കാസർഗോഡ് ടാങ്കര്‍ ലോറി അപകടം: മൂന്ന് വാര്‍ഡുകളിൽ പ്രാദേശിക അവധി; ഗതാഗത നിയന്ത്രണം|Gas tanker lorry collide in kasaragod local holiday declared in 3 wards
Last Updated:
സ്‌കൂൾ, അംഗൻവാടി ,വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പടെ അവധി ബാധകമായിരിക്കും
കാസർഗോഡ്: കാഞ്ഞങ്ങാട് സൗത്തിൽ പാചകവാതക ടാങ്കർ ലോറി തലകീഴായി മറിഞ്ഞു. ദേശീയപാതയിൽ നിയന്ത്രണം വിട്ട ലോറി സമീപത്തെ കുറ്റിക്കാട്ടിലേക്ക് മറിയുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞാണ് അപകടം ഉണ്ടായത്. മംഗളൂരുവിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന ടിഎൻ 28 എജെ 3659 നമ്പർ ലോറിയാണ് മറിഞ്ഞത്. എതിരെ വന്ന സ്വകാര്യ ബസിന് സൈഡ് കൊടുക്കവേയായിരുന്നു ലോറിയുടെ നിയന്ത്രണം തെറ്റിയത്. അപകടത്തിൽ ലോറി ഡ്രൈവർ നിസാരപരിക്കുകളോടെ രക്ഷപെട്ടു. ടാങ്കറിന് ചോർച്ച സംഭവിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
അതേസമയം, ടാങ്കർ ലോറി മറിഞ്ഞതിൻ്റെ പശ്ചാത്തലത്തിൽ കാഞ്ഞങ്ങാട് സൗത്ത് മുതല്‍ ഐങ്ങൊത്ത് വരെ മൂന്ന് വാര്‍ഡുകളിൽ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കാഞ്ഞങ്ങാട് നഗരസഭ പരിധിയിലെ കൊവ്വൽ സ്‌റ്റോറിൻ്റെ ഒരു കിലോമീറ്റർ പരിധിയിൽ സൗത്ത് മുതൽ ഐങ്ങൊത്ത് വരെ 18,19,26 വാർഡുകളിലാണ് അവധി. സ്‌കൂൾ, അംഗൻവാടി ,വ്യാപാരസ്ഥാപനങ്ങൾ ഉൾപ്പടെ അവധി ബാധകമായിരിക്കും. സൗത്ത് മുതൽ പടന്നക്കാട് വരെയുള്ള ദേശീയപാത വഴിയുളള ഗതാഗതവും പൂർണമായും നിരോധിച്ചിട്ടുണ്ട്.
വീടുകളിൽ ഗ്യാസ് സിലണ്ടർ ഉപയോഗിക്കാനോ, പുകവലിക്കാനോ, ഇൻവെർട്ടർ ഉപയോഗിച്ചുളള വൈദ്യുതിയോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കാനോ പാടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അപകടം നടന്ന സ്ഥലത്തു വീഡിയോ ചിത്രീകരണവും പൊതുജനങ്ങൾക്കുള്ള പ്രവേശനവും പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്. ഇലക്ട്രിസിറ്റി ബന്ധം ടാങ്കർ സുരക്ഷിതമായി ഉയർത്തുന്നതുവരെ വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
Kasaragod,Kasaragod,Kerala
July 25, 2025 8:16 AM IST