Leading News Portal in Kerala

ഇന്റര്‍വ്യൂ പരിശീലനത്തിനുള്ള സൗജന്യ എഐ ആപ്പുമായി കൊച്ചി സ്റ്റാര്‍ട്ടപ്പ്|Kochi startup launches free AI-based app for interview training


Last Updated:

എഐ അധഷ്ഠിതമായ ഈ ആപ്പ് ഉദ്യോഗാര്‍ത്ഥിയോട് യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ എന്നപോലെ തന്നെ വിവിധ ചോദ്യങ്ങള്‍ ചോദിക്കും.

കൊച്ചി: ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനത്തിനായി ആപ്പ് വികസിപ്പിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ടപ്പ് . വൈവ (Vaiva app) എന്നു പേരിട്ടിരിക്കുന്ന ആപ്പ് ആന്‍ഡ്രോയ്ഡ്, ആപ്പ്ള്‍ ഫോണുകളില്‍ ഉപയോഗിക്കുന്നതിനായി ഗൂഗ്ള്‍പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും എത്തിയതായി എഡ്യൂനെറ്റ് സിഇഒ രാം മോഹൻ നായര്‍ പറഞ്ഞു.

വിദ്യാഭ്യാസം, ടെക്നോളജി, ഹെല്‍ത്ത്‌കെയര്‍, റീടെയില്‍, മാനുഫാക്ചറിംഗ്, ടൂറിസം തുടങ്ങി 40ലേറെ വിവിധ തരം വ്യവസായമേഖകലകളിലുളള 120ല്‍പ്പരം വിവിധ തസ്തികകളിലേയ്ക്കുള്ള മോക്ക് ഇന്റര്‍വ്യൂകള്‍ക്കാണ് ഈ ആപ്പിലൂടെ പരിശീലനം നേടാനാവുക. എഐ അധഷ്ഠിതമായ ഈ ആപ്പ് ഉദ്യോഗാര്‍ത്ഥിയോട് യഥാര്‍ത്ഥത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആള്‍ എന്നപോലെ തന്നെ വിവിധ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ കേട്ട് തെറ്റായ ഉത്തരങ്ങള്‍ തിരുത്തി കൊടുക്കുകയും ചെയ്യും. ഇതുപയോഗിച്ച് തുടര്‍ച്ചയായി പരിശീലനം നേടിയാല്‍ ഏതു തരം ഇന്റര്‍വ്യൂകളും നേരിടാന്‍ ഉദ്യോഗാര്‍ത്ഥികള്‍ സജ്ജരാകുമെന്ന് രാം മോഹൻ നായര്‍ പറഞ്ഞു. ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും.

കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യതയില്‍ മുന്‍പന്തിയിലാണെങ്കിലും ഇന്റര്‍വ്യൂകളില്‍ പരാജയപ്പെടുന്നത് പതിവാകുന്നതു കണക്കിലെടുത്താണ് ഇത്തരമൊരു ആപ്പ് വികസിപ്പിച്ചെടുത്തതെന്നും അദ്ദേഹം പറഞ്ഞു.