Leading News Portal in Kerala

സൈബര്‍ക്രൈം കേസുകളിലെ 75 ലക്ഷം രൂപ തട്ടിയെടുത്ത സബ് ഇൻസ്പെക്ടറും സുഹൃത്തായ വനിതാ ഇൻസ്പെക്ടറും അറസ്റ്റില്‍|Sub-inspector and female inspector arrested for embezzling Rs 75 lakh in cybercrime cases


12 ലക്ഷം രൂപ, 1.2 കിലോഗ്രാം സ്വര്‍ണം, 11 സ്മാര്‍ട്ട്‌ഫോണുകള്‍, ഒരു ലാപ്‌ടോപ്പ് എന്നിവ പിടിക്കപ്പെടുമ്പോള്‍ പ്രതികളുടെ കൈയ്യിലുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. മോഷ്ടിച്ച സ്വര്‍ണത്തിന്റെ മൂല്യം ഏതാണ്ട് ഒരു കോടി രൂപയിലധികം വരുമെന്നും പോലീസ് പറഞ്ഞു.

സൈബര്‍കുറ്റകൃത്യങ്ങളില്‍ ഇരയായവരില്‍ നിന്നും സാക്ഷികളില്‍ നിന്നും പ്രതികള്‍ കൈക്കൂലി വാങ്ങിയതായും എന്നാല്‍ അവര്‍ക്ക് നല്‍കേണ്ടിയിരുന്ന പണം തിരികെ നല്‍കിയില്ലെന്നും പോലീസ് പറയുന്നു. 2023-24 കാലയളവില്‍ മൂന്ന് കേസുകളില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുത്തതായാണ് ആരോപണം.

പ്രധാന പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ അങ്കൂര്‍ മാലിക് വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥനാണ്. നിരവധി തട്ടിപ്പ് കേസുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തുവരികയായിരുന്നു. മാര്‍ച്ച് 17-ന് ഇയാള്‍ മെഡിക്കല്‍ ലീവിലേക്ക് പോയി. ഇതേസമയം, ഷഹ്ദാരയില്‍ ജോലി ചെയ്യുകയായിരുന്ന ഇദ്ദേഹത്തിന്റെ സുഹൃത്തായ വനിതാ സബ് ഇന്‍സ്‌പെക്ടറും മാര്‍ച്ച് 19 മുതല്‍ അവധിയില്‍ പ്രവേശിച്ചു.

മാലിക് എത്ര കേസുകളില്‍ നിന്ന് പണം തട്ടിയെന്ന് അറിയില്ലെന്നും എന്നാല്‍ മാര്‍ച്ചില്‍ മൂന്ന് സൈബര്‍ കേസുകള്‍ തീര്‍പ്പാക്കുന്നതിനിടെ ഏകദേശം 20 ലക്ഷം രൂപ വീതം ഓരോ കേസിലും തട്ടിയെടുത്തതായും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേസുകള്‍ തീര്‍പ്പായെങ്കിലും ഇതിലെ ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം തിരിച്ചുകിട്ടിയില്ലെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വട്ടുകിഴക്കന്‍ ഡല്‍ഹിയിലെ സൈബര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ തീര്‍പ്പാക്കുന്നതിനിടെ കണ്ടെത്തിയ ക്രമക്കേടുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ മാലികിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണര്‍ അറിയിച്ചു. മാര്‍ച്ച് 19 മുതല്‍ അദ്ദേഹത്തെ കാണാനില്ലായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 75 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തുകയായിരുന്നു. നാല് അനധികൃത ഇടപാടുകളിലൂടെ ഈ പണം കൈമാറ്റം ചെയ്യപ്പെട്ടതായും തെളിഞ്ഞു. പ്രതി ജുഡീഷ്യല്‍ ഉത്തരവുകളില്‍ കൃത്രിമം കാണിച്ച് തുക വകമാറ്റിയതായി കണ്ടെത്താന്‍ കഴിഞ്ഞെന്നും അദ്ദേഹം വിശദമാക്കി.

