‘ബലാത്സംഗം മാത്രമാണ് ചെയ്തത്, ഒരു തവണ പോലും പരോൾ തന്നില്ല’; ജയിൽച്ചാട്ടത്തിന് ഗോവിന്ദച്ചാമി പറയുന്ന കാരണം | Govindachamy tells police his reasons for jailbreak
Last Updated:
സെന്‍ട്രല്‍ ജയിലിൽനിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുന്നത്
കണ്ണൂർ: ജയിൽ ചാടാനുള്ള കാരണങ്ങൾ പൊലീസിനോട് പറഞ്ഞ് ഗോവിന്ദച്ചാമി. പരോളില്ല, നല്ല ഭക്ഷണം കിട്ടുന്നില്ല, ജയിൽ ജീവിതം മടുത്തു തുടങ്ങിയ കാരണങ്ങളാണ് ഗോവിന്ദച്ചാമി പറഞ്ഞത്. മൂന്നു തവണ ജയിൽ ചാടാൻ ശ്രമിച്ചെന്നും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ജയിലിൽ 15 വർഷമായി കിടക്കുകയാണ്. ബലാത്സംഗം മാത്രമാണ് ചെയ്തത്. ഒരു തവണ പോലും പരോൾ അനുവദിച്ചില്ലെന്നും ഈ കാരണങ്ങളാൽ ഇതിന് മുമ്പ് മൂന്നു തവണ ജയിൽ ചാടാൻ ശ്രമിച്ചെന്നും മൊഴിയിൽ പറയുന്നു. ഇരുമ്പഴി മുറിക്കുന്നതിനായുള്ള അരം മൂന്നു വർഷം മുന്നെ ജയിലിലെ മരപ്പണിക്കാരുടെ പക്കൽനിന്നു മോഷ്ടിച്ചതാണെന്നും ഗോവിന്ദച്ചാമി മൊഴി നൽകി. ഇത്രയും വർഷം ഇത് സെല്ലിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ജയിൽ ചാടുന്നതിനായി എട്ടു മാസത്തെ ആസൂത്രണം ഉണ്ടായിരുന്നെന്നുമാണ് മൊഴി. കനത്ത മഴയുള്ള രാത്രിയാണ് ജയിൽ ചാടാനായി ഉപയോഗിച്ചിരുന്നത്. ശാരീരികമായും ജയിൽ ചാടുന്നതിനായി ഗോവിന്ദച്ചാമി തയ്യാറെടുപ്പുകൾ നടത്തി. ഭാരം കുറയ്ക്കുന്നതിനായി ചപ്പാത്തി മാത്രമാണ് കുറച്ചു ദിവസങ്ങളായി കഴിച്ചിരുന്നത്. ഇതിനുവേണ്ടി പ്രത്യേക അനുമതിയും വാങ്ങിയിരുന്നു. ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ കൂട്ടിക്കെട്ടി കയറുണ്ടാക്കി അത് ഉപയോഗിച്ചാണ് ഏഴര മീറ്റർ ഉയരമുള്ള മതിൽ ചാടിയത്.
സെന്‍ട്രല്‍ ജയിലിൽനിന്ന് തടവുചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റുന്നത്. കനത്ത സുരക്ഷയിൽ തന്നെയാണ് വിയ്യൂരിലേക്ക് കൊണ്ടുപോകുന്നത്. കണ്ണൂർ അതിസുരക്ഷാ ജയിലില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നതിനിടെ രണ്ടു കിലോമീറ്റര്‍ അകലെ കിണറ്റില്‍നിന്ന് ഗോവിന്ദച്ചാമിയെ പിടികൂടുകയായിരുന്നു.
July 26, 2025 8:05 AM IST
‘ബലാത്സംഗം മാത്രമാണ് ചെയ്തത്, ഒരു തവണ പോലും പരോൾ തന്നില്ല’; ജയിൽച്ചാട്ടത്തിന് ഗോവിന്ദച്ചാമി പറയുന്ന കാരണം