തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം 1100 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിന്റെ പേരിലോ? തര്‍ക്കത്തെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍
സംഘര്‍ഷം സംബന്ധിച്ച് ഇരുരാജ്യങ്ങളും പരസ്പരം കുറ്റപ്പെടുത്തുന്നു. ഇവിടെ സംഘര്‍ഷം രൂക്ഷമാകുന്നത് ഇതാദ്യമല്ല. തര്‍ക്കം നടക്കുന്ന മേഖലകളില്‍ ഒന്ന് 11ാം നൂറ്റാണ്ടില്‍ പണി കഴിപ്പിച്ച പ്രിയ വിഹാര്‍ ക്ഷേത്രമാണ്.
തായ്‌ലാന്‍ഡ്-കംബോഡിയ അതിര്‍ത്തിയിലെ ഡാങ്രെക് പര്‍വതനിരയുടെ മുകളില്‍ സ്ഥിതി ചെയ്യുന്ന ശിവന് സമര്‍പ്പിച്ചിരിക്കുന്ന ഒരു ഹിന്ദുക്ഷേത്രമാണ് പ്രിയ വിഹാര്‍ ക്ഷേത്രം. കംബോഡിയയിലെ പ്രിയ വിഹാര്‍ പ്രവിശ്യയ്ക്കും തായ്‌ലാന്‍ഡിലെ സിസാകെറ്റ് പ്രവിശ്യയ്ക്കും ഇടയില്‍ ഇരു രാജ്യങ്ങളും അവകാശം ഉന്നയിക്കുന്ന ഒരു പര്‍വതപ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
1907ല്‍ കംബോഡിയയിലെ ഫ്രഞ്ച് കൊളോണിയല്‍ ഭരണകാലത്ത് വരച്ച മാപ്പിലാണ് ഈ പ്രശ്‌നം. ക്ഷേത്രത്തിനും പരിസര പ്രദേശങ്ങള്‍ക്കും മേലുള്ള അവകാശവാദം ഉന്നയിക്കാന്‍ കംബോഡിയ ഈ ഭൂപടം ഉപയോഗിക്കുന്നു. എന്നാല്‍, ഭൂപടം വ്യക്തമല്ലെന്നും ഒരിക്കലും ഔദ്യോഗികമായി അംഗീകരിച്ചതല്ലെന്നും തായ്‌ലാന്‍ഡ് അവകാശപ്പെടുന്നു.
1962ല്‍ കംബോഡിയ ഈ വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ അവതരിപ്പിച്ചു. കംബോഡിയയ്ക്ക് അനുകൂലമായിരുന്നു കോടതി വിധി. ക്ഷേത്രം കംബോഡിയന്‍ പ്രദേശത്താണെന്ന് കോടതി പ്രഖ്യാപിച്ചു. എന്നാല്‍, ക്ഷേത്രത്തിന് ചുറ്റുമുള്ള ഏകദേശം 4.6 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഇപ്പോഴും അനിശ്വിതത്വത്തിലാണെന്ന് തായ്‌ലാന്‍ഡ് വാദിച്ചു.
പ്രിയ വിഹാര്‍ ക്ഷേത്രത്തെ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതില്‍ 2008ല്‍ കംബോഡിയ വിജയിച്ചു. ഇത് തായ്‌ലാന്‍ഡിനെ പ്രകോപിപ്പിക്കുകയും വീണ്ടും സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തു. 2011ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ കടുത്ത സംഘര്‍ഷമുണ്ടായി. അതില്‍ 15 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു.
വിഷയം വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ മുമ്പാകെ വന്നു. 2013ല്‍ ക്ഷേത്രത്തിന് മാത്രമല്ല, അതിനു ചുറ്റുമുള്ള ഭൂമിക്ക് മേലുള്ള കംബോഡിയയുടെ പരമാധികാരവും കോടതി ഉറപ്പിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുന്നത് തടയുന്നതിനായി ക്ഷേത്രത്തിനു ചുറ്റും ഒരു സൈനിക രഹിത മേഖല സൃഷ്ടിക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍ അത് ഒരിക്കലും നടപ്പിലാക്കിയില്ലെന്ന് അസോസിയേറ്റഡ് പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി പുറപ്പെടുവിച്ച അധികാരപരിധി തായ്‌ലാന്‍ഡ് നിരസിച്ചെങ്കിലും തര്‍ക്കത്തിന് പരിഹാരം കണ്ടില്ല.
എഡി 9ാം നൂറ്റാണ്ടിലാണ് പ്രിയ വിഹാര്‍ ക്ഷേത്രം നിര്‍മിക്കപ്പെട്ടത്. എന്നാല്‍ ഇന്ന് കാണുന്ന പ്രധാന ഘടന പ്രധാനമായും പതിനൊന്നാം നൂറ്റാണ്ടില്‍ ഖെമര്‍ സാമ്രാജ്യത്തിന്റെ കാലത്താണ് നിര്‍മിച്ചത്. ചരിത്ര വസ്തുതകള്‍ പരിശോധിക്കുമ്പോള്‍ 1002-1050 വരെയുള്ള സൂര്യവര്‍മന്‍ ഒന്നാമന്‍ രാജാവിന്റെ കീഴിലാണ് ക്ഷേത്രത്തിന്റെ നിര്‍മാണം ആരംഭിച്ചത്. പിന്നീട് സൂര്യവര്‍മന്‍ രണ്ടാമന്‍ രാജാവ്(1113-1050) ഭരിച്ചിരുന്ന കാലയളവിലാണ് ഇത് വിപുലപ്പെടുത്തിയത്.
