‘കൊല്ലുന്നതിനുള്ള വഴികള്‍’ഗൂഗിളില്‍ തിരഞ്ഞ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിടിയില്‍|Wife arrested for stabbing husband to death after searching ways to kill on Google
ഫര്‍സാനയുടെ ഫോണില്‍ നിന്ന് ‘കൊല്ലാനുള്ള വഴികള്‍’ ഗൂഗിളില്‍ തിരഞ്ഞ സെര്‍ച്ച് ഹിസ്റ്ററി പോലീസ് കണ്ടെത്തി. തുടര്‍ന്ന് ഭാര്യയെ പോലീസ് ചോദ്യം ചെയ്യുകയും അവര്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു.
ഷാഹിദിന് തന്നെ ലൈംഗികമായി തൃപ്തിപ്പെടുത്താന്‍ കഴിയുന്നില്ലെന്നും ഓണ്‍ലൈന്‍ ചൂതാട്ടത്തെ തുടര്‍ന്ന് ഭര്‍ത്താവ് വലിയ കടക്കെണിയിലായിരുന്നുവെന്നും ഭർത്താവിന്റെ കസിനുമായി താന്‍ പ്രണയത്തിലാണെന്നും അവര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബറേലി സ്വദേശികളാണ് ദമ്പതികള്‍. ഞായറാഴ്ച വൈകുന്നേരമാണ് ഡല്‍ഹിയിലെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ ഒരാളെ മരിച്ച നിലയില്‍ കൊണ്ടുവന്നതായി പോലീസിന് വിവരം ലഭിച്ചത്.
ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട കടബാധ്യത മൂലം ഷാഹിദ് ജീവനൊടുക്കുകയായിരുന്നുവെന്ന് ഫര്‍സാന പറഞ്ഞതായി ഷാഹിദിനെ ആശുപത്രിയിലെത്തിച്ച അയാളുടെ സഹോദരന്‍ പോലീസിനെ അറിയിച്ചു.
എന്നാല്‍, ഷാഹിദിന്റെ ശരീരത്തില്‍ കുത്തേറ്റ നിലയില്‍ മൂന്ന് മുറിവുകള്‍ കണ്ടെത്തിയത് പോലീസില്‍ സംശയമുണ്ടാക്കി. ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് മാനസിക സമ്മര്‍ദത്തിലായതിനാല്‍ ഷാഹിദ് സ്വയം കത്തികൊണ്ട് കുത്തി മരിക്കുകയായിരുന്നുവെന്ന് ഫര്‍സാന പറഞ്ഞതായും പോലീസ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ തിങ്കളാഴ്ച നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മരണം കൊലപാതകമാണെന്ന് കണ്ടെത്തി. ”മുറിവുകള്‍ ഒരാള്‍ സ്വയം കുത്തിയതാണെന്ന് തോന്നിപ്പിക്കുന്നില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ ഞങ്ങളെ അറിയിച്ചു. മുറിവുകളിലൊന്ന് ഗുരുതരമായിരുന്നു. അത് സ്വയം കുത്തിയതായിരുന്നല്ല,” പോലീസ് കൂട്ടിച്ചേര്‍ത്തു.
സംശയം വര്‍ധിച്ചതോടെ പോലീസ് ഫര്‍സാനയുടെ ഫോണ്‍ പിടിച്ചെടുത്ത് പരിശോധിച്ചു. ഉറക്കഗുളികകള്‍ ഉപയോഗിച്ച് ഒരാളെ കൊല്ലുന്ന രീതികളും, ചാറ്റ് ഹിസ്റ്ററി എങ്ങനെ മായ്ക്കാമെന്നതുമെല്ലാം അവരുടെ ഫോണിലെ സെര്‍ച്ച് ഹിസ്റ്ററിയില്‍ കണ്ടെത്തി. ഇത് ഗൂഢാലോചന നടത്തിയെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.
തെളിവുകള്‍ മുന്നില്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ഫര്‍സാന കുറ്റം സമ്മതിച്ചു.
”ഷാഹിദുമായുള്ള ദാമ്പത്യ ബന്ധത്തില്‍ തനിക്ക് അസംതൃപ്തിയുള്ളതായി അവര്‍ പറഞ്ഞു. ബറേലിയില്‍ താമസിക്കുന്ന ഭര്‍ത്താവിന്റെ കസിനുമായി താന്‍ പ്രണയത്തിലാണെന്നും അവര്‍ സമ്മതിച്ചു,” പോലീസ് പറഞ്ഞു.
ചൊവ്വാഴ്ച ഫര്‍സാനയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
July 24, 2025 8:11 AM IST
‘കൊല്ലുന്നതിനുള്ള വഴികള്‍’ഗൂഗിളില്‍ തിരഞ്ഞ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊലപ്പെടുത്തിയതിന് പിടിയില്‍