Leading News Portal in Kerala

Jagdeep Dhankhar: ധന്‍ഖറിന്റെ രാജി: ജസ്റ്റിസ് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ കത്തില്‍ കേന്ദ്രസര്‍ക്കാരുമായി കൊമ്പുകോര്‍ത്തതാണ് കാരണമെന്ന് റിപ്പോര്‍ട്ട്‌| What is the reason for Vice President Jagdeep Dhankhars resignation


ഡല്‍ഹിയിലെ ജസ്റ്റിസ് വര്‍മയുടെ വസതിയിലുണ്ടായ ഒരു തീപിടിത്തത്തിനിടെ പണം കൂമ്പാരമായി അടുക്കിയിരിക്കുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ജസ്റ്റിസ് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള കത്ത് പ്രതിപക്ഷം രാജ്യസഭാ അധ്യക്ഷനായ ധന്‍ഖറിന് നല്‍കിയത്. പിന്നാലെ ഇതിന്  ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അദ്ദേഹം സെക്രട്ടറി ജനറലിനോട് നിര്‍ദേശിക്കുകയും ചെയ്തു.

പ്രതിപക്ഷ എംപിമാരില്‍ നിന്നുൾപ്പെടെ ഒപ്പുകള്‍ ശേഖരിച്ച് ജസ്റ്റിസ് വര്‍മയെ നീക്കം ചെയ്യുന്നതിനുള്ള ഒരു പ്രമേയം തയ്യാറാക്കി ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയായിരുന്നു. ഇതിനെ മറികടന്ന് ധന്‍ഖര്‍ നടപടി സ്വീകരിച്ചതാണ് കേന്ദ്രത്തെ ചൊടിപ്പിച്ചത്.

152 ലോക്‌സഭാ എംപിമാര്‍ സമാനമായ പ്രമേയം സ്പീക്കര്‍ക്ക് സമര്‍പ്പിച്ചതായി കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ രാജ്യസഭയില്‍ പറഞ്ഞിരുന്നു. ധന്‍ഖറിന് നല്‍കിയ കത്തില്‍ 50ലധികം രാജ്യസഭാ എംപിമാര്‍ ഒപ്പിട്ടിരുന്നു.

ധന്‍ഖര്‍ സര്‍ക്കാരിനെ ഈ നീക്കത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിച്ചില്ലെന്ന് വൃത്തങ്ങള്‍ സിഎന്‍എന്‍-ന്യൂസ് 18നോട് പറഞ്ഞു. ”ജസ്റ്റിസ് വര്‍മയെ നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കാനുള്ള പ്രതിപക്ഷത്തിന്റെ നിര്‍ദേശം ധന്‍ഖര്‍ അംഗീകരിച്ചു. എന്നാല്‍ ഇക്കാര്യം സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. സര്‍ക്കാരിനെ അറിയിച്ചിരുന്നെങ്കില്‍ ഭരണകക്ഷിയിലെ എംപിമാരും നിര്‍ദേശത്തില്‍ ഒപ്പിടുമായിരുന്നു,” അവര്‍ പറഞ്ഞു.

ജുഡീഷ്യറിയിലെ അഴിമതി വിഷയത്തില്‍ ശക്തമായ നിലപാട് ഇതിനോടകം തന്നെ സ്വീകരിച്ചതിനാല്‍ ധന്‍ഖറിന്റെ ഈ നീക്കത്തോട് സര്‍ക്കാര്‍ തെല്ലും ദയ കാണിച്ചില്ല. ഈ വിഷയത്തില്‍ ധന്‍ഖറിന്റെ നിലപാട് കേന്ദ്രസര്‍ക്കാരിനെ ക്ഷീണിപ്പിക്കുമെന്ന് തോന്നിയതായും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

പിന്നാലെ ധന്‍ഖറിന്റെ പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണെന്ന് കാട്ടി കേന്ദ്രത്തിലെ മുതിര്‍ന്ന മന്ത്രിമാര്‍ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ ആരോഗ്യ കാരണങ്ങളും ചികിത്സയും ചൂണ്ടിക്കാട്ടി ധന്‍ഖര്‍ ഉടൻ തന്നെ രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിക്കുകയായിരുന്നു.

ഉപരാഷ്ട്രപതി രാജി വെച്ച് 60 ദിവസത്തിനുള്ളില്‍ ആ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. തിരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടെടുപ്പിനുള്ള തീയതി നിശ്ചയിക്കുന്നത്. അത് സര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്നതല്ല. ”ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ തന്നെ തിരഞ്ഞെടുപ്പ് നടത്തണമോ വേണ്ടയോ എന്നത് പൂര്‍ണമായും തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക,” വൃത്തങ്ങള്‍ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാട്

ധന്‍ഖറിന്റെ രാജി പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന് കാരണമായി. രാജി ‘വിശദീകരിക്കാന്‍ കഴിയാത്തതാണെന്ന്’ കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

”രണ്ട് ദിവസത്തെ രാജ്യസഭാ സമ്മേളനം ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെയാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖര്‍ നടത്തിയത്. എന്നാല്‍, ആരോഗ്യം മോശമാണെന്ന് അദ്ദേഹത്തിന്റെ രാജിക്കത്തില്‍ പറയുന്നു. ഇത് ശാരീരിക അനാരോഗ്യത്തേക്കാള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അനാരോഗ്യത്തെക്കുറിച്ചാണ് ഞങ്ങള്‍ കരുതുന്നു. ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ അവസരത്തില്‍ ഒരു പക്ഷേ, തങ്ങളെ സഹായിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ ഉപരാഷ്ട്രപതിയായി നിയമിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നുണ്ടാകും,” കോണ്‍ഗ്രസ് എംപി മല്ലു രവി പറഞ്ഞു.

അതേസമയം, ധന്‍ഖറിന്റെ രാജി ഞെട്ടിപ്പിക്കുന്നതാണ് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. അദ്ദേഹം രാജ്യസഭാ സമ്മേളനം മുഴുവന്‍ സമയവും നിയന്ത്രിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ഈ വിഷയത്തില്‍ സര്‍ക്കാര്‍ മൗനം തുടരുകയാണ്. ഇന്ത്യയുടെ ഉപരാഷ്ട്രപതി എന്ന നിലയില്‍ വിവിധ പദവികളില്‍ ധന്‍ഖര്‍ രാജ്യത്തിന് നല്‍കിയ സേവനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹക മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ അനുസ്മരിച്ചു. പൊതുജീവിതത്തിനും ഭരണത്തിനും ധന്‍ഖര്‍ നല്‍കിയ സംഭാവനകളെ എടുത്തു പറഞ്ഞ പ്രധാനമന്ത്രി നല്ല ആരോഗ്യവും ക്ഷേമവും അദ്ദേഹത്തിന് തുടര്‍ന്നും ലഭിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/India/

ധന്‍ഖറിന്റെ രാജി: ജസ്റ്റിസ് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷത്തിന്റെ കത്തില്‍ കേന്ദ്രസര്‍ക്കാരുമായി കൊമ്പുകോര്‍ത്തതാണ് കാരണമെന്ന് റിപ്പോര്‍ട്ട്‌