സൈബര്‍ തട്ടിപ്പ് കേസുകളില്‍ ഒന്ന് ടെലഗ്രാം അധിഷ്ഠിത ജോലി തട്ടിപ്പ് കേസായിരുന്നു. ഈ കേസില്‍ രണ്ട് കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. മുംബൈ പോലീസ്  കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മാലിക് തന്നെ അറസ്റ്റ് ചെയ്തതെന്ന് സാക്ഷികളില്‍ ഒരാള്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. തട്ടിപ്പിനെ കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും 25 ലക്ഷം രൂപ നല്‍കിയാല്‍ കേസില്‍ ജാമ്യം ലഭിക്കുമെന്ന് മാലിക് പറഞ്ഞതായും അയാള്‍ വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. കൈക്കൂലി നല്‍കേണ്ടി വന്നുവെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാലിക് വിവാഹിതനാണ് അദ്ദേഹത്തിന് ഒരു മകനുമുണ്ട്. പ്രതിയായ വനിതാ ഇന്‍സ്‌പെക്ടറും വിവാഹിതയാണ്. ഇവര്‍ രണ്ടുപേരും ഒരേ ബാച്ചിലുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മാലിക്കിനെ പണം വകമാറ്റാന്‍ സഹായിച്ചത് വനിതാ എസ്‌ഐയാണ്. നിരവധി ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചു. പണം തട്ടിയശേഷം ഇരുവരും മാലിക്കിന്റെ കാറില്‍ ഡല്‍ഹി വിടുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാര്‍ പോലീസ് തിരിച്ചറിഞ്ഞു. ഹൈവേയിലെ സിസിടിവികള്‍ അടക്കം പരിശോധിച്ച് പ്രതികളെ പിടികൂടാന്‍ മാസങ്ങള്‍ എടുത്തു. ആദ്യം പ്രതികള്‍ ജയ്പൂരിലേക്ക് പോയതായി കണ്ടെത്തി. അവിടെ കുറച്ചുനാള്‍ താമസിച്ചാണ് ഇന്‍ഡോറിലേക്ക് പോയത്. ഇന്‍ഡോറില്‍ വ്യാജ പേരുകളിലാണ് ഇരുവരും താമസിച്ചത്.

വനിതാ ഉദ്യോഗസ്ഥയും മാലിക്കും ഒരേസമയം മെഡിക്കല്‍ ലീവെടുത്തതിനാലും ഇവര്‍ തിരിച്ചെത്താത്തതിനാലുമാണ് അന്വേഷണം അവരിലേക്കും തിരിഞ്ഞതെന്ന് പോലീസ് പറഞ്ഞു. മാലിക്കും വനിതാ ഉദ്യോഗസ്ഥയും ഒരുമിച്ചുള്ളതിന്റെ ദൃശ്യങ്ങളും പോലീസ് കണ്ടെത്തി.

സാങ്കേതിക നിരീക്ഷണത്തിന്റെയും മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച സംഘം പ്രതികളെ കണ്ടെത്തുകയായിരുന്നുവെന്ന് ഡിസിപി കൂട്ടിച്ചേര്‍ത്തു. ചോദ്യംചെയ്യലില്‍ ബാങ്ക് എക്കൗണ്ട് വിവരങ്ങള്‍ നല്‍കിയ ആളുകളുടെ വിവരങ്ങള്‍ പ്രതികള്‍ വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി സ്വദേശികളായ മുഹമ്മദ് ഇല്യാസ് (40), ആരിഫ് (35) ഷാദാബ് (23) എന്നിവരെയും ഞായാറാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.

മലയാളം വാർത്തകൾ/ വാർത്ത/Crime/

സൈബര്‍ക്രൈം കേസുകളിലെ 75 ലക്ഷം രൂപ തട്ടിയെടുത്ത സബ് ഇൻസ്പെക്ടറും സുഹൃത്തായ വനിതാ ഇൻസ്പെക്ടറും അറസ്റ്റില്‍