Leading News Portal in Kerala

മലപ്പുറത്ത് നഴ്‌സ് ജീവനൊടുക്കിയ സംഭവത്തിൽ ആശുപത്രി മുൻ ജനറല്‍ മാനേജര്‍ അറസ്റ്റില്‍


Last Updated:

കോതമംഗലം സ്വദേശിനിയായ അമീന എന്ന നഴ്‌സ് ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍ വച്ച് അമിതമായി മരുന്നുകള്‍ കഴിച്ച് ജീവിതം അവസാനിപ്പിച്ചത്

(പ്രതീകാത്മക ചിത്രം)(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)

കുറ്റിപ്പുറത്തെ അമാന ആശുപത്രിയില്‍ നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ ആശുപത്രി മുൻ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. കോതമംഗലം സ്വദേശിനിയായ അമീന എന്ന നഴ്‌സ് ആണ് ആശുപത്രിയുടെ മുകള്‍ നിലയില്‍ വച്ച് അമിതമായി മരുന്നുകള്‍ കഴിച്ച് ജീവിതം അവസാനിപ്പിച്ചത്. യുവതി മരിച്ചതോടെ ഒളിവില്‍ പോയ ജനറല്‍ മാനേജര്‍ ആയിരുന്ന എന്‍. അബ്ദുറഹ്മാനെയാണ് കുറ്റിപ്പുറം പോലീസ് പിടികൂടിയത്. സംഭവത്തെ തുടർന്ന്, ഇയാളെ ആശുപത്രി അധികൃതർ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു.

കഴിഞ്ഞ ദിവസം വൈകിട്ടോടെ കസ്റ്റഡിയിലെടുത്ത അബ്ദുറഹ്മാനെ തിരൂര്‍ ഡിവൈ.എസ്.പി. സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിൽ പോലീസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തു. തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കഴിഞ്ഞ ദിവസങ്ങളില്‍ അമീനയുടെ സഹപ്രവര്‍ത്തകരുടെയും നേരത്തെ അമാന ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുള്ള ജീവനക്കാരുടെയും മൊഴികള്‍ പൊലിസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികള്‍ കോതമംഗലം പല്ലാരിമംഗലത്തെ വീട്ടിലെത്തി പോലീസ് രേഖപ്പെടുത്തിയിരുന്നു.

കേസില്‍ നിര്‍ണായകമായ വിവരങ്ങളടങ്ങുന്ന മൊഴികളാണ് പൊലീസിന് കുടുംബം നല്‍കിയത്. 12ന് വൈകിട്ടോടെയാണ് നഴ്‌സ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയിൽ കണ്ടത്. തുടർന്ന് അവരെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മുന്‍ മാനേജറുടെ മാനസികപീഡനം സംബന്ധിച്ച പരാതികൾ വിവിധ നേഴ്‌സുമാര്‍ പോലീസിനും നല്‍കിയിരുന്നു.

തിരൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി പ്രതിയെ പിടികൂടിയിരുന്നു. തുടര്‍ന്ന് അബ്ദുറ ഹ്മാന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതോടെ നഴ്‌സുമാരുടെ സംഘടനകളും വിവിധ പാര്‍ട്ടികളും അമാന ആശുപത്രിയിലേക്ക് പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു. അബ്ദുറഹ്മാനെതിരേ നഴ്‌സുമാരും സംഘടനകളും പൊലീസില്‍ പരാതി നല്‍കി.

അമീനയുടെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നല്‍കി. ഇതോടെ തിരൂര്‍ ഡിവൈ.എസ്.പി സി. പ്രേമാനന്ദ കൃഷ്ണന്‍ കേസ് ഏറ്റെടുക്കുകയും ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുറഹ്മാനെ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷത്തിലേറേയായി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഇവരുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് പലകാരണങ്ങള്‍ പറഞ്ഞ് ജനറല്‍ മാനേജര്‍ അനുവദിച്ചിരുന്നില്ല.

സാമ്പത്തിക പ്രയാസങ്ങളുള്ള വീട്ടിലെ ഏക അത്താണിയായിരുന്നു അമീന. എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വേറെ ജോലിക്ക് ചേരാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. ഈ മാനസിക വിഷമത്തിൽ യുവതി ജീവനൊടുക്കിയെന്നാണ് വീട്ടുകാര്‍ പറയുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

Summary: Former hospital general manager arrested for causing death of a nurse in Malappuram