ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടം: 4 ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു Govindachamys jail break 4 prison officials suspended
Last Updated:
ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ
ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ കണ്ണൂർ സെൻട്രൽ ജയിലിലെ 4 ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഹെഡ് വാർഡനെയും മൂന്ന് വാർഡർമാരെയുമാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചെന്ന് ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ പറഞ്ഞു.
അഞ്ച് മണിക്കൂർ കഴിഞ്ഞാണ് ഗോവിന്ദച്ചാമി രക്ഷപെട്ട വിവരം ജയിൽ അധികൃതർ അറിയുന്നത്. ജയിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. രാവിലെ ഉദ്യോഗസ്ഥർ സെൽ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇയാൾ രക്ഷപ്പെട്ട വിവരം അറിയുന്നത്.സെല്ലിനകത്ത് ഇയാൾ ഒറ്റയ്ക്കായിരുന്നു. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. തുടർന്ന് പുലർച്ചെ 1.15ഓടെ ഗോവിന്ദച്ചാമി ജയിൽ ചാടിയതായാണ് സൂചന. കൈവശം ഉണ്ടായിരുന്ന തുണി ഉപയോഗിച്ച് മതിലിന്റെ അടുത്തേക്കു പോയി. തുടർന്ന് മതിലിലെ ഫെൻസിങ്ങിനു മുകളിലേക്ക് എറിഞ്ഞു പിടിച്ച് കയറുകയായിരുന്നു. അതീവസുരക്ഷാ ജയിലിൽനിന്നാണ് ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന ഒരു പ്രതി രക്ഷപ്പെട്ടത് എന്നത് ആശങ്കയുളവാക്കുന്നുണ്ട്.
അതേസമയം ജയിൽ ചാടി മണിക്കൂറുകൾക്കകം തന്നെ ഗോവിന്ദച്ചാമി പിടിയിലായിരുന്നു. കണ്ണൂർ നഗരത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ജയിലിൽ നിന്ന് നാല് കിലോമീറ്റര്‍ അകലെയുള്ള ഡിസിസി ഓഫീസ് പ്രവർത്തിക്കുന്ന തളാപ്പ് ഭാഗത്തെ ഒരു ഒരു വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്.ആളുകളെ കണ്ടപ്പോള്‍ മതില്‍ ചാടി ഓടിയിരുന്നു. തലയിൽ തുണിക്കെട്ടിയ നിലയിലായിരുന്നു. ചിലർ ഇയാളെ തിരിച്ചറിയുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
July 25, 2025 1:12 PM IST