വി എസ് ഇനി ജ്വലിക്കുന്ന ഓർമ; അവസാനമായി ഒന്നുകാണാൻ ഒഴുകിയെത്തിയത് കണ്ണീർക്കടൽ VS Achuthanandans Funeral ceremony at alappuzha huge number of people came to have a last look with tears
Last Updated:
അവസാനമായി വിഎസിനെ ഒരുനോക്കു കാണാൻ കണ്ണീരണിഞ്ഞ ജനസാഗരമാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്
അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദന് കേരളം വിട നൽകി. ബുധനാഴ്ച രാത്രി 9.16ന് ആലപ്പുഴ വലിയ ചുടുകാട്ടിൽ ഔദ്യോഗികബഹുമതികളോടെ സംസ്കാരം നടന്നു. മകൻ അരുൺകുമാർ ചിതയ്ക്ക് തീകൊളുത്തി. നേരത്തെ നിശ്ചയിച്ചതിൽ നിന്നും 5 മണിക്കൂർ വൈകിയാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അവസാനമായി വിഎസിനെ ഒരുനോക്കു കാണാൻ ജന സാഗരമാണ് ആലപ്പുഴയിലേക്ക് ഒഴുകിയെത്തിയത്. വിഎസിന്റെ വീടായ വേലിക്കകത്തു വീട്ടിലും സിപിഎം ആലപ്പുഴ ഡിസി ഓഫീസിലും ബിച്ച് റിക്രിയേഷൻ ഗ്രൌണ്ടിലുമുള്ള പൊതു ദർശനത്തിൽ മുദ്രാവാക്യം വിളികളോടെ പ്രിയ നേതാവിനെക്കാണാൻ ജനങ്ങൾ എത്തി. രാത്രി എട്ട് മണിക്ക് ശേഷമാണ് വിഎസിന്റെ ഭൗതിക ദേഹം റിക്രിയേഷൻ ഗ്രൗണ്ടിൽ വലിയ ചുടുകാട്ടിലേക്ക് കൊണ്ടു പോയത്. തുടർന്ന് സംസ്കാര ചടങ്ങുകൾക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ കേരളം കണ്ട ഏറ്റവും മഹാനായ സമര സഖാവിന്റെ ഭൗതിക ദേഹവും അഗ്നി ഏറ്റുവാങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി, മറ്റു മന്ത്രിമാർ. സിപിഎം നേതാക്കളടക്കമുള്ള രാഷ്ട്രീയ പ്രവർത്തകർ എന്നവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30നാണ് വിഎസിന്റെ ഭൗതിക ദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ടത്. 22 മണിക്കൂർ പിന്നിട്ട് ബുധനാഴ്ച രാവിലെയാണ് തിരുവനന്തപുരത്തും കൊല്ലത്തും വിവിധയിടങ്ങളിൽ തടിച്ചു കൂടിയ ജനാവലിയുടെ അന്ത്യാഭിവാദ്യങ്ങൾ ഏറ്റുവാങ്ങിക്കാണ്ട് വിഎസിന്റെ സ്വന്തം മണ്ണായ ആലുപ്പുഴയിലേക്ക് പ്രവേശിച്ചത്. ഉച്ച്ക്ക് 12 മണികഴിഞ്ഞ് വിഎസിന്റഎ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുന്നപ്രയിലെ വേലിക്കകത്തു വീട്ടിൽ എത്തിച്ചേർന്നു. തുടർന്ന് വേലിക്കത്തു വീട്ടിലും പിന്നീട് മൂന്ന് മണിയോടെ ആലപ്പുഴ സിപിഎം ഡിസി ഓഫീസിലും പൊതുദർശനമുണ്ടായിരുന്നു.മന്ത്രിമാർ അടക്കമുള്ള സിപിഎം നേതാക്കൾ രാവിലെ തന്നെ ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിയിരുന്നു. പിന്നീട് ആലപ്പുഴ ബിച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേക്ക് പൊതു ദർശനത്തിനായെത്തിച്ചു