ശിവനാണ് ഈ ക്ഷേത്രത്തിലെ പ്രതിഷ്ഠ. ഈ ക്ഷേത്രം ക്ലാസിക്കല്‍ ഖെമന്‍ വാസ്തുവിദ്യയുടെ മികച്ച ഒരു ഉദാഹരണമാണ്. ഇവിടുത്തെ പ്രധാന ആരാധാനകേന്ദ്രമായ പ്രസാത് ത മുയെന്‍ തോം മണല്‍ക്കല്ലിലാണ് നിര്‍മിച്ചിരിക്കുന്നത്. ലൈബ്രറികളോടൊപ്പം ഒരു ശിവലിംഗവും ഇവിടെയുണ്ടെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ സമുച്ചയത്തില്‍ യാത്രക്കാര്‍ക്ക് അഭയം നല്‍കുന്നതിനായി നിര്‍മിച്ച മഹായാന ബുദ്ധമത കേന്ദ്രമായ പ്രസാത് ത മുയെനും അവിടുത്തെ പ്രദേശവാസികള്‍ക്കായി ഒരുക്കിയ ആശുപത്രിയായ പ്രസാത് ദ മുയെന്‍ ടോട്ട് എന്നിവയും ഉള്‍പ്പെടുന്നു.
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഈ പുരാതന ശിവക്ഷേത്രത്തിന്റെ പുനഃരുദ്ധാരണത്തിനും സംരക്ഷണത്തിനും സഹായിക്കുന്നതിനായി 2018ല്‍ ഇന്ത്യ കംബോഡിയയുമായി ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരുന്നു.
കംബോഡിയയെയും തായ്‌ലാന്‍ഡിനെയും സംബന്ധിച്ച് പ്രിയ വിഹാര്‍ ക്ഷേത്രം വളരെ പ്രധാനപ്പെട്ടതാണ്. കംബോഡിയയെ സംബന്ധിച്ചിടത്തോളം അതിന്റെ സമ്പന്നമായ ചരിത്രത്തിന്റെയും ഖെമര്‍ സംസ്‌കാരത്തിന്‍രെയും പ്രതീകമാണ് ഈ ക്ഷേത്രം. രാജ്യത്തെ ആത്മീയ കേന്ദ്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായാണ് അവര്‍ ഇതിനെ കാണുന്നത്.
തായ്‌ലാന്‍ഡിനെ സംബന്ധിച്ചിടത്തോളം ഈ വിഷയം ഭൂമി സംബന്ധമായ ഒന്നുമാത്രമല്ല. ക്ഷേത്രത്തിനടുത്തുള്ള പ്രദേശം തായ്‌ലാന്‍ഡിന്റേതാണെന്ന് പല ദേശീയവാദ ഗ്രൂപ്പുകളും വിശ്വസിക്കുന്നു. അത് വേണ്ടെന്ന് വയ്ക്കുന്നത് തായ് പ്രദേശത്തിന്റെയും അഭിമാനത്തിന്റെയും നഷ്ടമാണെന്ന് അവര്‍ കരുതുന്നു.
തര്‍ക്കത്തിലെ പ്രധാന പ്രശ്‌നം വ്യക്തതയില്ലാത്ത അതിര്‍ത്തിയാണ്. ഇരുരാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തി എവിടെയാണെന്നത് സംബന്ധിച്ച്, പ്രത്യേകിച്ച് ക്ഷേത്രത്തിന് സമീപം എന്ന കാര്യത്തില്‍ ഇവര്‍ ഇപ്പോഴും പൂര്‍ണമായി യോജിപ്പിലെത്തിയിട്ടില്ല. ചര്‍ച്ചകളും യോഗങ്ങളും പലതവണ നടന്നിട്ടുണ്ട്. എങ്കിലും ഇരുപക്ഷവും ഇപ്പോഴും ഈ പ്രദേശത്തേക്ക് തങ്ങളുടെ സൈനികരെ പട്രോളിംഗ് നടത്താന്‍ അയയ്ക്കുന്നു. ഇത് പലപ്പോഴും കുടുതല്‍ പിരിമുറുക്കത്തിനും സംഘര്‍ഷത്തിനും കാരണമാകുന്നു.
Thiruvananthapuram,Kerala
July 25, 2025 3:32 PM IST
തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം 1100 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രത്തിന്റെ പേരിലോ? തര്‍ക്കത്തെക്കുറിച്ച് അറിയാത്ത ചില വസ്തുതകള്‍