ഇന്ത്യക്കാരെ ജോലിക്കെടുക്കരുത്;ചൈനയിൽ ഫാക്ടറി വേണ്ട: കടുപ്പിച്ച് ഡൊണാൾഡ് ട്രംപ് Donald Trump tells tech giants not to hire Indians set up factories in China
Last Updated:
താൻ പ്രസിഡന്റായിരിക്കുന്ന കാലം ടെക് വ്യവസായത്തിലെ അത്തരം ദിവസങ്ങൾ അവസാനിച്ചെന്നും ട്രംപ് മുന്നറിയിപ്പ് നൽകി
ഇന്ത്യക്കാരെ ജോലിക്കെടുക്കുന്നതിനും ചൈനയിൽ ഫാക്ടറി സ്ഥാപിക്കുന്നതിനുമെതിരെ ഗൂഗിൾ, മൈക്രോസോഫ്റ്റ് അടക്കമുള്ള ടെക്ക് ഭീമൻമാരെ വിമർശിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ പ്രസിഡന്റായിരിക്കുന്ന കാലം ടെക് വ്യവസായത്തിലെ അത്തരം ദിവസങ്ങൾ അവസാനിച്ചെന്നും യുഎസ് പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.വാഷിംഗ്ടണിൽ നടന്ന ഒരു എഐ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വളരെക്കാലമായി അമേരിക്കയുടെ ടെക് വ്യവസായത്തിന്റെ ഭൂരിഭാഗവും സമൂലമായ ആഗോളവൽക്കരണത്തെ പിന്തുടരുകയാണെന്നു, അത് ദശലക്ഷക്കണക്കിന് വരുന്ന അമേരിക്കക്കാരോടുള്ള വഞ്ചനയാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക നൽകുന്ന സ്വാതന്ത്ര്യമുപയോഗിച്ച് ഇവിടുത്തെ ടെക്ക് കമ്പനികൾ ചൈനയിൽ ഫാക്ടറികൾ പണിയുകയും ഇന്ത്യയിൽ തൊഴിലാളികളെ നിയമിക്കുകയും അയർലന്റിൽ ലാഭം കൊയ്യുകയും ചെയ്തു.അതേസമയം അവരുടെ സഹ പൗരന്മാരെ ഇവിടെ തന്നെ പിരിച്ചുവിടുകയും സെൻസർ ചെയ്യുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ പ്രസിഡന്റായിരിക്കുന്ന കാലയളവിൽ ഇനി അത്തരം കാര്യങ്ങൾ നടക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
“ടെക്ക് കമ്പനികൾ എന്ന നിലയിൽ, നിങ്ങൾ അമേരിക്കയ്ക്ക് വേണ്ടി എല്ലാം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അമേരിക്കയെ ഒന്നാമതെത്തിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ അത് ചെയ്യണം. ഞങ്ങൾ ആവശ്യപ്പെടുന്നത് അത്രയേയുള്ളൂ” അദ്ദേഹം പറഞ്ഞു.
എഐ ഉപയോഗപ്പെടുത്തുന്നതിനുള്ള വൈറ്റ് ഹൗസ് ആക്ഷൻ പ്ലാൻ ഉൾപ്പെടെ കൃത്രിമ ബുദ്ധിയുമായി ബന്ധപ്പെട്ട മൂന്ന് എക്സിക്യൂട്ടീവ് ഉത്തരവുകളിൽ അദ്ദേഹം ഒപ്പുവച്ചു.അമേരിക്കൻ എഐ കയറ്റുമതി ചെയ്യുക, ഡാറ്റാ സെന്ററുകളുടെ ദ്രുതഗതിയിലുള്ള നിർമ്മാണം പ്രോത്സാഹിപ്പിക്കുക, നവീകരണവും ദത്തെടുക്കലും പ്രാപ്തമാക്കുക, തുടങ്ങിയവയാണ് എഐ ആക്ഷൻ പ്ലാനിലെ പ്രധാന നയങ്ങൾ.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (AI) ആഗോള ആധിപത്യം നേടാനുള്ള മത്സരത്തിലാണ് അമേരിക്കയെന്നും ഏറ്റവും വലിയ എഐ ആവാസവ്യവസ്ഥയുള്ളവർ ആഗോള എഐ മാനദണ്ഡങ്ങൾ സ്ഥാപിക്കുകയും വിശാലമായ സാമ്പത്തിക, സൈനിക നേട്ടങ്ങൾ കൊയ്യുകയും ചെയ്യുമെന്ന് എന്ന് അമേരിക്കയുടെ എഐ ആക്ഷൻ പ്ലാനിന്റെ ആമുഖത്തിൽ പറയുന്നു.
New Delhi,Delhi
July 24, 2025 3:40 PM IST