കണ്ണീരണിഞ്ഞ് മുഷ്ടി ചുരുട്ടി മുദ്രാവാക്യങ്ങൾ വിളിച്ച് തങ്ങളുടെ പ്രിയ നേതാവിനെ കാണാൻ ഒഴുകിയെത്തുകയായിരുന്നു ജന സാഗരം. വിഎസ് അമരൻ’,’കണ്ണേ കരളേ വിഎസേ’ ഇല്ലാ ഇല്ല മരിക്കുന്നില്ല, സഖാവ് വിഎസ് മരിക്കുന്നില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാൽ മുഖരിതമായിരുന്നു വിഎസിന്റെ ഭൗതികദേഹം പൊതു ദർശനത്തിന് വച്ച ആലപ്പുഴ ബിച്ച് റിക്രിയേഷൻ ഗ്രൌണ്ട്. വൻ ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസുകാരും റെഡ് വോളണ്ടിയേഴ്സും നന്നേ പണിപ്പെട്ടു. ആലപ്പുഴ ബീച്ച് റിക്രിയേഷൻ ഗ്രൌണ്ടിൽ തയാറാക്കി പ്രത്യക പന്തലിലേക്ക് വിഎസിന്റെ ഭൌതിക ശരീരം മാറ്റിയ ശേഷമാണ് തൃവർണ പതാക പുതപ്പിച്ച് പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകിയത്. ജന പ്രതിനിധികളും പ്രമുഖരുമടക്കം വിഎസിന് അന്ത്യോപചാരം അർപ്പിച്ചു. ജനത്തിരക്ക് നിയന്ത്രണാതീതമായതോടെ നാല് വരികളിലായാണ് വിഎസിനെ കാണാൻ എത്തിയവരെ കടത്തി വിട്ടത്. പതിറ്റാണ്ടുകളായി കേരള രാഷ്ട്രീയത്തിൽ പോരാട്ടങ്ങളുടെ പ്രതീകമായി പാവങ്ങളുടെ പടത്തലവനായി നില നിന്നിരുന്ന നേതാവിനെക്കാണാൻ സംസ്ഥാനത്തിന്റഎ വിവിധ ഭാഗങ്ങളിൽ നിന്നാണ് ജനങ്ങൾ ഒഴുകി എത്തിയത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക 2.30ന് തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട വിലാപയാത്രയ്ക്ക് ജനത്തിരക്ക് കാരണം ആദ്യ ആറ് കിലോമീറ്റര്‍ താണ്ടാന്‍ മൂന്ന് മണിക്കൂര്‍ സമയം എടുത്തു. വിലാപയാത്ര തിരുവനന്തപുരം ജില്ല പിന്നിട്ടപ്പോഴേക്കും അർദ്ധരാത്രി കഴിഞ്ഞിരുന്നു. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാൻ രാത്രി എറെ വൈകിയും വൻ ജനാവലി ഒഴുകിയെത്തി. വിലാപയാത്ര കടന്നു പോയിടത്തെല്ലാം വൻ ജനത്തിരക്കായിരുന്നു അനുഭവപ്പെട്ടത്. കൊല്ലത്ത് പാരിപ്പള്ളി മുതൽ ഓച്ചിറ വരെ അർദ്ധരാത്രി പിന്നിട്ടിട്ടും വിഎസിനെ ഒരു നോക്ക് കാണാൻ അനേകായിരങ്ങൾ തടിച്ചു കൂടി. പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, ചിന്നക്കട, കാവനാട്, ചവറ, കരുനാഗപ്പള്ളി, ഓച്ചിറ എന്നീ കേന്ദ്രങ്ങളിലായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാൻ സൗകര്യം ഒരുക്കിയതെങ്കിലും വിലാപയാത്ര കടന്നു പോയ പാതയ്ക്കിരുവശങ്ങളിലും മണിക്കൂറുകളോളം വൻ ജനക്കൂട്ടം കാത്തുനിന്നു. കൊല്ലം ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിലേക്ക് വിലാപയാത്ര പിന്നിട്ടപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു. മുൻ മന്ത്രി ജെ.മേഴ്സ്ക്കുട്ടിയമ്മ, സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. രാജഗോപാൽ, എസ്. ജയമോഹൻ, എംഎച്ച് ഷാരിയർ, കെ. സോമപ്രസാദ് തുടങ്ങിവർ വിലാപയാത്രയെ കൊല്ലം ജില്ലയിലേക്ക് സ്വീകരിച്ചു. രാവിനെ പകലാക്കി കൊച്ചു കുട്ടികൾ മുതൽ വൃദ്ധർ വരെ വിഎസ് എന്ന സമരപോരാളിയെ അവസാനമായി ഒരു നോക്ക് കാണാൻ മുദ്രാവാക്യം വിളികളുമായി കാത്തുനിന്നു. കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച് പോലും എല്ലായിടത്തും വലിയ ജനത്തിരക്കായിരുന്നു വിഎസിനെ കാണാൻ അനുഭവപ്പെട്ടത്.
Alappuzha,Kerala
July 23, 2025 9:24 PM IST