അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു| young man was stabbed to death by elder brother following dispute over their deceased fathers job in kollam
Last Updated:
മരണമടഞ്ഞ അച്ഛന്റെ ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്
കൊല്ലം: മരണമടഞ്ഞ അച്ഛന്റെ ജോലി ലഭിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിൽ അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. കരിക്കോട് ഐശ്വര്യ നഗർ ജിഞ്ചുഭവനിൽ റോയി എന്നു വിളിക്കുന്ന ലിഞ്ചു(35)വാണ് ജ്യേഷ്ഠൻ ജിഞ്ചുവിന്റെ കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.45നാണ് സംഭവം.
ഒട്ടേറെ കേസുകളിൽ പ്രതിയാണ് മരിച്ച ലിഞ്ചു. മദ്യപിച്ചെത്തുന്ന സഹോദരങ്ങൾ തമ്മിൽ വഴക്ക് പതിവാണ്. ചൊവ്വാഴ്ച രാത്രിയും വീടിനുമുന്നിൽവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായി. ഇതിനിടെ ജിഞ്ചു കയ്യിൽ കിട്ടിയ കത്തികൊണ്ട് ലിഞ്ചുവിനെ കുത്തുകയായിരുന്നു. സാരമായി പരിക്കേറ്റ ഇയാളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുപോകവേ മരിച്ചുവെന്ന് കിളികൊല്ലൂർ പൊലീസ് പറയുന്നു.
സംസ്ഥാന വെയർഹൗസിങ് കോർപ്പറേഷനു കീഴിൽ കരിക്കോട്ട് പ്രവർത്തിക്കുന്ന വെയർഹൗസിലെ ലോഡിങ് തൊഴിലാളിയായിരുന്നു ഇവരുടെ അച്ഛൻ തങ്കച്ചൻ. അദ്ദേഹത്തിന്റെ മരണശേഷം മൂത്തമകനായ ജിഞ്ചു ഈ ജോലിക്കുകയറി. ഇതിൽ പ്രകോപിതനായ ലിഞ്ചു ജോലി തനിക്കു വേണമെന്നാവശ്യപ്പെട്ട് കുറച്ചുനാളായി വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ജോലിയുടെ പേരിലുണ്ടായ തർക്കമാണ് ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിനുശേഷം ഒളിവിൽപ്പോയ പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. മേരിക്കുട്ടിയാണ് അമ്മ.
Kollam,Kollam,Kerala
July 23, 2025 8:21 AM IST