വീടിന് പുതുപുത്തൻ ടൈൽ ഇട്ടു;ഭർത്താവിനെ ദൃശ്യം സ്റ്റൈലിൽ കുഴിച്ചിട്ടതിന് ഭാര്യക്കും കാമുകനും എതിരെ കേസ് Case filed against wife and lover for burying husband in Drishyam style after new tiles were put in house
Last Updated:
ഏകദേശം രണ്ടാഴ്ച്ച മുമ്പ് കുഴിച്ചിട്ടതായി കരുതുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു
‘ദൃശ്യം’ സിനിമയുടെ രീതിയില്‍ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ ഭാര്യയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി വീടിനുള്ളില്‍ കുഴിച്ചിട്ടു. വീട്ടില്‍ പുതിയ ടൈല്‍ പാകിയതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കൊലപാതക വിവരം പുറത്തുവന്നത്. പ്രതികള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മുംബൈയിലെ നല്ലസൊപാരയിലെ ഗംഗ്നിപാഡ പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയില്‍ താമസിക്കുന്ന വിജയ് ചൗഹാന് എന്നയാളാണ് കൊല്ലപ്പെട്ടത്. 34-കാരനായ ഇദ്ദേഹത്തിന്റെ മൃതദേഹം വീട്ടിലെ തറയില്‍ ടൈലുകള്‍ക്കടിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഏകദേശം രണ്ടാഴ്ച്ച മുമ്പ് കുഴിച്ചിട്ടതായി കരുതുന്ന മൃതദേഹം അഴുകിയ നിലയിലായിരുന്നു. മെഡിക്കൽ സംഘത്തിന്റെ സാന്നിധ്യത്തിൽ പോലീസ് തിങ്കളാഴ്ച മൃതദേഹം പുറത്തെടുത്തു.
ഭാര്യ ചമന്‍ ദേവിയും (28) ഇവരുടെ അയല്‍വാസിയും കാമുകനുമായ മോനു ശര്‍മ്മയുമാണ് (20) കൊലപാതകത്തിനുപിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. രണ്ട് പ്രതികള്‍ക്കുമെതിരെ ഭാരതീയ നിയമ സംഹിതയിലെ കൊലപാതകം (സെക്ഷന്‍ 103), തെളിവ് നശിപ്പിക്കല്‍ (238), പൊതു ഉദ്ദേശ്യം (3(5)) എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
മീര-ഭായന്ദര്‍, വാസായ് വിരാര്‍ (എംബിവിപി) പോലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം നടന്നത്. ചമന്‍ ദേവിയെയും കാമുകന് ശര്‍മ്മയെയും കണ്ടെത്തുന്നതിനായുള്ള തിരച്ചില്‍ പോലീസ് ആരംഭിച്ചിട്ടുണ്ട്.
കൊല്ലപ്പെട്ട ചൗഹാന്റെ രണ്ട് സഹോദരന്മാര് പുതിയ വീട് വാങ്ങാന്‍ കുറച്ച് പണം ചോദിക്കാനായി അദ്ദേഹത്തെ കാണാന്‍ ആഗ്രഹിച്ചതായി പാൽഘർ സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര വാങ്കോട്ടി പറഞ്ഞു. ചൗഹാനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. എന്നാല്‍ വീട്ടില്‍ ചെന്ന് ഭാര്യയോട് ചോദിച്ചപ്പോള്‍ ഭര്‍ത്താവ് ജോലിക്കുപോയിരിക്കുകയാണെന്ന് പറഞ്ഞു.
ചൗഹന് വീട്ടില്‍ തിരിച്ചെത്തിയോ എന്നറിയാന്‍ ജൂലായ് 19-ന് സഹോദരന്മാര് വീണ്ടും ചമന്‍ ദേവിയെ വിളിച്ചുനോക്കി. എന്നാല്‍ അവരുടെ ഫോണ്‍ സ്വിച്ച്ഓഫ് ആയിരുന്നു. സഹോദരന്മാര് അന്വേഷിച്ച് വീണ്ടും വീട്ടില്‍ എത്തിയപ്പോള്‍ അവിടെ അദ്ദേഹം ഉണ്ടായിരുന്നില്ലെന്നും ഭാര്യയെയും കാണാനില്ലായിരുന്നുവെന്നും പോലീസ് പറയുന്നു.
അവര്‍ വീട് പരിശോധിച്ചപ്പോള്‍ തറയില്‍ പുതിയ ടൈലുകള്‍ പാകിയത് ശ്രദ്ധയില്‍പ്പെട്ടു. സംശയംതോന്നി ടൈലുകള്‍ മാറ്റിയപ്പോഴാണ് തറയില്‍ നിന്നും ദര്‍ഗന്ധം വമിക്കുന്നതായി കണ്ടത്. സഹോദരന്മാര് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെയും ഫോറന്‍സിക് വിദഗ്ദ്ധരുടെയും പ്രാദേശിക തഹസില്‍ദാരുടെയും സാന്നിധ്യത്തില്‍ മൃതദേഹം പുറത്തെടുത്തതായി വാങ്കോട്ടി പറഞ്ഞു. അഴുകിയ മൃതദേഹം മുംബൈയിലെ ജെജെ ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.
അതേസമയം ജൂലായ് 10 മുതല്‍ ചൗഹാനെയും 19 മുതല്‍ അദ്ദേഹത്തിന്റെ ഭാര്യയെയും കാണാനില്ലെന്ന് അയല്‍ക്കാര്‍ ഇദ്ദേഹത്തിന്റെ സഹോദരന്മാരെ വിവരം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ചമന്‍ ദേവി കാമുകന്റെ സഹായത്തോടെ ചൗഹാനെ കൊലപ്പെടുത്തി രക്ഷപ്പെട്ടതായാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ ചൗഹാനെ എങ്ങനെ, എന്തിന് കൊലപ്പെടുത്തിയെന്ന കാര്യം വ്യക്തമല്ല. ഇതേപ്രദേശത്തുള്ള മറ്റൊരാളും കൊലപാതകത്തില്‍ ഉള്‍പ്പെട്ടതായാണ് സംശയിക്കുന്നത്.
July 22, 2025 9:26 PM IST
വീടിന് പുതുപുത്തൻ ടൈൽ ഇട്ടു;ഭർത്താവിനെ ദൃശ്യം സ്റ്റൈലിൽ കുഴിച്ചിട്ടതിന് ഭാര്യക്കും കാമുകനും എതിരെ കേസ്