Leading News Portal in Kerala

‘ഇത്രയും ഗുളികകള്‍ കൊടുത്തു, ഒന്നും സംഭവിച്ചില്ല’; ഭാര്യയുടെയും കാമുകന്റെയും രഹസ്യചാറ്റില്‍ പുറത്തു വന്നത് ഭര്‍ത്താവിന്റെ കൊലപാതകം | Chat between woman and lover reveals murder plot behind death of husband


ജൂലൈ 13 പടിഞ്ഞാറന്‍ ഡല്‍ഹിയിലെ മാതാ രൂപാണി മഗ്ഗോ ആശുപത്രിയില്‍ നിന്ന് പിസിആറിലേക്ക് കരണിന്റെ മരണം റിപ്പോര്‍ട്ട് ചെയ്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കരണിന്റെ അമ്മാവന്റെ മകനാണ് രാഹുല്‍. കരണിന്റെ സഹോദരന്‍ ഫോണില്‍ ചാറ്റുകള്‍ പരിശോധിച്ചുവെന്നും അപ്പോഴാണ് കരണിനെ കൊലപ്പെടുത്തുന്നതിനെ കുറിച്ച് സുഷ്മിതയും രാഹുലും ചര്‍ച്ച ചെയ്ത ചാറ്റുകള്‍ കണ്ടെത്തിയതെന്നും ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പോലീസ് അങ്കിത് കുമാര്‍ സിംഗ് പറഞ്ഞു. പിന്നാലെ ഇരുവരെയും പോലീസ് അറസ്റ്റു ചെയ്തു.

സുഷ്മിതയുടെ പെരുമാറ്റത്തില്‍ ചില സംശയങ്ങള്‍ ഉള്ളതായും രാഹുലുമായി അവര്‍ക്ക് അടുപ്പമുള്ളതായും കരണിന്റെ സഹോദരന്‍ പോലീസിനെ അറിയിച്ചു.

കരണിന് സുഷ്മിത കൂടിയ അളവില്‍ ഉറക്കഗുളിക നല്‍കിയ ശേഷം മരണം ഉറപ്പാക്കാന്‍ കാത്തിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. എന്നാല്‍ അവര്‍ കരുതിയത് പോലെ കരണ്‍ മരണപ്പെട്ടില്ല. തുടര്‍ന്ന് സുഷ്മിത ഇക്കാര്യം രാഹുലിനെ അറിയിച്ചു.

ജൂലൈ 12ന് രാത്രി കരണിന് നല്‍കിയ ആഹാരത്തില്‍ സുഷ്മിത 15 ഉറക്കഗുളികകള്‍ കലര്‍ത്തിയിരുന്നു. എന്നാൽ സുഷ്മിത കരുതിയത് പോലെ കരൺ മരണപ്പെട്ടില്ല. തുടർന്ന് ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തുന്നതിനായി എത്തണമെന്ന് ആവശ്യപ്പെട്ട് രാഹുലിനെ അവർ ഫോണില്‍ വിളിച്ചു.

കൊലപാതകത്തിന് ശേഷം സുഷ്മിത തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്ക് പോയി. കരണ്‍ കുഴഞ്ഞുവീണതായി അവരെ അറിയിച്ചു. പിന്നാലെ കരണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഈ സമയം കരണ്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. വൈദ്യുതാഘാതമേറ്റ് കരണ്‍ മരിച്ചതായി ആശുപത്രിയിൽ നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

ഇതിനിടെ സുഷ്മിതയും രാഹുലും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു. ”ഞാന്‍ കുറെ ഉറക്കഗുളിക കൊടുത്തു. എന്നാൽ ഒന്നും സംഭവിച്ചില്ല. ഷോക്കടിപ്പിക്കണമെന്നാണ് എനിക്ക് തോന്നുന്നത്,” സുഷ്മിത രാഹുലിന് അയച്ച ഒരു സന്ദേശത്തില്‍ പറയുന്നതായി അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കൈകളും കാലുകളും ടേപ്പുകൊണ്ട് ബന്ധിപ്പിച്ചശേഷം ഷോക്കടിപ്പിക്കാന്‍ രാഹുല്‍ സുഷ്മിതയ്ക്ക് മറുപടി നല്‍കി.

കരണിനെ ഉറക്കഗുളിക നല്‍കി കൊല്ലാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടപ്പോഴുള്ള നിരാശയും ചാറ്റുകൾ വെളിപ്പെടുത്തി. കരണിനെ കൊലപ്പെടുത്തുന്നതിനുള്ള വിവിധ രീതികളെക്കുറിച്ച് ഇരുവരും ഗവേഷണം നടത്തിയിരുന്നതായും സ്രോതസ്സുകള്‍ പറഞ്ഞു.

കൊലപാതകത്തിന് ഇരുവരും ആഴ്ചകളോളം ആസൂത്രണം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഫൊറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നാലേ വ്യക്തമാകൂ. ഇരുവര്‍ക്കുമെതിരേ കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായി ഡിസിപി അങ്കിത് കുമാര്‍ സിംഗ് പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

‘ഇത്രയും ഗുളികകള്‍ കൊടുത്തു, ഒന്നും സംഭവിച്ചില്ല’; ഭാര്യയുടെയും കാമുകന്റെയും രഹസ്യചാറ്റില്‍ പുറത്തു വന്നത് ഭര്‍ത്താവിന്റെ കൊലപാതകം