വവിദ്യാര്‍ത്ഥി നല്‍കിയ സാമ്പത്തിക സഹായമാണ് ഈ സര്‍ക്കാര്‍ സ്‌കൂളിന്റെ മുഖച്ഛായ തന്നെ മാറ്റിയത്.

1949-നും 1957-നും ഇടയില്‍ ഈ സ്‌കൂളില്‍ പഠിച്ച് ഡോ. എച്ച്എം വെങ്കടപ്പയാണ് സ്‌കൂളിന്റെ നവീകരണത്തിന് സഹായം നല്‍കിയത്. 14 കോടി രൂപ അദ്ദേഹം സ്‌കൂളിനായി സംഭവന ചെയ്തു.

ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ നിന്നുള്ളയാളായിരുന്നു വെങ്കടപ്പ. പക്ഷേ, കഠിനാധ്വാനത്തിലൂടെ അദ്ദേഹം ഡോക്ടറായി. എംബിബിഎസും എംഡിയും പൂര്‍ത്തിയാക്കി. എന്നാല്‍ താന്‍ പഠിച്ച വിദ്യാലയത്തെയോ ഗുരുക്കന്മാരെയോ അദ്ദേഹം മറന്നില്ല. ഇപ്പോള്‍ 79 വയസ്സുള്ള അദ്ദേഹം തന്റെ യാത്രയെ രൂപപ്പെടുത്തിയതിന് ഗാന്ധിയനായിരുന്ന സ്‌കൂളിലെ പ്രധാന അധ്യാപകനോടും മറ്റ് അധ്യാപരോടും കടപ്പെട്ടിരിക്കുന്നു.

2022-ല്‍ ഈ നന്ദി അദ്ദേഹം അസാധാരണമായ രീതിയില്‍ പ്രകടിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ സ്‌കൂള്‍ നവീകരിക്കാനും പുനര്‍നിര്‍മ്മിക്കാനുമായി തന്റെ സ്വകാര്യ സ്വത്തില്‍ നിന്നും വെങ്കടപ്പ 14 കോടി രൂപ സംഭാവന നല്‍കി. ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് താന്‍ ആഗ്രഹിച്ചതായി അദ്ദേഹം പറയുന്നു.

വെറും രണ്ട് വര്‍ഷത്തിനുള്ളിലാണ് സ്‌കൂളിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. 4.5 ഏക്കറിലായി വ്യാപിച്ചുകിടന്നിരുന്ന സ്‌കൂള്‍ 2022 ജൂണില്‍ പൂര്‍ണ്ണമായും പൊളിച്ചുമാറ്റി. രണ്ടരവര്‍ഷത്തിനുള്ളില്‍ രണ്ട് പുതിയ കെട്ടിടങ്ങള്‍ അവിടെ ഉയര്‍ന്നു. ഇവ ആധൂനികവും ആകര്‍ഷകവുമാണ്. മാത്രമല്ല എല്‍കെജി മുതല്‍ 12-ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് കന്നഡ, ഇംഗ്ലീഷ് മീഡിയവും വാഗ്ദാനം ചെയ്യുന്നു.

മിക്ക സര്‍ക്കാര്‍ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകുമ്പോള്‍ കെപിഎസ് ഹൊങ്കനുരുവില്‍ ഈ വര്‍ഷം മാത്രം 200 വിദ്യാര്‍ത്ഥികളുടെ വര്‍ദ്ധനയുണ്ടായി. മൊത്തം വിദ്യാര്‍ത്ഥികളുടെ എണ്ണം 800 ആയി ഉയര്‍ന്നു. അര്‍ത്ഥവത്തായ അടിസ്ഥാനസൗകര്യങ്ങള്‍ക്കും കാഴ്ചപ്പാടിനും എന്ത് മാറ്റം കൊണ്ടുവരാന്‍ കഴിയുമെന്നതിന്റെ തെളിവാണിത്.