7/11 ട്രെയിന്‍ സ്‌ഫോടനക്കേസിലെ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു; പ്രതികള്‍ ജയിലിലേക്ക് മടങ്ങില്ല Supreme Court stays Bombay High Court verdict in Mumbai train blast case Accused will not return to jail
Last Updated:
2006 ജൂലൈ 11ന് മുംബൈയിലെ വെസ്‌റ്റേണ്‍ റെയില്‍വെ ലോക്കല്‍ ലൈനില്‍ നടന്ന ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് വിചാരണ കോടതി അഞ്ച് പ്രതികള്‍ക്ക് വധശിക്ഷയും മറ്റ് ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു
2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി വ്യാഴാഴ്ച സ്‌റ്റേ ചെയ്തു. എന്നാല്‍ ട്രെയിന്‍ സ്‌ഫോടനക്കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ട 12 പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്യില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. മഹാരാഷ്ട്ര സർക്കാർ നൽകിയ അപ്പീലിലാണ് സുപ്രീം കോടതി നടപടി.
പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ഒരു കീഴ്‌വഴക്കമായി കണക്കാക്കരുതെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിധി മറ്റ് മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഒര്‍ഗനൈസ്ഡ് ക്രൈം ആക്ട്(എംസിഒസിഎ) വിചാരണകളെ ബാധിക്കില്ലെന്നും സുപ്രീം കോടതി പറഞ്ഞു.
2006ലെ 7/11 മുംബൈ ട്രെയിന്‍ സ്‌ഫോടനക്കേസിലെ 12 പ്രതികളെയും കുറ്റവിമുക്തരാക്കിയ ബോംബെ ഹൈക്കോടതി വിധിക്കെതിരേ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനുപിന്നാലെയാണ് ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തത്.
ഈ വിഷയത്തില്‍ അടിയന്തരവാദം കേള്‍ക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവാവി അധ്യക്ഷനായ ബെഞ്ചിനെ അറിയിച്ചു. മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ നടപടി സര്‍ക്കാരിന്റെ വീക്ഷണകോണില്‍ നിന്ന് നോക്കുമ്പോള്‍ ഗുരുതമായ കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
2006 ജൂലൈ 11ന് മുംബൈയിലെ വെസ്‌റ്റേണ്‍ റെയില്‍വെ ലോക്കല്‍ ലൈനില്‍ നടന്ന ബോംബാക്രമണത്തില്‍ പങ്കുണ്ടെന്നാരോപിച്ച് വിചാരണ കോടതി അഞ്ച് പ്രതികള്‍ക്ക്(ഒരാള്‍ ഇതിനോടകം മരിച്ചു)വധശിക്ഷയും മറ്റ് ഏഴ് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചിരുന്നു. 2009ല്‍ വിചാരണക്കോടതി പുറപ്പെടുവിച്ച ഈ വിധിയാണ് ബോംബെ ഹൈക്കോടതി ഈ ആഴ്ച ആദ്യം റദ്ദാക്കിയത്.
ഹൈക്കോടതി വിധി ഞെട്ടിപ്പിക്കുന്നതാണെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചു. ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
കുറ്റപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്നും പ്രതികള്‍ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കാന്‍ പ്രയാസമാണെന്നും ജസ്റ്റിസുമാരായ അനില്‍ കിലോര്‍, ശ്യാം ചന്ദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.
New Delhi,Delhi
July 25, 2025 11:01 AM IST
7/11 ട്രെയിന്‍ സ്‌ഫോടനക്കേസിലെ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്തു; പ്രതികള്‍ ജയിലിലേക്ക് മടങ്ങില്ല